ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനും ഇതിഹാസവുമായ എംഎസ് ധോണി തന്റെ അവസാന ഐപിഎല്‍ സീസണിനൊരുങ്ങുകയാണ്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ധോണി ഐപിഎല്ലില്‍ തുടര്‍ന്നും കളിച്ചിരുന്നു. പ്രായം 40 പിന്നിട്ട ധോണി ഈ സീസണോടെ ഐപിഎല്‍ മതിയാക്കാനുള്ള തയ്യാറെടുപ്പിലാണ്.
സിഎസ്‌കെയെ നാല് തവണ കിരീടം ചൂടിച്ച ധോണിക്ക് അഞ്ചാം കിരീടത്തിലേക്ക് ടീമിനെ എത്തിച്ച് വിടപറയാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണ എല്ലാ കണ്ണുകളും ധോണിയിലേക്കാണ്. ദൗര്‍ഭാഗ്യവശാല്‍ ഗുജറാത്തിനെതിരായ ഉദ്ഘാടന മത്സരത്തില്‍ ധോണി കളിക്കില്ല. പരിക്കേറ്റ താരം ആദ്യം മത്സരം കളിച്ചേക്കില്ലെന്നതാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ട്.

ധോണിയുടെ ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ വലിയ സാങ്കേതിക മികവ് അവകാശപ്പെടാന്‍ സാധിക്കാത്ത താരമാണ്. എന്നാല്‍ തന്റേതായ ശൈലികൊണ്ടും ഫിറ്റ്‌നസുകൊണ്ടും വിസ്മയിപ്പിക്കുന്ന കരിയര്‍ സൃഷ്ടിക്കാന്‍ ധോണിക്കായി. ധോണിയുടെ ഷോട്ടിന്റെ പവര്‍ അസാധ്യമാണ്. തന്റെ ഉയര്‍ന്ന ഫിറ്റ്‌നസിനെ നന്നായി പ്രയോജനപ്പെടുത്തിയാണ് ധോണി കളിക്കുന്നത്. അതുകൊണ്ട് തന്നെ ധോണിയുടെ ഷോട്ട് തടുക്കുകയെന്നത് വളരെ പ്രയാസമാണ്.
ഇപ്പോഴിതാ ധോണിയുടെ ഷോട്ട് തടുത്ത ബൗളറുടെ വിരലൊടിഞ്ഞ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സിഎസ്‌കെയിലെ ധോണിയുടെ സഹതാരവുമായിരുന്ന റോബിന്‍ ഉത്തപ്പ. 'ഞാന്‍ ആദ്യമായി ധോണിയെ കാണുന്നത് 2003ല്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍വെച്ചാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുനാഫ് പട്ടേലിനെതിരേ ധോണി ബാറ്റ് ചെയ്യുന്നു.

വെടിക്കെട്ട് പ്രകടനമാണ് ധോണി കാഴ്ചവെക്കുന്നത്. മുനാഫിനൊപ്പം അവിഷ്‌കര്‍ സാല്‍വിയുമുണ്ടായിരുന്നു. ഇവരെയെല്ലാം ധോണി സിക്‌സര്‍ പറത്തുകയാണ്. ഹെലികോപ്ടര്‍ ഷോട്ടെല്ലാം സ്‌റ്റേഡിയത്തിലാണ് വീഴുന്നത്. ശ്രീധരന്‍ ശ്രീരാം പന്തെറിയാനെത്തി. ധോണി ക്രീസില്‍ നിന്ന് കയറി സ്‌ട്രെയ്റ്റ് ഷോട്ട് കളിച്ചു. പന്ത് ബൗളറുടെ നേരെ. ശ്രീരാം പന്ത് തടയാന്‍ ശ്രമിച്ചു.
ഇതിന് ശേഷം ശ്രീരാം ഓടി. പന്തിന് പിന്നാലെ ഓടിയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അവന്‍ ഓടിയത് ഡ്രസിങ് റൂമിലേക്കാണ്. പന്ത് തടുത്തപ്പോള്‍ത്തന്നെ വിരല്‍ പൊട്ടിയെന്ന് അവന് മനസിലായിരുന്നു. അവന്റെ രണ്ട് വിരലുകള്‍ പൊട്ടിയെന്നാണ് കരുതുന്നത്. ധോണി എങ്ങനെ ഇങ്ങനെ ഷോട്ട് കളിക്കുന്നുവെന്നതിനെക്കുറിച്ച് ഒരു ഐഡിയയുമില്ലായിരുന്നു. പിന്നീടവന്‍ ഇന്ത്യക്കായി കളിക്കാന്‍ പോകുന്നുവെന്നാണ് അറിഞ്ഞത്'- ജിയോ സിനിമയില്‍ സംസാരിക്കവെ ഉത്തപ്പ പറഞ്ഞു.
അത്രത്തോളം പവര്‍ ഷോട്ടുകളില്‍ ഉപയോഗിക്കുന്ന താരമാണ് ധോണി. ധോണിയുടെ ഷോട്ടുകള്‍ തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിനുള്ളില്‍ തടയുക കടുപ്പമാണ്. കളിക്കുന്ന ഷോട്ടുകള്‍ അതിന്റെ പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ ധോണി ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഷോട്ടുകള്‍ തടുത്തിടാന്‍ ഫീല്‍ഡര്‍മാര്‍ പ്രയാസപ്പെടുകയും ചെയ്യും. ധോണിയെ യോര്‍ക്കറുകളിലൂടെ കീഴ്‌പ്പെടുത്തുകയും പ്രയാസം. ഹെലികോപ്ടര്‍ ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്ന താരമാണ് ധോണി.

സ്റ്റംപ് ലക്ഷ്യമാക്കിവരുന്ന യോര്‍ക്കര്‍ പന്തുകള്‍ പല ബാറ്റ്‌സ്മാന്‍മാരെയും വിറപ്പിക്കുമ്പോഴും ധോണി ഇതിനെ കൃത്യമായി ഗ്യാലറിയിലേക്കെത്തിക്കുന്നു. ധോണിക്ക് ശേഷം പലരും ഹെലികോപ്ടര്‍ ഷോട്ട് അനുകരിച്ചിട്ടും അതില്‍ കൂടുതലും വിക്കറ്റായി. എന്നാല്‍ ധോണി കളിച്ച ഹെലികോപ്ടര്‍ ഷോട്ടിലെ 75 ശതമാനവും സിക്‌സറായിത്തീര്‍ന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ധോണിയുടെ ടൈമിങ് മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ചതായിരുന്നുവെന്നതാണ് വസ്തുത.
ഇത്തവണയും ധോണിയുടെ ഫിനിഷിങ് മികവിലാണ് ആരാധകര്‍ പ്രതീക്ഷവെക്കുന്നത്. ധോണിയുടെ പരിശീലന വീഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു. ധോണിയുടെ ഫിറ്റ്‌നസ് വെളിവാക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഡ്വെയ്ന്‍ ബ്രാവോ വിരമിച്ചത് സിഎസ്‌കെയില്‍ വലിയ വിടവ് സൃഷ്ടിക്കും. ഇത്തവണ ബെന്‍സ്റ്റോക്‌സിനെ ടീമിലേക്കെത്തിച്ച് ബ്രാവോയുടെ വിടവ് നികത്താനാണ് സിഎസ്‌കെയുടെ ശ്രമം. ടീം കരുത്ത് നോക്കുമ്പോള്‍ സിഎസ്‌കെ അതിശക്തരാണെന്നതില്‍ സംശയമില്ല.