മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ 31ന് ആരംഭിക്കാന്‍ പോവുകയാണ്. 10 ടീമുകള്‍ പങ്കെടുക്കുന്ന കുട്ടിക്രിക്കറ്റ് പൂരത്തിനായി അവസാനഘട്ട തയ്യാറെടുപ്പിലാണ് ടീമുകളുള്ളത്. അരങ്ങേറ്റ സീസണില്‍ത്തന്നെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഇത്തവണയും കിരീടം നിലനിര്‍ത്തുമോ അതോ മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ ടീമുകളിലൊന്ന് കിരീട നേട്ടത്തിലേക്ക് തിരിച്ചെത്തുമോയെന്നത് കാത്തിരുന്ന് കണ്ടറിയാ.

ആര്‍സിബി, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നിവരിലാരെങ്കിലും ജയിച്ച് പുതിയൊരു ചാമ്പ്യന്‍ ഇത്തവണയുണ്ടാവുമോയെന്നതും കണ്ടറിയണം. കരുത്തുറ്റ പ്ലേയിങ് 11നെ കളത്തിലിറക്കി അവസാന പടയൊരുക്കത്തിലാണ് ടീമുകള്‍. വലിയ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ ഇത്തവണയുമുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ വലിയ പ്രതീക്ഷ നല്‍കി ഫ്‌ളോപ്പായവരും ഏറെയാണ്. ഇത്തരത്തില്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഫ്‌ളോപ്പ് 11 പരിശോധിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്നറിയാം.
തിലകരത്‌ന ദില്‍ഷനും മായങ്ക് അഗര്‍വാളുമാണ് ഓപ്പണര്‍മാര്‍. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡുള്ള താരമാണ് തിലകരത്‌ന ദില്‍ഷന്‍. എന്നാല്‍ ഐപിഎല്ലില്‍ ദില്‍ഷന്‍ ഫ്‌ളോപ്പായിരുന്നു. 27 മത്സരത്തില്‍ നിന്ന് 566 റണ്‍സ് മാത്രമാണ് ദില്‍ഷന് നേടാനായത്. 22 മാത്രമാണ് ശരാശരി. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികവ് ഐപിഎല്ലില്‍ കാട്ടാന്‍ ദില്‍ഷനായില്ല. ആര്‍സിബിക്കായും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായും ദില്‍ഷന്‍ കളിച്ചിട്ടുണ്ട്. മായങ്ക് അഗര്‍വാളിന്റെയും ഐപിഎല്ലിലെ കണക്കുകള്‍ മോശം.

ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള മായങ്ക് പഞ്ചാബ് കിങ്‌സിനെ നയിച്ചിട്ടുമുണ്ട്. 113 ഐപിഎല്‍ കളിച്ചിട്ടുള്ള മായങ്കിന്റെ ശരാശരി 22.63 മാത്രമാണ്. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് മായങ്കുള്ളത്. മൂന്നാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിനെയാണ് പരിഗണിക്കുന്നത്. 92 ഐപിഎല്ലില്‍ നിന്ന് 24.89 മാത്രമാണ് ഫിഞ്ചിന്റെ ശരാശരി. മികച്ചൊരു പ്രകടനം കാഴ്ചവെക്കാന്‍ ഇതുവരെ മായങ്കിന് സാധിച്ചിട്ടില്ല. അവസാന സീസണോടെ അദ്ദേഹം വിരമിക്കുകയും ചെയ്തു.
നാലാം നമ്പറില്‍ യുവരാജ് സിങ്ങാണുള്ളത്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായിരുന്ന യുവരാജ് പഞ്ചാബ് കിങ്‌സിനെയടക്കം നയിച്ചിട്ടുള്ള താരമാണ്. വലിയ പ്രതിഫലങ്ങളെല്ലാം നേടിയിട്ടുണ്ടെങ്കിലും സൂപ്പര്‍ താര പദവിയുണ്ടെങ്കിലും യുവരാജിന്റെ ശരാശരി 24.77 മാത്രമാണ്. ഫ്‌ളോപ്പ് 11ന്റെ നായകനായും യുവരാജിനെ പരിഗണിക്കാം. ഓസ്‌ട്രേലിയക്കാരന്‍ ഗ്ലെന്‍ മാക്‌സ് വെല്ലാണ് അഞ്ചാം നമ്പറില്‍. വമ്പനടിക്കാരനായ സ്പിന്‍ ഓള്‍റൗണ്ടര്‍ക്ക് ഇതുവരെ പ്രതീക്ഷിച്ച നിലവാരം കാട്ടാനായിട്ടില്ല.
ആറാം നമ്പറില്‍ ഏഞ്ചലോ മാത്യൂസിനാണ് അവസരം. മുന്‍ ശ്രീലങ്കന്‍ നായകനും പേസ് ഓള്‍റൗണ്ടറുമാണ് മാത്യൂസ്. ഭേദപ്പെട്ട റെക്കോഡ് മൂന്ന് ഫോര്‍മാറ്റിലും അവകാശപ്പെടാന്‍ സാധിക്കുന്ന മാത്യൂസ് ഐപിഎല്ലില്‍ ഫ്‌ളോപ്പായിരുന്നു. 49 ഐപിഎല്ലില്‍ നിന്ന് 23.35 ശരാശരിയാണ് മാത്യൂസിനുള്ളത്. 27 വിക്കറ്റാണ് ആകെ നേടാനായത്. ബൗളറെന്ന നിലയിലും താരം ഫ്‌ളോപ്പായിരുന്നു. ഏഴാം നമ്പറില്‍ നമാന്‍ ഓജയാണുള്ളത്. ടീമിന്റെ വിക്കറ്റ് കീപ്പറും ഓജയാണ്.

113 ഐപിഎല്ലില്‍ നിന്നായി 20.72 ആണ് ഓജയുടെ സ്‌ട്രൈക്കറേറ്റ്. ആറ് ഫിഫ്റ്റിയാണ് ഓജ ആകെ നേടിയത്. പ്രതീക്ഷക്കൊത്ത് ഉയരാത്ത താരമാണ് ഓജ. എട്ടാം നമ്പറില്‍ മുരളി കാര്‍ത്തികിനാണ് അവസരം. ഇന്ത്യന്‍ സ്പിന്നര്‍ ഐപിഎല്ലിലെ ഫ്‌ളോപ്പ് താരങ്ങളിലൊരാളാണ്. 56 ഐപിഎല്ലില്‍ നിന്നായി 31 വിക്കറ്റാണ് കാര്‍ത്തിക് നേടിയത്. പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ താരമാണ് മുരളി കാര്‍ത്തിക്. ഒമ്പതാം നമ്പറില്‍ ടിം സൗത്തിയാണ്.
ന്യൂസീലന്‍ഡിന്റെ സൂപ്പര്‍ പേസര്‍ ഐപിഎല്ലിലെ തല്ലുകൊള്ളിയായ ബൗളറാണ്. 52 ഐപിഎല്ലില്‍ നിന്നായി 45 വിക്കറ്റാണ് സൗത്തി നേടിയത്. 8.53 ആണ് താരത്തിന്റെ ഇക്കോണമി. 10ാം നമ്പറില്‍ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. ഐപിഎല്ലിലെ ചെണ്ട ബൗളര്‍മാരിലൊരാളാണ് ഇഷാന്ത്. ഓസീസ് പേസര്‍ ബ്രെറ്റ് ലീയും ഐപിഎല്ലിലെ ദുരന്തം ബൗളര്‍മാരിലൊരാളാണ്. 38 ഐപിഎല്ലില്‍ നിന്നായി 25 വിക്കറ്റ് മാത്രമാണ് ബ്രെറ്റ് ലീ നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികവ് ആവര്‍ത്തിക്കാന്‍ ലീക്കായില്ല.