മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം 19ന് ദുബായില്‍ നടക്കാന്‍ പോവുകയാണ്. ഇതിനോടകം ഒഴിവാക്കിയ താരങ്ങളുടേയും നിലനിര്‍ത്തിയ താരങ്ങളുടേയും പട്ടിക ടീമുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇനി ലേലം മുന്നില്‍ക്കണ്ടുള്ള പടയൊരുക്കത്തിന്റെ സമയമാണ്. ഇത്തവണ മിനി താരലേലമാണ് നടക്കുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഒട്ടുമിക്ക പ്രമുഖ താരങ്ങളും ഇത്തവണത്തെ ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്.
അവസാന ഐപിഎല്ലില്‍ വിട്ടുനിന്ന പല വിദേശ താരങ്ങളും ഇത്തവണ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തവണ ചില അപ്രതീക്ഷിത താരങ്ങളും ഒഴിവാക്കപ്പെട്ട താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട താരങ്ങളില്‍ ചിലര്‍ ടി10 ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി കൈയടി നേടുകയാണ്. ഇത്തരത്തില്‍ കസറുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
ഒന്നാമത്തെ താരം ജിമ്മി നിഷാമാണ്. ന്യൂസീലന്‍ഡ് ഓള്‍റൗണ്ടറായ നിഷാം 2022ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു. 2023ല്‍ ആരും വാങ്ങാനില്ലാത്ത താരമായിരുന്നു നിഷാം. എന്നാല്‍ ഇത്തവണ താരത്തിനായി സൂപ്പര്‍ ടീമുകള്‍ രംഗത്തെത്തിയേക്കും. ടി10 ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് നിഷാം കാഴ്ചവെച്ചിരിക്കുന്നത്. അഞ്ച് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തിയ താരം ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്തി. 1.5 കോടിയാണ് താരത്തിന് ലേലത്തില്‍ അടിസ്ഥാന വില ലഭിച്ചിരിക്കുന്നത്.
എല്ലാ മത്സരങ്ങളിലും തിളങ്ങില്ലെന്നതാണ് നിഷാമിനെ ടീമുകള്‍ സ്വന്തമാക്കാന്‍ മടിക്കുന്നതിന്റെ കാരണം. ഫോമിലേക്കെത്തുന്ന മത്സരത്തില്‍ തകര്‍ത്തടിക്കാന്‍ അദ്ദേഹത്തിനാവും. എന്നാല്‍ നിര്‍ഭാഗ്യവാനായാ താരമാണ് നിഷാം. അദ്ദേഹം മികച്ച പ്രകടനം നടത്തിയ പല മത്സരങ്ങളിലും ടീം തോറ്റതായാണ് കാണാനാവുന്നത്. എങ്കിലും ഓള്‍റൗണ്ടര്‍മാരെ വേണ്ട ടീമുകള്‍ നിഷാമിനായി രംഗത്തെത്തുമെന്ന കാര്യം ഉറപ്പാണ്. അപ്രതീക്ഷിതമായി വലിയ പ്രതിഫലത്തിലേക്കും താരം ഉയര്‍ന്നേക്കും.

രണ്ടാമത്തെ താരം റോവ്മാന്‍ പവലാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം അവസാന രണ്ട് സീസണിലും റോവ്മാന്‍ പവലുണ്ടായിരുന്നു. വമ്പനടിക്കാരനായ ഫിനിഷറെ ഡല്‍ഹി വേണ്ടവിധം ഉപയോഗിച്ചില്ലെന്നതാണ് വസ്തുത. ഡല്‍ഹിക്കൊപ്പം തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും റോവ്മാന്‍ പവലിനെ ലേലത്തിന് മുമ്പ് ടീം കൈവിട്ടു. എന്നാല്‍ ടി10 ലീഗില്‍ ഡല്‍ഹി ബുള്‍സിന്റെ നായകനാണ് പവല്‍. 61 ശരാശരിയില്‍ 122 റണ്‍സാണ് താരം നേടിയത്. അതും 265ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍.
ഡല്‍ഹി ലേലത്തിലൂടെ പവലിനെ തിരിച്ചെത്തിക്കാന്‍ സാധ്യതയുണ്ട്. മറ്റ് പല ടീമുകളും പവലിനെ നോട്ടമിട്ടേക്കും. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുന്ന താരം ഫോമിലേക്കെത്തിയാല്‍ ബൗളര്‍മാരുടെ കണ്ണീര് വീഴ്ത്തുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ പല ടീമുകളും അദ്ദേഹത്തെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു. ലേലത്തില്‍ വലിയ പ്രതിഫലം നേടാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് പവലെന്ന് നിസംശയം പറയാം.
മൂന്നാമത്തെ താരം വെസ്റ്റ് ഇന്‍ഡീസിന്റെ പേസ് ഓള്‍റൗണ്ടറായ ജേസന്‍ ഹോള്‍ഡറാണ്. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു ഹോള്‍ഡര്‍. നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ താരം ബൗളിങ്ങിലും നിറം മങ്ങി. ഇതോടെ രാജസ്ഥാന്‍ ഹോള്‍ഡറെ കൈവിട്ടു. എന്നാല്‍ ടി10 ലീഗില്‍ ശ്രദ്ധേയ പ്രകടനമാണ് താരം നടത്തിയത്. നാല് മത്സരത്തില്‍ നിന്ന് 7 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 7.50 എന്ന ഇക്കോണമിയിലാണ് പ്രകടനം.
മികച്ച ഓള്‍റൗണ്ടറെന്ന് തന്നെ താരത്തെ വിശേഷിപ്പിക്കാം. അവസാന സീസണ്‍ മോശമായെങ്കിലും ഹോള്‍ഡര്‍ക്കായി സൂപ്പര്‍ ടീമുകള്‍ കാത്തിരിക്കുന്നു. ലേലത്തില്‍ ഹോള്‍ഡര്‍ വലിയ നേട്ടം സ്വന്തമാക്കാനാണ് സാധ്യത കൂടുതല്‍.