മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ പോവുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യത്തെ 21 മത്സരങ്ങള്‍ക്കായുള്ള ഷെഡ്യൂള്‍ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാനുള്ളതിനാല്‍ ഇത്തവണത്തെ സീസണ്‍ എല്ലാ ടീമുകള്‍ക്കും വളരെ നിര്‍ണ്ണായകമാണ്. മിനി താരലേലത്തില്‍ പല റെക്കോഡ് കൈമാറ്റങ്ങളും ഇത്തവണ കണ്ടു.
ഞെട്ടിക്കുന്ന കൂടുമാറ്റങ്ങളും 17ാം സീസണിന് മുന്നോടിയായി നടന്നു. ഇത്തവണ പല ടീമിന്റേയും നായകന്മാരും മാറിയിട്ടുണ്ട്. ഇതില്‍ ഇത്തവണ തുടക്കം പാളിയാല്‍ ചില ടീമുകളുടെ നായകന്മാരെ പാതിവഴിയില്‍ പുറത്താക്കിയേക്കും. ഇത്തരത്തില്‍ ടീമിന്റെ പ്രകടനം മോശമായാല്‍ പാതിവഴിയില്‍ സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതരാവുന്ന നായകന്മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ നായകന്‍ ശിഖര്‍ ധവാനാണ്.
നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ധവാന്‍. 2022ലാണ് പഞ്ചാബിന്റെ നായകസ്ഥാനത്തേക്ക് ധവാനെത്തുന്നത്. രണ്ട് സീസണ്‍ ധവാന് കീഴില്‍ കളിച്ചെങ്കിലും പഞ്ചാബ് പ്ലേ ഓഫിലേക്കെത്തിയില്ല. ധവാന്റെ പ്രകടനം ഭേദപ്പെട്ടതായിരുന്നെങ്കിലും ടീമിന് പ്ലേ ഓഫിലേക്കുയരാനായില്ല. 16 സീസണ്‍ കളിച്ച പഞ്ചാബ് 2 തവണയാണ് ആകെ പ്ലേ ഓഫില്‍ കടന്നത്. 2014ലാണ് അവസാനമായി പ്ലേ ഓഫിലേക്കെത്താനായത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സീസണ്‍ നിര്‍ണ്ണായകമാണ്.
ഇന്ത്യന്‍ ടീമിന് പുറത്തുള്ള ധവാന് വലിയ ആരാധക പിന്തുണയുമില്ല. ഈ സാഹചര്യത്തില്‍ ഇത്തവണ പഞ്ചാബിന്റെ തുടക്കം പാളിയാല്‍ ധവാനെ ടീം നായകസ്ഥാനത്ത് നിന്ന് പുറത്താക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ പഞ്ചാബ് ആരെ പരിഗണിക്കുമെന്നത് വലിയ ചോദ്യമാണ്. ലിയാം ലിവിങ്‌സ്റ്റണും ജോണി ബെയര്‍സ്‌റ്റോയും സാം കറെനുമാണ് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങള്‍. ഇവരില്‍ ആരെയെങ്കിലും പഞ്ചാബ് പരിഗണിക്കാനാണ് സാധ്യത.

രണ്ടാമത്തെ ടീം രാജസ്ഥാന്‍ റോയല്‍സാണ്. സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. സഞ്ജുവിന് കീഴില്‍ ഫൈനല്‍ കളിക്കാന്‍ രാജസ്ഥാനായിട്ടുണ്ട്. എന്നാല്‍ പിന്നീടൊരു പ്ലേ ഓഫ് കാണാനായിട്ടില്ല. ഈ സാഹചര്യത്തില്‍ സഞ്ജുവിന് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. തുടക്കം പാളിയാല്‍ രാജസ്ഥാന്‍ സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചേക്കും.
ജോസ് ബ്ടലര്‍ ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകനാണ്. ഈ സാഹചര്യത്തില്‍ രാജസ്ഥാന്‍ സഞ്ജുവിനെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ സഞ്ജുവിന്റെ ആരാധക പിന്തുണയാണ് രാജസ്ഥാന്റെ കരുത്ത്. സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാജസ്ഥാന്റെ ആരാധക പിന്തുണയില്‍ വലിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ക്കും പണികിട്ടിയേക്കും. ശ്രേയസിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. നായകനെന്ന നിലയില്‍ അവസാന സീസണില്‍ കാര്യമായ പ്രകടനം നടത്താന്‍ ശ്രേയസിന് സാധിച്ചിട്ടില്ല. ഇത്തവണ ഗൗതം ഗംഭീര്‍ കെകെആറിന്റെ ഉപദേഷ്ടാവായിട്ടുണ്ട്. അതുകൊണ്ടുതന്നെ ടീമില്‍ വലിയ ഉടച്ചുവാര്‍ക്കല്‍ പ്രതീക്ഷിക്കാം. ശ്രേയസിന്റെ കീഴില്‍ കെകെആറിന്റെ തുടക്കം പാളിയാല്‍ പാതിവഴിയില്‍ ക്യാപ്റ്റന്‍സി തെറിച്ചേക്കാം.
നിധീഷ് റാണ, ആന്ദ്രേ റസല്‍ എന്നിവരിലൊരാളെ പരിഗണിക്കാനും സാധ്യതയുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇത്തരമൊരു നീക്കത്തിന് തയ്യാറായേക്കും. ഹൈദരാബാദിന്റെ നിലവിലെ നായകന്‍ എയ്ഡന്‍ മാര്‍ക്രമാണ്. അവസാന സീസണില്‍ മാര്‍ക്രത്തിന് കീഴില്‍ ഹൈദരാബാദ് നിരാശപ്പെടുത്തിയിരുന്നു. ഇത്തവണയും തുടക്കം പാളിയാല്‍ മാര്‍ക്രത്തെ പുറത്താക്കി പാറ്റ് കമ്മിന്‍സിനെ നായകനാക്കാനുള്ള സാധ്യതയുണ്ട്. ഇത്തവണ ശക്തമായ താരനിരയോടെയാണ് ഹൈദരാബാദ് എത്തുന്നത്. മാര്‍ക്രത്തിന് കാര്യങ്ങള്‍ എളുപ്പമല്ലെന്നുറപ്പ്.