അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് സിഎസ്‌കെ പരാജയപ്പെട്ടിരിക്കുകയാണ്. അഞ്ച് വിക്കറ്റിനാണ് സിഎസ്‌കെയുടെ തോല്‍വി. ബാറ്റിങ്ങിലും ബൗളിങ്ങിലും സിഎസ്‌കെ കളിമറന്നുവെന്നതാണ് വസ്തുത. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റിന് 178 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നാല് പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടന്നു.
എംഎസ് ധോണിയുടെ എല്ലാ തന്ത്രങ്ങളും ഗുജറാത്തിനെതിരേ തകരുകയായിരുന്നു. ഗുജറാത്തിനെതിരേ കളിച്ച മൂന്ന് മത്സരത്തില്‍ ഒരു ജയം പോലുമില്ലെന്ന വലിയ നാണക്കേടിലാണ് സിഎസ്‌കെയുള്ളത്. ധോണിക്കും സംഘത്തിനും തോല്‍വിത്തുടക്കത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം മെച്ചപ്പെടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സിഎസ്‌കെ തുടര്‍ തോല്‍വി തുടരും. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെയാണ് സിഎസ്‌കെയുടെ അടുത്ത മത്സരം.

തോല്‍വിയില്‍ നിന്ന് തിരിച്ചുവരാന്‍ സിഎസ്‌കെയ്ക്ക് ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമതായി സിഎസ്‌കെയുടെ ഓപ്പണിങ് കൂട്ടുകെട്ട് മെച്ചപ്പെടേണ്ടതായുണ്ട്. റുതുരാജ് ഗെയ്ക് വാദ് ഓപ്പണിങ്ങില്‍ തിളങ്ങുമ്പോഴും മികച്ച പിന്തുണ നല്‍കാന്‍ ഡെവോണ്‍ കോണ്‍വേക്കാകുന്നില്ല. അവസാന സീസണിലും സ്ഥിരതയോടെ കളിക്കാന്‍ റുതുരാജിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഓപ്പണിങ്ങില്‍ മാറ്റം വേണം.
റുതുരാജിനൊപ്പം ബെന്‍ സ്റ്റോക്‌സിനെ സിഎസ്‌കെ ഓപ്പണറാക്കുന്നതാണ് നല്ലത്. മധ്യനിരയില്‍ തിളങ്ങാന്‍ സ്‌റ്റോക്‌സ് പ്രയാസപ്പെടുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണിങ്ങില്‍ കളിച്ച് മികവ് തെളിയിച്ച താരമാണ് സ്റ്റോക്‌സ്. പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ സ്്‌റ്റോക്‌സിന് കഴിവുണ്ട്. ഇത്തവണ പന്തെറിയാത്ത സ്റ്റോക്‌സിന്റെ ബാറ്റിങ്ങിനെ സിഎസ്‌കെ പരമാവധി പ്രയോജനപ്പെടുത്തേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ഓപ്പണിങ്ങിലേക്ക് സ്റ്റോക്‌സെത്തണം.

മധ്യനിര ബാറ്റിങ്ങാണ് മറ്റൊരു പ്രധാന പ്രശ്‌നം. അമ്പാട്ടി റായിഡു, ശിവം ദുബെ എന്നിവരുടെ ബാറ്റിങ് ഓഡര്‍ പ്രശ്‌നമാണ്. രണ്ട് പേര്‍ക്കും അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ പ്രയാസം. റായിഡുവിനെ മൂന്നാം നമ്പറിലേക്ക് സിഎസ്‌കെ പരിഗണിച്ചാല്‍ നിലയുറപ്പിച്ച് റണ്‍സുയര്‍ത്താന്‍ കഴിവുണ്ട്. എന്നാല്‍ നാലാം നമ്പറിലേക്കോ അതിന് താഴേക്കോ വരുമ്പോള്‍ പെട്ടെന്ന് റണ്‍സുയര്‍ത്താന്‍ റായിഡുവിന് സാധിക്കാതെ വരുന്നു. മോയിന്‍ അലിയെ എവിടെ വേണമെങ്കിലും സിഎസ്‌കെയ്ക്ക് കളിപ്പിക്കാം.
വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ നിലയുറപ്പിക്കേണ്ട ആവിശ്യമില്ലാത്ത താരമാണ് മോയിന്‍ അലി. അതുകൊണ്ട് തന്നെ മോയിന്‍ അലിയെ മധ്യ ഓവറുകളിലേക്ക് ഉപയോഗിക്കുന്നതാണ് നല്ലത്. രവീന്ദ്ര ജഡേജയെ അവസാന ഓവറുകളിലേക്ക് പരിഗണിക്കുന്നതും വലിയ ഗുണം ചെയ്‌തേക്കില്ല. ആറാം നമ്പറില്‍ ജഡേജയെ കളിപ്പിക്കാവുന്നത്. ശിവം ദുബെയെ പിന്നോട്ടിറക്കുന്നതാണ് നല്ലത്. എംഎസ് ധോണിക്ക് മൂന്ന് ഓവറെങ്കിലും ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലേക്ക് ബാറ്റിങ് ഓഡര്‍ മാറേണ്ടതായുണ്ട്.

സ്പിന്നിനെ അമിതമായി ആശ്രയിക്കുന്ന രീതിയാണ് സിഎസ്‌കെയുടേത്. ഈ തന്ത്രം എല്ലാ പിച്ചുകളിലും ഫലിച്ചേക്കില്ല. ഗുജറാത്തിനെതിരേ സിഎസ്‌കെ മിച്ചല്‍ സാന്റ്‌നറെയാണ് കളിപ്പിച്ചത്. ബാറ്റ് ചെയ്യാനുള്ള കഴിവ് വിലയിരുത്തിയാണ് ഈ നീക്കം. എന്നാല്‍ സാന്റ്‌നറെ പുറത്തിരുത്തി സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ മഹേഷ് തീക്ഷണയെ സിഎസ്‌കെ പരിഗണിക്കണം. പവര്‍പ്ലേയിലും മധ്യഓവറുകളിലും നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ കരുത്തുള്ള സ്പിന്നറാണ് തീക്ഷണ.
ഗൂഗ്ലിയും ദൂസ് രയുമെല്ലാം വശമുള്ള തീക്ഷണ കൂട്ടുകെട്ട് പൊളിക്കാനും മിടുക്കന്‍. ഈ സാഹചര്യത്തില്‍ തീക്ഷണയെ സിഎസ്‌കെ പരിഗണിക്കണം. പേസ് നിരയില്‍ സിഎസ്‌കെ മെച്ചപ്പെടേണ്ടതായുണ്ട്. ദീപക് ചഹാറിന്റെ ബൗളിങ്ങിനെ അമിതമായി വിശ്വസിക്കാനാവില്ല. മുകേഷ് ചൗധരിയുടെ അഭാവം നികത്താന്‍ സിമര്‍ജീത് സിങ്ങിനെ ഉപയോഗിക്കാവുന്നതാണ്. തുഷാര്‍ ദെശപാണ്ഡെ തല്ലുകൊള്ളിയായി ബൗളറാണ്. അവസാന സീസണില്‍ മികവ് കാട്ടിയ സിമര്‍ജീത് സിങ്ങിന് സിഎസ്‌കെ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ്.