IPL 2024: ജയ്‌സ്വാള്‍ എത്ര റണ്‍സ് നേടും? ഇതില്‍ കുറയില്ല- ആകാശ് ചോപ്ര പ്രവചിക്കുന്നു
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ സിഎസ്‌കെ-ആര്‍സിബി സൂപ്പര്‍ പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. 17ാം സീസണിന് ശേഷം മെഗാ താരലേലം നടക്കുന്നതിനാല്‍ ഇത്തവണത്തെ സീസണെ എല്ലാവരും വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ വരുന്ന ഐപിഎല്‍ സീസണ്‍ യുവതാരങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്.
എല്ലാവരും ഉറ്റുനോക്കുന്ന ചില യുവതാരങ്ങള്‍ ഇത്തവണത്തെ ഐപിഎല്ലിലുണ്ട്. അതിലെ പ്രധാനിയാണ് യശ്വസി ജയ്‌സ്വാള്‍. ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണര്‍ സമീപകാലത്തായി ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തുകയാണ്. ഇത്തവണത്തെ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്താന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍. രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടായ ജയ്‌സ്വാള്‍ വരുന്ന സീസണില്‍ എത്ര റണ്‍സ് നേടും? ഇപ്പോഴിതാ ആകാശ് ചോപ്രയുടെ പ്രവചനം വൈറലായിരിക്കുകയാണ്.
'ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് രാജസ്ഥാന്‍ റോയല്‍സിന്റേത് ആയിരിക്കുമെന്നാണ് കരുതുന്നത്. യശ്വസി ജയ്‌സ്വാളും ജോസ് ബട്‌ലറും അസാമാന്യ പ്രതിഭയുള്ള താരങ്ങളാണ്. ഒന്നാം നമ്പര്‍ ഓപ്പണിങ് കൂട്ടുകെട്ടായി ഇവരെ വിശേഷിപ്പിക്കാം. ജയ്‌സ്വാളിന്റെ നിലവിലെ ഫോം ഗംഭീരമാണ്. 600ലധികം റണ്‍സ് ജയ്‌സ്വാള്‍ നേടാന്‍ സാധ്യതയുണ്ട്. നിലവിലെ ഫോം ജയ്‌സ്വാളിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.
നിലവിലെ ഫോമില്‍ ജയ്‌സ്വാളിന്റെ പ്രകടനം മറ്റൊരു തലത്തിലാവും. അവസാന സീസണുകളെക്കാള്‍ പക്വതയോടെ കളിക്കാന്‍ ഇത്തവണ അദ്ദേഹത്തിന് സാധിച്ചേക്കും. അവസാന സീസണ്‍ ബട്‌ലര്‍ക്ക് അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ദക്ഷിണാഫ്രിക്ക20 ലീഗില്‍ അവന്‍ കസറിയിരുന്നു' ആകാശ് ചോപ്ര പറഞ്ഞു. ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ ഭയമില്ലാതെ കളിക്കുന്നവനാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാന്‍ ജയ്‌സ്വാള്‍ ധൈര്യം കാട്ടുന്നു.

അവസാന ഐപിഎല്ലില്‍ ജയ്‌സ്വാള്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 14 മത്സരത്തില്‍ നിന്ന് 625 റണ്‍സാണ് താരം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയും ഉള്‍പ്പെടും. അതേ സമയം 14 മത്സരത്തില്‍ നിന്ന് 392 റണ്‍സാണ് ബട്‌ലറുടെ സമ്പാദ്യം. ഇത്തവണ ബട്‌ലറും ജയ്‌സ്വാളും ഫോമിലേക്കെത്തേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അവസാന സീസണില്‍ അഞ്ചാം സ്ഥാനക്കാരായിരുന്നു രാജസ്ഥാന്‍.
അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ എന്ത് വിലകൊടുത്തും ടീമിന് പ്ലേ ഓഫിലേക്കെത്തേണ്ടതായുണ്ട്. നായകനെന്ന നിലയില്‍ സഞ്ജു സാംസണും വരുന്ന സീസണ്‍ നിര്‍ണ്ണായകമാണ്. ടീം ഫ്‌ളോപ്പായാല്‍ രാജസ്ഥാന്റെ നായകസ്ഥാനത്ത് നിന്ന് സഞ്ജു സാംസണെ മാറ്റാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ കരുതിയിരിക്കേണ്ട മറ്റൊരു ഓപ്പണിങ് കൂട്ടുകെട്ട് സിഎസ്‌കെയുടേതാണെന്നാണ് ആകാശ് പറയുന്നത്.
'സ്ഥിരതയുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേത്. ഡെവോണ്‍ കോണ്‍വേയും റുതുരാജ് ഗെയ്ക് വാദും സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ്. കോണ്‍വേയുടെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. പരിക്കിന്റെ പിടിയിലാണെങ്കിലും അവന് വരുന്ന സീസണ്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റുതുരാജ് കഴിഞ്ഞ ഐപിഎല്ലിന് ശേഷം അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല. എങ്കിലും അവനില്‍ നിന്ന് സ്ഥിരതയോടെയുള്ള പ്രകടനങ്ങള്‍ പ്രതീക്ഷിക്കാം' ആകാശ് കൂട്ടിച്ചേര്‍ത്തു.
മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിങ് നിരയില്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനുമാണുള്ളത്. ഇത്തവണ നായകസ്ഥാനമില്ലാതെയാണ് രോഹിത് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ഹിറ്റ്മാന്റെ കടന്നാക്രമണം പ്രതീക്ഷിക്കാം. ഇഷാന്‍ വാര്‍ഷിക കരാറില്‍ നിന്നടക്കം പുറത്താണ്. ഇത് താരത്തിന്റെ പ്രകടനത്തെ ബാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ആര്‍സിബിയും ഓപ്പണിങ്ങില്‍ മോശമല്ല. ഫഫ് ഡുപ്ലെസിസും വിരാട് കോലിയും ലോക ക്രിക്കറ്റിലെ ക്ലാസിക് താരങ്ങളാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications