ഐപിഎല്‍ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഇത്രയും അനായാസമായ ഒരു വിജയം രോഹിത് ശര്‍മയോ, മുംബൈ ഇന്ത്യന്‍സോ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. കാരണം ഒരു പ്രാദേശിക തലത്തില്‍ കളിക്കുന്ന ടീമിനെ കെട്ടുകെട്ടിക്കുന്നതു പോലയായിരുന്നു ലഖ്‌നൗവിനു മേല്‍ മുംബൈ സംഹാരതാണ്ഡവമാടിയത്. 81 റണ്‍സിനു ക്രുനാല്‍ പാണ്ഡ്യ നയിച്ച എല്‍എസ്ജിയെ മുംബൈ തീര്‍ക്കുകയായിരുന്നു.
വിജയത്തിനായി ഒന്നു പൊരുതി നോക്കാനുള്ള ശ്രമം പോലും ലഖ്‌നൗ ടീമിന്റെ ഭാഗത്തു നിന്നും കണ്ടില്ല. മുംബൈ നല്‍കിയ 183 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം ലഖ്‌നൗവിനു ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ടു തന്നെയാണ് വെറും 16.3 ഓവറില്‍ 101 റണ്‍സിനു അവര്‍ കൂടാരംകയറിയത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ലഖ്‌നൗ ക്യാപ്റ്റനും മുന്‍ മുംബൈ താരവുമായ ക്രുനാലിനു തന്നെയാണ്.

നായകനെന്ന നിലയില്‍ പല മണ്ടത്തരങ്ങളും തുടക്കം മുതല്‍ തന്നെ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു. ഇതു മുംബൈയ്ക്കു കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്തു. ക്രുനാല്‍ ഈ കളിയില്‍ വരുത്തിയ പ്രധാനപ്പെട്ട പിഴവുകള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം. ആദ്യത്തെ മണ്ടത്തരം ടീം സെലക്ഷന്റെ കാര്യത്തിലായിരുന്നു. സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ചെപ്പോക്കിലേതു പോലെയൊരു പിച്ചില്‍ ലഖ്‌നൗ ടീമില്‍ ഏറ്റവുമാദ്യം വേണ്ടിയിരുന്നത് പരിചയസമ്പത്തും പക്വതയുമുള്ള ഒരു സ്പിന്നറെയായിരുന്നു. ലഖ്‌നൗ സംഘത്തില്‍ ഈ വിശേഷണം ഏറ്റവും യോജിക്കുന്നത് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ കൂടിയായ അമിത് മിശ്രയ്ക്കാണ്.

ബൗളിങില്‍ പല വേരിയേഷനുകളുമുള്ള, സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നിരവധി തവണ ബൗള്‍ ചെയ്ത് വിക്കറ്റുകളെടുത്തിട്ടുള്ള അദ്ദേഹം തീര്‍ച്ചയായും ലഖ്‌നൗ ഇലവനില്‍ സ്ഥാനമര്‍ഹിച്ചിരുന്നു. പക്ഷെ മിശ്രയെ തഴയുകയെന്ന ആനമണ്ടത്തരം ക്രുനാല്‍ കാണിച്ചു. പകരം അനുഭവസമ്പത്തില്ലാത്ത, കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത കെ ഗൗതമിനെ കളിപ്പിക്കുകയായിരുന്നു.
IPL 2023: പ്ലേഓഫില്‍ ഇല്ലാത്തവരുടെ സൂപ്പര്‍ 11, ഡുപ്ലെസി നയിക്കും! സഞ്ജു പുറത്ത്
ക്രുനാല്‍ വരുത്തിയ രണ്ടാമത്തെ വന്‍ അബദ്ധം ആദ്യത്തെ ഓവര്‍ തന്നെ സ്വയം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചുവെന്നതാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ ക്വാളിഫയറില്‍ ഇതേ ഗ്രൗണ്ടില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി സ്പിന്നര്‍മാരെ എങ്ങനെയാണ് ഉപയോഗിച്ചതെന്നു ക്രുനാലിനു ഒന്നു ശ്രദ്ധിക്കുകയെങ്കിലും ചെയ്യാമായിരുന്നു.
അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇങ്ങനെയൊരു അബദ്ധം കാണിക്കില്ലായിരുന്നു. ബോള്‍ അല്‍പ്പമൊന്നു പഴക്കം വന്ന ശേഷം ആറാം ഓവറിലായിരുന്നു ധോണി സ്പിന്നര്‍ മഹീഷ് തീക്ഷണയെ കൊണ്ടുവന്നത്. ലഖ്‌നൗവിനെതിരേ ഈ മാച്ചില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ ചെയ്തതും ഇതു തന്നെയായിരുന്നു. ആറാം ഓവറിലാണ് സ്പിന്നര്‍ റിത്വിക് ഷോക്കീനെക്കൊണ്ട് അദ്ദേഹം ബൗള്‍ ചെയ്യിച്ചത്.

പക്ഷെ ക്രുനാല്‍ പാണ്ഡ്യ ആദ്യ ഓവറില്‍ തന്നെ ബോളുമായി മുംബൈയ്ക്കു മേല്‍ ചാടി വീഴുകയായിരുന്നു. ഈ ഓവറില്‍ അഞ്ചു റണ്‍സ് മുംബൈ നേടി. തൊട്ടടുത്ത ഓവര്‍ മറ്റൊരു സ്പിന്നറായ ഗൗതമിന് അദ്ദേഹം നല്‍കി. എട്ടു റണ്‍സ് മുംബൈ അടിച്ചെടുത്തു. ക്രുനാല്‍ നിര്‍ത്തിയില്ല. മൂന്നാം ഓവറില്‍ ബൗള്‍ ചെയ്യാനെത്തിയ അദ്ദേഹത്തിനു നന്നായി തല്ലുകിട്ടി. രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 16 റണ്‍സാണ് ക്രുനാല്‍ ദാനം ചെയ്തത്.
നാലാം ഓവറിലാണ് പേസര്‍ നവീനുല്‍ ഹഖിനെ ക്രുനാല്‍ വിളിച്ചത്. രണ്ടാമത്തെ ബോളില്‍ തന്നെ അദ്ദേഹം രോഹിത് ശര്‍മയെ പുറത്താക്കുകയും ചെയ്തു. തുടക്കത്തില്‍ തന്നെ പേസര്‍മാരായ നവീനും മൊഹ്‌സിന്‍ ഖാനും രണ്ടോവറുകള്‍ നല്‍കിയ ശേഷമായിരുന്നു സ്പിന്നര്‍മാരെ ക്രുനാല്‍ പരീക്ഷിക്കേണ്ടിയിരുന്നത്.
നന്നായി തല്ലു കിട്ടിയിട്ടും (നാലോവറില്‍ 38 റണ്‍സ്) ക്രുനാല്‍ തന്റെ ബൗളിങ് ക്വാട്ട പൂര്‍ത്തിയാക്കിയെന്നതാണ് മറ്റൊരു മണ്ടത്തരം. മൂന്നോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്തിട്ടും അദ്ദേഹം നാലാം ഓവര്‍ കൂടി എറിഞ്ഞതിനെ എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുക? ഒന്നോ, രണ്ടോ ഓവറുകള്‍ ബൗള്‍ ചെയ്ത ശേഷം ക്രുനാലിന് പേസര്‍ കൂടിയായ മാര്‍ക്കസ് സ്റ്റോയ്‌നിസിനു ഒന്നോ, രണ്ടോ ഓവറുകള്‍ നല്‍കാമായിരുന്നു. പക്ഷെ ഒരോവര്‍ പോലും സ്‌റ്റോയിനിസിനെ പരീക്ഷിച്ചു നോക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല.
ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ക്രുനാല്‍ പാണ്ഡ്യയുടെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചു. സൗത്താഫ്രിക്കയുടെ സ്റ്റാര്‍ പ്ലെയര്‍ ക്വിന്റണ്‍ ഡികോക്കിനെ തഴഞ്ഞ് ഫോമൗട്ടായി ടീമിനു പുറത്തായ കൈല്‍ മയേഴ്‌സിനെ ഇംപാക്ട് പ്ലെയറായി ഇറക്കാന്‍ പാടില്ലായിരുന്നു. കൂടാതെ ടോപ് ഓര്‍ഡര്‍ ബാറ്ററായ ദീപക് ഹൂഡയെ ഏഴാം നമ്പറില്‍ കളിപ്പിച്ചതും മറ്റൊരു മണ്ടത്തരമാണ്. ക്രുനാല്‍ സ്വയം മൂന്നാമനായി ബാറ്റ് ചെയ്യുന്നതിനു പകരം ഇവിടെ ഹൂഡയെ ഇറക്കുന്നതായിരുന്നു ഉചിതം.