ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ പ്ലേ ഓഫിലേക്ക് ജയത്തോടെ പ്രവേശിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാന ലീഗ് മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് പ്ലേ ഓഫിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 5 വിക്കറ്റിന് 214 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് 5 പന്തും 4 വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബിനായി പ്രഭ്‌സിംറാന്‍ സിങ്ങും അധര്‍വ ടെയ്‌ഡെയും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഹൈദരാബാദിലെ ബാറ്റിങ് പിച്ചില്‍ മികച്ച തുടക്കം തന്നെ പഞ്ചാബിന് ലഭിച്ചു. ഒന്നാം വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. 11 റണ്‍റേറ്റില്‍ കൂട്ടുകെട്ട് മുന്നേറവെ ടി നടരാജന്‍ ഹൈദരാബാദിന്റെ രക്ഷകനായി. 27 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 46 റണ്‍സ് നേടിയ അധര്‍വിനെ സന്‍വീര്‍ സിങ്ങാണ് ക്യാച്ചിലൂടെ മടക്കിയത്.
രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന പ്രഭ്‌സിംറാനും റില്ലി റൂസോയും ചേര്‍ന്ന് അതിവേഗം റണ്‍സുയര്‍ത്തുന്നത് തുടര്‍ന്നു. 54 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം പ്രഭ്‌സിംറാന്‍ മടങ്ങി. വിജയകാന്ത് വിയാസ്‌കാന്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് പ്രഭ്‌സിംറാന്‍ മടങ്ങിയത്. 45 പന്ത് നേരിട്ട് 7 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 71 റണ്‍സാണ് പ്രഭ്‌സിംറാന്‍ നേടിയത്. ശശാങ്ക് സിങ് (2) റണ്ണൗട്ടായി മടങ്ങി.
രണ്ടാം റണ്‍സിന് അനാവശ്യമായി ശ്രമിച്ച് ശശാങ്ക് വിക്കറ്റ് തുലക്കുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായി പഞ്ചാബിന് വിക്കറ്റ് നഷ്ടമായതോടെ റണ്‍റേറ്റ് താഴോട്ടെത്തി. 24 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 49 റണ്‍സ് നേടിയ റില്ലി റൂസോയെ കമ്മിന്‍സ് പുറത്താക്കി. ഈ സീസണിലെ പഞ്ചാബിന്റെ കണ്ടെത്തലായ അഷുതോഷ് ശര്‍മക്ക് (2) ഒന്നും ചെയ്യാനായില്ല. ടി നടരാജനാണ് അഷുതോഷിനെ പുറത്താക്കിയത്. നായകന്‍ ജിതേഷ് ശര്‍മ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു.
15 പന്ത് നേരിട്ട് 2 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 32 റണ്‍സോടെ ജിതേഷ് പുറത്താവാതെ നിന്നു. ശിവം സിങ്ങും (2*) ക്രീസില്‍ തുടര്‍ന്നു. ഇതോടെ 5 വിക്കറ്റിന് 214 എന്ന മികച്ച സ്‌കോറിലേക്കെത്താന്‍ പഞ്ചാബിന് സാധിച്ചു. ഹൈദരാബാദിനായി ടി നടരാജന്‍ രണ്ടും പാറ്റ് കമ്മിന്‍സും വിജയകാന്ത് വിയാസ്‌കാന്തും ഓരോ വിക്കറ്റും പങ്കിട്ടു. മറുപടിക്കിറങ്ങിയ ഹൈദരാബാദിന് ആദ്യ പന്തില്‍ത്തന്നെ ട്രാവിസ് ഹെഡിനെ നഷ്ടമായി. അര്‍ഷ്ദീപ് സിങ് ഹെഡിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് ഹൈദരാബാദിന് അടിത്തറ പാകി. 72 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ത്രിപാഠിയെ ഹര്‍ഷല്‍ പട്ടേല്‍ മടക്കി. 18 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 33 റണ്‍സാണ് ത്രിപാഠി നേടിയത്. ഒരുവശത്ത് അഭിഷേക് അനായാസം റണ്‍സുയര്‍ത്തി. 21 പന്തില്‍ അഭിഷേക് ഫിഫ്റ്റി നേടി. 28 പന്തില്‍ 5 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 66 റണ്‍സ് നേടിയ അഭിഷേകിനെ ശശാങ്ക് സിങ് പുറത്താക്കി.
നിതീഷ് കുമാര്‍ 25 പന്തില്‍ 1 ഫോറും 3 സിക്‌സുമടക്കം 37 റണ്‍സെടുത്ത് മടങ്ങി. ഹര്‍ഷല്‍ പട്ടേലിനാണ് വിക്കറ്റ്. അര്‍ഷ്ദീപിന്റെ പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍ ഷഹബാസ് അഹമ്മദിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി. എന്നാല്‍ പിന്നീട് ഷഹബാസിനെ (3) അര്‍ഷ്ദീപ് തന്നെ പുറത്താക്കി. 26 പന്തില്‍ 3 ഫോറും 2 സിക്‌സുമടക്കം 42 റണ്‍സെടുത്ത ഹെന്‍ റിച്ച് ക്ലാസനെ ഹര്‍പ്രീത് ബ്രാന്‍ ക്ലീന്‍ബൗള്‍ഡാക്കി. അബ്ദുല്‍ സമദും (11) സന്‍വീര്‍ സിങ്ങും (6*) പുറത്താവാതെ നിന്നതോടെ ഹൈദരാബാദ് അനായാസം ജയം നേടി.
പ്ലേയിങ് 11- ഹൈദരാബാദ്- അഭിഷേക് ശര്‍മ, നിധീഷ് റെഡ്ഡി, രാഹുല്‍ ത്രിപാഠി, ഹെന്‍ റിച്ച് ക്ലാസന്‍ (wc), അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, സന്‍വീര്‍ സിങ്, പാറ്റ് കമ്മിന്‍സ് (c), ഭുവനേശ്വര്‍ കുമാര്‍, വിജയകാന്ത് വിയാസ്‌കാന്ത്, ടി നടരാജന്‍
പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിംറാന്‍ സിങ്, അധര്‍വ ടെയ്‌ഡെ, റില്ലി റൂസോ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (wc,c), അഷുതോഷ് ശര്‍മ, ശിവം സിങ്, ഹര്‍പ്രീത് ബ്രാര്‍, റിഷി ധവാന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍