ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 18ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റുചെയ്ത സിഎസ്‌കെ 5 വിക്കറ്റിന് 165 റണ്‍സടിച്ചപ്പോള്‍ 11 പന്തും 6 വിക്കറ്റും ബാക്കിയാക്കി ഹൈദരാബാദ് ജയിക്കുകയായിരുന്നു. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും എയ്ഡന്‍ മാര്‍ക്രത്തിന്റെ (50) ഫിഫ്റ്റിയുമാണ് ഹൈദരാബാദിനെ തട്ടകത്തില്‍ വിജയത്തിലേക്കെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സുള്ളപ്പോള്‍ സൂപ്പര്‍ ഓപ്പണര്‍ രചിന്‍ രവീന്ദ്രയെ സിഎസ്‌കെയ്ക്ക് നഷ്ടമായി. 9 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 12 റണ്‍സ് നേടിയ രചിനെ ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്. നായകസ്ഥാനം ലഭിച്ച ശേഷം റുതുരാജ് ഗെയ്ക് വാദിന് പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ഉയരാനാവുന്നില്ല. 21 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 26 റണ്‍സാണ് റുതുരാജിന് നേടാനായത്.
ഷഹബാസ് അഹമ്മദിന്റെ പന്തില്‍ അബ്ദുല്‍ സമദിന് ക്യാച്ച് നല്‍കിയാണ് റുതുരാജ് പുറത്തായത്. 123.80 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ പ്രകടനം. മൂന്നാം വിക്കറ്റില്‍ അജിന്‍ക്യ രഹാനെയും ശിവം ദുബെയും ചേര്‍ന്ന് പതിയെ റണ്‍സുയര്‍ത്തി. 24 പന്തില്‍ 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 45 റണ്‍സാണ് ദുബെ നേടിയത്. 187.50 സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സുയര്‍ത്തിയ ദുബെയെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. അജിന്‍ക്യ രഹാനെക്ക് പ്രതീക്ഷിച്ച വേഗത്തില്‍ റണ്‍സുയര്‍ത്താനായില്ല.
30 പന്തില്‍ 35 റണ്‍സാണ് രഹാനെ നേടിയത്. 2 ഫോറും 1 സിക്‌സുമാണ് രഹാനെക്ക് നേടാനായത്. ഡാരില്‍ മിച്ചല്‍ മധ്യനിരയില്‍ വീണ്ടും നിരാശപ്പെടുത്തി 11 പന്തില്‍ 13 റണ്‍സാണ് മിച്ചലിന് നേടാനായത്. 1 ബൗണ്ടറിയാണ് താരം ആകെ നേടാനായത്. 118.18 സ്‌ട്രൈക്ക് റേറ്റിലാണ് മിച്ചല്‍ കളിച്ചത്. ടി നടരാജന്റെ പന്തില്‍ അബ്ദുല്‍ സമദിന്റെ ക്യാച്ചിലാണ് മിച്ചലിന്റെ മടക്കം. ഡെത്തോവറില്‍ സിഎസ്‌കെയുടെ റണ്‍റേറ്റ് ഇഴഞ്ഞു. രവീന്ദ്ര ജഡേജ 23 പന്തില്‍ 4 ബൗണ്ടറി ഉള്‍പ്പെടെ 31 റണ്‍സോടെ പുറത്താവാതെ നിന്നു.
ധോണി 2 പന്തില്‍ 1 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു. ഇതോടെ 20 ഓവറില്‍ 5 വിക്കറ്റിന് 165 റണ്‍സെന്ന ശരാശരി സ്‌കോറിലേക്ക് സിഎസ്‌കെ ഒതുങ്ങി. ഡെത്തോവറില്‍ മികച്ച പ്രകടനം നടത്തിയ ഹൈദരാബാദ് ബൗളര്‍മാര്‍ കൈയടി അര്‍ഹിക്കുന്നു. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, പാറ്റ് കമ്മിന്‍സ്, ഷഹബാസ് അഹമ്മദ്, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഹൈദരാബാദിനെ തുടക്കത്തിലേ ഞെട്ടിക്കാന്‍ സിഎസ്‌കെയ്ക്ക് അവസരം ലഭിച്ചു. ട്രാവിസ് ഹെഡിനെ ദീപക് ചഹാര്‍ സ്ലിപ്പില്‍ മോയിന്‍ അലിയുടെ കൈയിലെത്തിച്ചെങ്കിലും താരം അവസരം നഷ്ടപ്പെടുത്തി. ഇതോടെ ഒന്നാം വിക്കറ്റില്‍ 46 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഹൈദരാബാദിനായി. മായങ്ക് അഗര്‍വാളിനെ ഹൈദരാബാദ് പുറത്തിരുത്തിയപ്പോള്‍ അഭിഷേക് ശര്‍മ ട്രാവിസ് ഹെഡിനൊപ്പം ഓപ്പണിങ്ങിലേക്കെത്തി.
തല്ലിത്തകര്‍ത്ത താരം 12 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 37 റണ്‍സാണ് നേടിയത്. മുകേഷ് ചൗധരി എറിഞ്ഞ രണ്ടാം ഓവറില്‍ 27 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. അപകടകാരിയായ താരം മാറവെ ദീപക് ചഹാര്‍ അഭിഷേകിനെ പൂട്ടി. ഒരു ലൈഫ് ലഭിച്ചത് മുതലാക്കിയ ഹെഡ് 24 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 31 റണ്‍സാണ് നേടിയത്. മഹേഷ് തീക്ഷണയുടെ പന്തില്‍ രവീന്ദ്ര ജഡേജക്ക് ക്യാച്ച് നല്‍കിയാണ് ഹെഡ് പുറത്തായത്.
മൂന്നാം വിക്കറ്റില്‍ ഷഹബാസ് അഹമ്മദിനെ കൂട്ടുപിടിച്ച് എയ്ഡന്‍ മാര്‍ക്രം റണ്‍സുയര്‍ത്തി. 36 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 50 റണ്‍സ് നേടിയ മാര്‍ക്രത്തെ മോയിന്‍ അലി എല്‍ബിയില്‍ കുടുക്കി. മാര്‍ക്രം മടങ്ങുമ്പോള്‍ 14 ഓവറില്‍ 3 വിക്കറ്റിന് 132 എന്ന ശക്തമായ നിലയിലായിരുന്നു ഹൈദരാബാദ്. ഷഹബാസ് 19 പന്തില്‍ 1 സിക്‌സറടക്കം 18 റണ്‍സ് നേടി മടങ്ങി. മോയിന്‍ അലി ഷഹബാസിനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.
എന്നാല്‍ ഹെന്‍ റിച്ച് ക്ലാസനും (10*) നിതീഷ് കുമാര്‍ റെഡ്ഡിയും (14*) ചേര്‍ന്ന് ഹൈദരാബാദിനെ ജയത്തിലേക്കെത്തിക്കുകയായിരുന്നു. ക്ലാസന്‍ 11 പന്ത് നേരിട്ട് 1 ബൗണ്ടറി നേടിയപ്പോള്‍ നിതീഷ് 8 പന്തില്‍ 1 ഫോറും സിക്‌സും പറത്തി.
പ്ലേയിങ് 11: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ റിച്ച് ക്ലാസന്‍ (wc), അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (c), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡെ, നിതീഷ് കുമാര്‍ റെഡ്ഡി, ജയദേവ് ഉനദ്ഘട്ട്, ടി നടരാജന്‍
സിഎസ്‌കെ-റുതുരാജന്‍ ഗെയ്ക് വാദ് (c), രചിന്‍ രവീന്ദ്ര, അജിന്‍ക്യ രഹാനെ, മോയിന്‍ അലി, ഡാരില്‍ മിച്ചല്‍, ശിവം ദുബെസ രവീന്ദ്ര ജഡേജ, എംഎസ് ധോണി (wc), ദീപക് ചഹാര്‍, തുഷാര്‍ ദെശപാണ്ഡെ, മഹേഷ് തീക്ഷണ