വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 16ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വമ്പന്‍ സ്‌കോറിലേക്കെത്തിയിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കെകെആറിനുവേണ്ടി ബാറ്റിങ് വെടിക്കെട്ടാണ് താരങ്ങള്‍ കാഴ്ചവെച്ചത്. പവര്‍പ്ലേയില്‍ 88 റണ്‍സ് അടിച്ചെടുത്ത കെകെആറിനായി സുനില്‍ നരെയ്ന്‍ ബാറ്റിങ് പൂരം കാഴ്ചവെച്ചപ്പോള്‍ 18 കാരനായ അന്‍ക്രിഷ് രഘുവന്‍ശഷിയും കസറി.
ഐപിഎല്ലില്‍ മറ്റാര്‍ക്കുമില്ലാത്ത റെക്കോഡാണ് താരം സ്വന്തം പേരിലാക്കിയത്. 200 സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് താരം സ്വന്തം പേരിലാക്കിയത്. വെങ്കടേഷ് അയ്യരെ തഴഞ്ഞ് മൂന്നാം നമ്പറില്‍ അന്‍ക്രിഷിനെ ഇറക്കിയ കെകെആറിന് തെറ്റിയില്ല. 27 പന്തില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 54 റണ്‍സ് നേടിയാണ് താരം കളവിട്ടത്. 200 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ബാറ്റിങ്. ഇതോടെയാണ് ചരിത്ര നേട്ടത്തിലേക്ക് താരമെത്തിയത്.

ഐപിഎല്ലില്‍ അര്‍ധ സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ ഏഴാമത്തെ താരമാണ് അന്‍ക്രിഷ്. 17 വയസും 175 ദിവസവും പ്രായം ഉള്ളപ്പോള്‍ ഫിഫ്റ്റി നേടിയ റിയാന്‍ പരാഗാണ് തലപ്പത്ത്. സഞ്ജു സാംസണ്‍, പൃഥ്വി ഷാ, റിഷഭ് പന്ത്, ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് അന്‍ക്രിഷിന് മുമ്പ് ഐപിഎല്ലില്‍ ഫിഫ്റ്റി നേടിയ പ്രായം കുറഞ്ഞ താരങ്ങള്‍. മികച്ച തുടക്കത്തെ നിലനിര്‍ത്തി ഗംഭീര സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച് യുവതാരം എല്ലാവരുടേയും കൈയടി നേടിയിരിക്കുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷ നല്‍കുന്ന താരമായി അന്‍ക്രിഷ് മാറാന്‍ സാധ്യതയുണ്ടെന്ന് പറയാം. രണ്ടാം വിക്കറ്റില്‍ സുനില്‍ നരെയ്‌നൊപ്പം 104 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരം സൃഷ്ടിച്ചത്. സുനില്‍ നരെയ്‌ന്റെ വെടിക്കെട്ടാണ് ഡല്‍ഹിയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചത്. ആര്‍സിബിക്കെതിരേ കസറിയ നരെയ്ന്‍ അതേ വെടിക്കെട്ടാണ് ഡല്‍ഹിക്കെതിരേയും കാഴ്ചവെച്ചത്. 39 പന്ത് നേരിട്ട് 7 ഫോറും അത്ര തന്നെ സിക്‌സും ഉള്‍പ്പെടെ 85 റണ്‍സാണ് നരെയ്ന്‍ അടിച്ചെടുത്തത്.
217.94 സ്‌ട്രൈക്ക് റേറ്റിലാണ് നരെയ്‌ന്റെ വെടിക്കെട്ട്. 15.2 ഓവറില്‍ ടീം സ്‌കോര്‍ 200ലേക്കെത്തിക്കാന്‍ കെകെആറിനായി. നരെയ്‌ന്റെ ഭയമില്ലാത്ത ബാറ്റിങ്ങാണ് കെകെആറിന് അടിത്തറ പാകിയത്. വരുന്ന മത്സരങ്ങളിലും ഇതേ ബാറ്റിങ് വെടിക്കെട്ട് നടത്താനാവുമോയെന്നത് കണ്ടറിയാം. ഇത്തവണ സംതുലിതമായ പ്രകടനത്തോടെ കെകെആര്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഈ സീസണില്‍ എല്ലാ എതിരാളികളേയും ഭയപ്പെടുത്തുന്ന നിരയായി കെകെആര്‍ മാറിയിട്ടുണ്ട്.
ഗൗതം ഗംഭീര്‍ ഉപദേഷ്ടാവായി എത്തിയത് കെകെആറിന്റെ ടീമിന്റെ പ്രകടനത്തെ മാറ്റി മറിക്കുന്നതില്‍ നിര്‍ണ്ണായ പങ്കുവഹിച്ചിട്ടുണ്ട്. ആന്‍ഡ്രേ റസലിന്റെ മിന്നും ഫോമിനും കാരണം ഗംഭീറാണെന്ന് പറയാം. അവസാന സീസണില്‍ റസലിന് തിളങ്ങാനായിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ ബാറ്റിങ് വെടിക്കെട്ടാണ് താരം കാഴ്ചവെക്കുന്നത്. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ടീമിന് കരുത്താകാന്‍ റസലിന് സാധിക്കുന്നുണ്ട്.