മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ 31ന് ആരംഭിക്കാന്‍ പോവുകയാണ്. ഇതിന്റെ ഭാഗമായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. നാല് ദിവസം മാത്രം ശേഷിക്കെ തന്ത്രങ്ങളുടെ ആയുധപ്പുരയിലെ അവസാന ഘട്ട മൂര്‍ച്ചകുട്ടലുകള്‍ക്കൊടുവില്‍ ആര് ഇത്തവണ കിരീടം ചൂടുമെന്നത് കാത്തിരുന്ന് കാണണം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിടുന്നത്.

മിനിലേലത്തിനിനൊടുവില്‍ തങ്ങളുടെ പിഴവുകളെല്ലാം നികത്തിയാണ് ഇത്തവണ എല്ലാ ടീമുമെത്തുന്നത്. അതുകൊണ്ട് തന്നെ പോരാട്ടത്തിന്റെ വാശിയേറും. 16ാം സീസണില്‍ വലിയ പ്രകടനം നടത്തുമെന്ന് പ്രവചിക്കപ്പെടുന്ന താരങ്ങള്‍ ഏറെയാണ്. ഡെവാള്‍ഡ് ബ്രെവിസ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, ഹാരി ബ്രൂക്ക് ഇങ്ങനെ വലിയ പട്ടിക തന്നെ കാണാനാവും. എന്നാല്‍ ആരാധകരും ക്രിക്കറ്റ് നിരൂപകരുമൊന്നും വലിയ പ്രകടനം നടത്തുമെന്ന് പ്രവചിക്കാത്ത ചില താരങ്ങളുണ്ട്.
ഇത്തരത്തില്‍ പ്രവചനങ്ങളുടെയും പ്രതീക്ഷകളുടെയും ഭാരമില്ലാത്തവരും ഇത്തവണ എല്ലാവരെയും ഞെട്ടിക്കാന്‍ സാധ്യതയുള്ളവരുമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഇതില്‍ പ്രധാന താരങ്ങളിലൊരാള്‍ ദക്ഷിണാഫ്രിക്കക്കാരനായ ട്രിസ്റ്റന്‍ സ്റ്റംബ്‌സാണ്. യുവതാരം അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ്. ഡെവാള്‍ഡ് ബ്രെവിസ്, ടിം ഡേവിഡ് എന്നിവരിലൊരാള്‍ ഫ്‌ളോപ്പായാല്‍ സ്റ്റംബ്‌സിന് പ്ലേയിങ് 11ലേക്ക് വിളിയെത്താന്‍ സാധ്യത കൂടുതലാണ്.

22കാരനായ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മിടുക്കനാണ്. ഭയമില്ലാത്ത ബാറ്റ്‌സ്മാനെന്ന് സ്റ്റംബ്‌സിനെ വിളിക്കാം. ദക്ഷിണാഫ്രിക്കയ്ക്കായി 13 ടി20യില്‍ നിന്ന് 173 റണ്‍സാണ് നേടിയതെങ്കിലും സ്‌ട്രൈക്കറേറ്റ് 164.76 ആണ്. ഫിനിഷര്‍ റോളിലെത്തിയാല്‍ അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തി ഞെട്ടിക്കാന്‍ സ്റ്റംബ്‌സിനായേക്കും. രണ്ടാമത്തെ താരം മുംബൈ ഇന്ത്യന്‍സിന്റെ തന്നെ അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ്. ഇടം കൈയന്‍ പേസര്‍ ഇതുവരെ അരങ്ങേറിയിട്ടില്ല.
ഇത്തവണ മുംബൈ ഇന്ത്യന്‍സ് അര്‍ജുന് അവസരം നല്‍കിയേക്കും. ജസ്പ്രീത് ബുംറയുടെ പകരക്കാരനെ പ്രഖ്യാപിക്കാത്ത മുംബൈ അര്‍ജുന് ഇത്തവണ അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന പേരില്‍ മാത്രം ഒതുങ്ങേണ്ട താരമല്ല അര്‍ജുന്‍. ഇതിനോടകം രഞ്ജി ട്രോഫിയിലടക്കം അര്‍ജുന്‍ കരുത്തുകാട്ടിയിട്ടുണ്ട്. ഇത്തവണ എല്ലാവരെയും ഞെട്ടിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.
പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജിതേഷ് ശര്‍മ. ഇത്തവണ വമ്പന്‍ പ്രകടനം നടത്തി ഞെട്ടിക്കാന്‍ കഴിവുള്ള താരമാണ് ജിതേഷ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം ഫിനിഷര്‍ റോളില്‍ ശോഭിച്ചേക്കും. 29കാരനായ താരം 12 ഐപിഎല്ലില്‍ നിന്ന് 234 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 163.64 ആണ്. പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പറായി ജിതേഷ് ഇത്തവണയുമുണ്ടാവും. പഞ്ചാബ് നിരയില്‍ ഏറ്റവും കൈയടി നേടാന്‍ സാധ്യതയുള്ള താരം ജിതേഷാണ്.

കഴിഞ്ഞ സീസണിലെല്ലാം വലിയ പ്രാധാന്യം ലഭിച്ച താരമാണ് പഞ്ചാബ് കിങ്‌സിന്റെ ഷാരൂഖ് ഖാന്‍. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നപ്പോള്‍ എല്ലാവരും എഴുതിത്തള്ളിയവരുടെ കൂട്ടത്തിലാണ് ഷാരൂഖ്. എന്നാല്‍ ഇത്തവണ എല്ലാവരെയും ഞെട്ടിക്കാന്‍ സാധ്യതയുള്ളവനാണ് ഷാരൂഖ്. ഉയര്‍ന്ന കായിക ക്ഷമതയുള്ള താരം വലിയ ഷോട്ടുകള്‍ കളിക്കുന്ന താരമാണ്. ഫിനിഷറെന്ന നിലയില്‍ മികവ് കാട്ടാനും കഴിവുണ്ട്. ഇത്തവണ എല്ലാവരെയും വിറപ്പിക്കാന്‍ ഷാരൂഖിന് സാധിച്ചേക്കും.
ജോഷ്വാ ലിറ്റിലാണ് ഈ പട്ടികയിലേക്ക് പരിഗണിക്കാവുന്ന മറ്റൊരു താരം. ഐറിഷ് താരത്തെ ഗുജറാത്ത് ടൈറ്റന്‍സാണ് സ്വന്തമാക്കിയത്. അവസാന ടി20 ലോകകപ്പിലെ പ്രകടനമാണ് ജോഷ്വാ ലിറ്റിലിന് കരാര്‍ നേടിക്കൊടുത്തത്. പേസറായ താരം വലിയ ഇംപാക്ട് സൃഷ്ടിക്കുമെന്ന് കരുതുന്നവര്‍ കുറവാണ്. എന്നാല്‍ ഇത്തവണ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധ്യതയുള്ള വിദേശ പേസര്‍മാരിലൊരാളാണ് ജോഷ്വാ ലിറ്റില്‍. മികച്ച ലൈനും ലെങ്തുമുള്ള പേസറാണ് അദ്ദേഹം.