നാലു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹീറോയായി മാറുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നയാളാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. കഴിഞ്ഞ ലേലത്തിലായിരുന്നു എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് അദ്ദേഹത്തെ സിഎസ്‌കെ റാഞ്ചിയത്. സ്റ്റോക്‌സിനായി ലേലത്തില്‍ സിഎസ്‌കെ മോഹവിലയെറിയുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.
പക്ഷെ ലേലത്തില്‍ അദ്ദേഹത്തെ തങ്ങള്‍ക്കു ലഭിച്ചേ തീരൂവെന്ന വാശിയിലായിരുന്നു സിഎസ്‌കെ. ഒടുവില്‍ 16.25 കോടി രൂപയ്ക്കു സ്റ്റോക്‌സിനെ അവര്‍ റാഞ്ചുകയും ചെയ്തു. 2021നു ശേഷം സ്റ്റോക്‌സിനെ ഐപിഎല്ലില്‍ കണ്ടിട്ടില്ല. കഴിഞ്ഞ സീസണില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു 2021ല്‍ സ്റ്റോക്‌സിനെ അവസാനമായി ഐപിഎല്ലില്‍ കണ്ടത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിഎസ്‌കയുടെ മഞ്ഞ ജഴ്‌സിയില്‍ ലീഗിലേക്കു മടങ്ങിയെത്തുമ്പോള്‍ സ്‌റ്റോക്‌സിനു പലതും തെളിയിക്കാനുണ്ട്. സിഎസ്‌കെ തനിക്കു വേണ്ടി മുടക്കിയ 17 കോടിയോളം രൂപയോടു അദ്ദേഹത്തിനു നീതി പുലര്‍ത്താന്‍ സാധിക്കുമോയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി അടുത്ത സീസണ്‍ മുതല്‍ സിഎസ്‌കെ അവരുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കണ്ടുവച്ചിരിക്കുന്ന താരം കൂടിയാണ് സ്റ്റോക്‌സ്. അതിനാല്‍ തന്നെ ഈ സീസണില്‍ മികച്ച പ്രകടനത്തിലൂടെ അദ്ദേഹം ടീമില്‍ സ്ഥാനമുറപ്പിക്കേണ്ടതുണ്ട്.
ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ സ്റ്റോക്‌സ് ഒരുപക്ഷെ ഈ സീസണില്‍ ഫ്‌ളോപ്പായി തീര്‍ന്നേക്കും. ഇതിനുള്ള മൂന്നു കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ആദ്യത്തെ കാരണം സിഎസ്‌കെയുടെ ഹോംഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ ശൈലിക്കു അത്ര യോജിച്ചതല്ല എന്നതാണ്. ഇംഗ്ലണ്ടിലെ അതിവേഗ ട്രാക്കുകളില്‍ കളിച്ച് പരിചയമുള്ള സ്റ്റോക്‌സ് ഇത്തരം പിച്ചുകളില്‍ കേമനാണ്. പേസും ബൗണ്‍സുമുള്ള സാഹചര്യങ്ങളില്‍ കളിക്കുന്നതിന് അദ്ദേഹത്തിനു പോരായ്മകളൊന്നുമില്ല. പക്ഷെ ചെന്നൈയുടെ തടകമായ ചെപ്പോക്കിലെ പിച്ച് സ്റ്റോക്‌സിന്റെ ശൈലിക്കു നേരെ വിപരീതമാണ്.

സ്പിന്നര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുന്ന ഇവിടുത്തെ പിച്ചുകളില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹം വിഷമിച്ചേക്കും. ചെന്നൈയ്ക്കു എവേ മാച്ചുകളും സീസണിലുണ്ടെങ്കിലും ഹോംഗ്രൗണ്ടില്‍ ചെറിയ സ്‌കോറുകള്‍ക്കു പുറത്തായാല്‍ അതു സ്റ്റോക്‌സിന്റെ പ്രകടനത്തെയാകെ ബാധിക്കും. ആത്മവിശ്വാസവും ബാറ്റിങിലെ താളവും നഷ്ടപ്പെടുത്തുകയും ചെയ്യും. നിലവില്‍ ബാറ്ററായിട്ടാവും അദ്ദേഹം കളിക്കുകയെന്നാണ് സിഎസ്‌കെ അറിയിച്ചിരിക്കുന്നത്. ഇനി ബൗളിങിലേക്കു കൂടി വന്നാലും ഹോംഗ്രൗണ്ടിലെ പിച്ച് സ്റ്റോക്‌സിനെ ഒരു തരത്തിലും തുണയ്ക്കില്ല. ഇതു സിഎസ്‌കെയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്.
പരിക്കുകള്‍ നിറഞ്ഞ ഒരു കരിയറാണ് ബെന്‍ സ്‌റ്റോക്‌സിന്റേത്. ബൗളിങില്‍ കാര്യമായി അദ്ദേഹത്തെ ഉപയോഗിക്കില്ലെന്നു സിഎസ്‌കെ വ്യക്തമാക്കിയതിനാല്‍ തന്നെ ബാറ്റിങില്‍ അസാധാരണ പ്രകടനം തന്നെ താരത്തിനു കാഴ്ചവയ്‌ക്കേണ്ടതുണ്ട്. സിഎസ്‌കെയുടെ ടോപ് ഓര്‍ഡറില്‍ കളിച്ചെങ്കില്‍ മാത്രമേ സ്‌റ്റോക്‌സിനു ബാറ്റിങില്‍ വലിയ സംഭാവനകള്‍ നല്‍കാനും സാധിക്കുകയുള്ളൂ. ബാറ്റിങില്‍ ടീം തന്നിലര്‍പ്പിക്കുന്ന അമിത പ്രതീക്ഷ അദ്ദേഹത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും.

പരിക്കുകളുടെ ഒരു ചരിത്രമുള്ളതിനാല്‍ സിഎസ്‌കെയുടെ മുഴുവന്‍ മാച്ചുകളിലും സ്റ്റോക്‌സ് കളിക്കുമോയെന്ന കാര്യവും സംശയമാണ്. കാരണം ജൂണില്‍ ആഷസ് വരാനിരിക്കുന്നതിനാല്‍ അദ്ദേഹം ചില മല്‍സരങ്ങളില്‍ നിന്നും മാറിനില്‍ക്കാനും സാധ്യതയുണ്ട്. സിഎസ്‌കെയെ സംബന്ധിച്ച് ഇതു അത്ര ആശാവഹമായ കാര്യമല്ല.
ബെന്‍ സ്‌റ്റോക്‌സിന്റെ മറ്റൊരു പ്രശ്‌നം ടി20യില്‍ അത്ര മികച്ചൊരു റെക്കോര്‍ഡുള്ള ക്രിക്കറ്ററല്ല എന്നതാണ്. മാത്രമല്ലകോടികളുടെ മൂല്യവും താരത്തെ സമ്മര്‍ദ്ദത്തിലാക്കിയേക്കും. ഐപിഎല്ലിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നില്‍, അതും റെക്കോര്‍ഡ് തുകയ്ക്കു കളിക്കുന്നതിന്റെ സമ്മര്‍ദ്ദം സ്‌റ്റോക്‌സിനു വിനയായേക്കും. ടി20യില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് നോക്കുകയാണെങ്കില്‍ അതു അത്ര മികച്ചതല്ലെന്നു കാണാന്‍ സാധിക്കും. ഇംഗ്ലണ്ടിനു വേണ്ടി 43 ടി20 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള സറ്റോക്‌സിന്റെ ശരാശരി 25.06 മാത്രമണ്. സ്‌ട്രൈക്ക് റേറ്റ് 133ഉം ആണെന്നു കാണാം.
ഐപിഎല്ലിലം ബാറ്റിങില്‍ അത്ര മികച്ചൊരു റെക്കോര്‍ഡല്ല അദ്ദേഹത്തിന്റേത്. 25.56 ശരാശരിയിലും 134.50 സ്്‌ട്രൈക്ക് റേറ്റുമാണ് സ്‌റ്റോക്‌സിനു ലീഗിലുള്ളത്. ഐപിഎല്ലില്‍ ഇതുവരെ കളിച്ച അഞ്ചു സീസണുകളില്‍ രണ്ടു തവണ മാത്രമേ അദ്ദേഹം 10ന് മുകളില്‍ മല്‍സരങ്ങള്‍ ഒരു സീസണില്‍ കളിച്ചിട്ടുള്ളൂ. 2017, 18 സീസണുകളിലായിരുന്നു ഇത്. കൂടാതെ ഒരേയൊരു സീസണില്‍ മാത്രമേ സ്റ്റോക്‌സ് 300ന് മുകളില്‍ റണ്‍സും നേടിയിട്ടുള്ളൂ. 2017ല്‍ നേടിയ 316 റണ്‍സാണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍. തുടര്‍ന്നുള്ള സീസണുകളില്‍ 196, 123, 285 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.