ഐപിഎല്ലില്‍ വിടവാങ്ങല്‍ സീസണിനു തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അസാധാരണ മികവുള്ള നായകനാണ് അദ്ദേഹമെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ മികവിലേക്കുയരാനുള്ള ശേഷിയുണ്ടെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

2008ലെ പ്രഥമ സീസണ്‍ മുതല്‍ ധോണി ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലുണ്ട്. രണ്ടു സീസണുകളില്‍ മാത്രമാണ് അദ്ദേഹം സിഎസ്‌കെയില്‍ ഇല്ലാതെ പോയത്. 2016, 17 സീസണുകളില്‍ ഫ്രാഞ്ചൈസിക്കു ടൂര്‍ണമെന്റില്‍ വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു ഇത്. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടിയായിരുന്നു രണ്ടു സീസണുകളില്‍ ധോണി കളിച്ചത്.
2018ല്‍ വിലക്ക് മാറി ലീഗിലേക്കു സിഎസ്‌കെ മടങ്ങിയെത്തിയപ്പോള്‍ ആദ്യം തിരികെ കൊണ്ടുവന്നത് എംഎസ് ധോണിയെയായിരുന്നു. ക്യാപ്റ്റന്‍സി തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. കിരീട വിജയത്തോടെയായിരുന്നു സിഎസ്‌കെയിലേക്കുള്ള മടങ്ങിവരവ് ധോണി ആഘോഷിച്ചത്. രണ്ടു സീസണുകള്‍ മിസ്സായ ഒരു ടീമിനെ വച്ചാണ് അദ്ദേഹം ഐപിഎല്‍ കിരീടം പിടിച്ചെടുത്തത്. ധോണിയെന്ന ക്യാപ്റ്റന്റെ കഴിവ് ഇവിടെയാണ് നമുക്കു മനസ്സിലാവുകയെന്നു സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

വിലക്ക് കഴിഞ്ഞ് സിഎസ്‌കെ മടങ്ങിയെത്തുകയും ആ സീസണില്‍ തന്നെ ഐപിഎല്‍ ചാംപ്യന്‍മാരാവുകയും ചെയ്തത് അതിശയിപ്പിക്കുന്ന കാര്യമാണ്. കാരണം രണ്ടു വര്‍ഷം ആ ടീം ഒരുമിച്ച് ഇല്ലായിരുന്നു. കളിക്കാര്‍ വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കു ഒപ്പമായിരുന്നു. പെട്ടെന്നു അവര്‍ സിഎസ്‌കെയിലേക്കു വരികയും ഒരു ടീമായി ഒന്നിച്ച് കളിച്ച് ചാംപ്യന്‍മാരാവുകയും ചെയ്തത് അദ്ഭുതപ്പെടുത്തുന്നു.
നേതൃശേഷിയാണ് ഇതു കാണിച്ചുതരുന്നത്. ഒരു ഗ്യാപ്പിനു ശേഷം എങ്ങനെയാണ് ഒരാള്‍ക്കു ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോവാന്‍ കഴിഞ്ഞതെന്നു ഇതിലൂടെ മനസ്സിലാവുന്നു. ചില സമയങ്ങളില്‍ ആദ്യ വര്‍ഷമോ, രണ്ടാമത്തെ വര്‍ഷമോ ടീം സ്പിരിറ്റുണ്ടാവും. പക്ഷെ ഒരു ഇടവേളയ്ക്കു ശേഷം എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി ടീം സ്പിരിറ്റോടെ കളിക്കുകയെന്നത് അസാധാരണ കഴിവാണെന്നും എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചുകൊണ്ടു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഗവാസ്‌കര്‍ വിശദമാക്കി.

സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഉയര്‍ന്നു വരാനുള്ള കഴിവാണ് എംഎസ് ധോണിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്ന കഴിവെന്നു സുനില്‍ ഗവാസ്‌കര്‍ വിലയിരുത്തി. 2018ലെ ഐപിഎല്ലില്‍ എംഎസ് ധോണിയുയെ ചില ഷോട്ടുകള്‍ ഞാന്‍ ഇപ്പോഴും മറന്നിട്ടില്ല. ഒരു മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ജയിക്കാന്‍ അവസാനത്തെ ഓവറില്‍ 20 റണ്‍സോ, മറ്റോ ആവശ്യമായിരുന്നു. ധോണി ഓഫ് സ്റ്റംപിന്റെ പുറത്തു നിന്നും എല്ലായിടത്തേക്കും ഷോട്ടുകള്‍ പറത്തുകയായിരുന്നു. ലോങ് ഓണിലൂടെയും അദ്ദേഹം സിക്‌സറുകള്‍ പായിച്ചിരുന്നു.
ധോണിയില്‍ നിന്നും നമ്മള്‍ അത്തരം പ്രകടനങ്ങള്‍ നേരത്തേയും കണ്ടിട്ടുള്ളതാണ്. ചിലപ്പോള്‍ ഏഴടിയുള്ള ഒരളാണ് ഈ ഷോട്ടുകള്‍ കളിക്കുന്നതെന്നു ധോണിയുടെ ഷോട്ടുകള്‍ കണ്ടാല്‍ ഫീല്‍ഡര്‍ക്കു തോന്നുകയും ചെയ്യുന്നുവെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ സീസണില്‍ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ എംഎസ് ധോണിയും സംഘവും ഇറങ്ങുകയാണ്. 31ന് നടക്കുന്ന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് സിഎസ്‌കെയുടെ എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് ഈ മല്‍സരത്തിനു വേദിയാവുന്നത്.