Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024:കോലിക്കെന്താ കൊമ്പുണ്ടോ? സ്‌ട്രൈക്ക് റേറ്റ് മോശമായാല്‍ വിമര്‍ശിക്കും! ഗവാസ്‌കര്‍ കലിപ്പില്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ശക്തമായ പ്രകടനം നടത്തി തിരിച്ചുവരവ് പ്രതീക്ഷ നല്‍കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. അവസാന മൂന്ന് മത്സരവും ജയിച്ച ആര്‍സിബി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുണ്ട്. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നാല് വിക്കറ്റിനാണ് ആര്‍സിബി ജയിച്ചത്. അതും 28 പന്തുകള്‍ ബാക്കിയാക്കി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 147ല്‍ ഒതുങ്ങുകയായിരുന്നു.

ആര്‍സിബി കരുത്തുകാട്ടിയ മത്സരത്തില്‍ വിരാട് കോലി 27 പന്തില്‍ 42 റണ്‍സാണ് നേടിയത്. 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 155.55 സ്‌ട്രൈക്ക് റേറ്റിലാണ് കോലിയുടെ പ്രകടനം. സീസണില്‍ ഗംഭീര ബാറ്റിങ് പ്രകടനമാണ് കോലി കാഴ്ചവെക്കുന്നതെങ്കിലും സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശനം നേരിടുകയാണ്. പല പ്രമുഖരും കോലിയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെ വിമര്‍ശിച്ചിരുന്നു. കമന്റേറ്ററായ സുനില്‍ ഗവാസ്‌ക്കറും കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെ ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ തന്റെ സ്‌ട്രൈക്ക് റേറ്റിനെ വിമര്‍ശിച്ചവരെയെല്ലാം പരിഹസിച്ചാണ് കഴിഞ്ഞ ദിവസം കോലി സംസാരിച്ചത്. ഇപ്പോഴിതാ കോലിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവാസ്‌കര്‍. 'കമന്റേറ്റര്‍മാര്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെ ചോദ്യം ചെയ്യുന്നത് 118ല്‍ താഴെ സ്‌ട്രൈക്ക് റേറ്റ് എത്തുമ്പോഴാണ്. എല്ലാ മത്സരങ്ങളും ശ്രദ്ധിക്കാനാവാത്തതിനാല്‍ മറ്റ് കമന്റേറ്റര്‍മാര്‍ മറ്റേതെങ്കിലും തരത്തില്‍ വിമര്‍ശിച്ചിട്ടുണ്ടോയെന്ന് എനിക്കറിയില്ല.

14, 15 ഓവര്‍ വരെ ബാറ്റ് ചെയ്തിട്ടും 118ന് താഴെയാണ് സ്‌ട്രൈക്ക് റേറ്റ്. അപ്പോള്‍ വിമര്‍ശിക്കപ്പെടുക സ്വാഭാവികമാണ്. പല താരങ്ങളും പറയുന്നത് തങ്ങള്‍ പുറത്തുള്ളവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നതാണ്. എന്നാല്‍ പിന്നെ പുറത്തുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയരുത്. കമന്റേറ്റര്‍മാരെന്ന നിലയില്‍ പ്രത്യേക അജണ്ടയില്ല. എന്താണോ കാണുന്നത് അതാണ് പറയുന്നത്. വ്യക്തിപരമായ ഇഷ്ടമോ അനിഷ്ടമോ വിമര്‍ശനത്തെ സ്വാധീനിക്കില്ല.

virat kohli

സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പറയുക തന്നെ ചെയ്യും' ഗവാസ്‌കര്‍ പറഞ്ഞു. ഓപ്പണറായാണ് കോലി ബാറ്റ് ചെയ്യാനിറങ്ങുന്നത്. ഒരുവശത്ത് ഫഫ് ഡുപ്ലെസിസ് അടിച്ച് കളിക്കുമ്പോള്‍ മറുവശത്തെ കോലിയുടെ ബാറ്റിങ്ങിന് ഒച്ചിഴയും വേഗതയാണുള്ളത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ പവര്‍പ്ലേയില്‍ പോലും അദ്ദേഹത്തിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കോലിക്കെതിരേ വിമര്‍ശനം ഉയരാറുണ്ട്. എന്നാല്‍ സൂപ്പര്‍ താരമെന്ന നിലയില്‍ കോലി ഇതൊന്നും കേട്ട ഭാവം നടക്കുന്നില്ല.

കോലിയെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെതിരേയും വിമര്‍ശനങ്ങളുണ്ടായിരുന്നു. കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചപ്പോള്‍ നായകന്‍ രോഹിത് ശര്‍മ ചിരിക്കുകയാണ് ചെയ്തത്. കോലിക്ക് ഇന്ത്യന്‍ ടീമില്‍ ആംഗര്‍ റോളാണുള്ളത്. അതുകൊണ്ടുതന്നെ സ്‌ട്രൈക്ക് റേറ്റ് വലിയ ചര്‍ച്ചാ വിഷയമല്ല. എന്നാല്‍ ഐപിഎല്ലില്‍ കോലി മെല്ലപ്പോക്ക് നടത്തുന്നത് ടീമിന്റെ തോല്‍വിക്ക് കാരണമാവുമ്പോള്‍ വിമര്‍ശനം ഉയരുന്നത് സ്വാഭാവികമാണ്.

നിലവില്‍ 17ാം സീസണിലെ റണ്‍വേട്ടക്കാരില്‍ കോലിയാണ് തലപ്പത്ത്. 11 മത്സരത്തില്‍ നിന്ന് 542 റണ്‍സാണ് കോലി നേടിയത്. 67ന് മുകളില്‍ ശരാശരിയുണ്ടെങ്കിലും സ്‌ട്രൈക്ക് റേറ്റ് 148 മാത്രമാണ്. ഓപ്പണറായി പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യുന്ന താരമെന്ന നിലയില്‍ കോലിക്ക് ഇതിലും മികച്ച സ്‌ട്രൈക്ക് റേറ്റ് വേണ്ടതാണ്. എന്നാല്‍ കോലി പിടിച്ചുനിന്ന് കളിക്കേണ്ടത് ടീമിന് അത്യാവശ്യമായതിനാല്‍ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവില്ല.

കോലിക്കെതിരേ ഇതിന് മുമ്പും പല തവണ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളയാളാണ് ഗവാസ്‌കര്‍. അനുഷ്‌കയെ അപമാനിക്കുന്ന തരത്തില്‍ കോലിയെ ചേര്‍ത്ത് പരാമര്‍ശങ്ങള്‍ നടത്തി ഗവാസ്‌കര്‍ വിവാദത്തിലായിട്ടുണ്ട്. എന്തായാലും ഗവാസ്‌ക്കറുടെ വിമര്‍ശനം കോലി ആരാധകര്‍ക്ക് അത്ര ദഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഗവാസ്‌ക്കര്‍ക്കെതിരേ ആരോപണങ്ങളുമായി കോലി ആരാധകര്‍ സജീവമാണ്.

Story first published: Sunday, May 5, 2024, 13:37 [IST]
Other articles published on May 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+