ഐപിഎല്ലില്‍ അഞ്ചാം കിരീടമെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡ് ഇത്തവണ ലക്ഷ്യമിടുകയാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ സീസണ്‍ ചെന്നൈയെ സംബന്ധിച്ച് പരിതാപകരമായിരുന്നു. പ്ലേഓഫിലേക്കു പോലും യോഗ്യത നേടാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല 10 ടീമുകളുടെ ലീഗില്‍ അവര്‍ ഒമ്പതാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായ ക്യാപ്റ്റന്‍സി മാറ്റം സിഎസ്‌കെയുടെ താളം തെറ്റിക്കുകയായിരുന്നു. ധോണി സീസണിനു ദിവസങ്ങള്‍ ശേഷം ക്യാപ്റ്റന്‍സി ഒഴിയുകയും പകരം രവീന്ദ്ര ജഡേജയെ ചുമതലയേല്‍പ്പിക്കുകയും ചെയ്തിരുന്നു.

പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ ജഡേജ തികഞ്ഞ പരാജയമായി മാറി. മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനത്തെ അതു ബാധിക്കുകയും ചെയ്തു. പലപ്പോഴും കളിക്കളത്തില്‍ ഡമ്മി ക്യാപ്റ്റനായിരുന്നു ജഡ്ഡു. കാരണം തീരുമാനങ്ങളില്‍ ഭൂരിഭാഗവും ധോണിയുടെ വകയായിരുന്നു. ജഡേജ നോക്കുകുത്തിയാവുകയും ചെയ്തു. ഒടുവില്‍ ടീമിനു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതോടെ അദ്ദേഹം ്ക്യാപ്റ്റന്‍സി ഒഴിയുകയായിരുന്നു. തുടര്‍ന്നു ധോണി വീണ്ടും നായകസ്ഥാനത്തേക്കു വരികയും ചെയ്തു. പക്ഷെ അപ്പോഴേക്കും സിഎസ്‌കെയ്ക്കു മടങ്ങിവരവ് ദുഷ്‌കരമായിരുന്നു.
ഈ സീസണില്‍ കൂടുതല്‍ മികച്ച തയ്യാറെടുപ്പോടെയാണ് സിഎസ്‌കെയുടെ വരവ്. പുതുതായി ചില വമ്പന്‍ താരങ്ങളെ അവര്‍ ടീമിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സാണ് ഇവരില്‍ ഒരാള്‍. ധോണിയുടെയും സിഎസ്‌കെയുടെയും തുറുപ്പുചീട്ടായി അദ്ദേഹം മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പക്ഷെ ബാറ്റിങില്‍ സ്റ്റോക്‌സിനെ എവിടെയായിരിക്കും ധോണി ഇറക്കുക? വ്യത്യസ്ത പൊസിഷനുകളില്‍ സ്റ്റോക്‌സിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് പരിശോധിക്കാം.

ഐപിഎല്ലില്‍ ബെന്‍ സ്റ്റോക്‌സിന്റെ മൂന്നാമത്തെ ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തൊട്ടടുത്ത സീസണില്‍ സ്റ്റോക്‌സ് രാജസ്ഥാന്‍ റോയല്‍സിലേക്കു ചേക്കേറി. 2021 മുതല്‍ അദ്ദേഹം ടീമിനൊപ്പം തുടരുകയും ചെയ്തു. താരം കൂടുതല്‍ സീസണില്‍ കളിച്ചതും റോയല്‍സിനു വേണ്ടിയായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ അദ്ദേഹത്തിനു കളിക്കാനായിരുന്നില്ല. ഇത്തവണ സ്റ്റോക്‌സ് സിഎസ്‌കെയിലുമെത്തിയിരിക്കുകയാണ്.
ടൂര്‍ണമെന്റില്‍ ഇതുവരെ 10 ഇന്നിങ്‌സുകളിലാണ് ബെന്‍ സ്റ്റോക്‌സ് ഓപ്പണറായി കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 32.9 ശരാശരിയില്‍ 141 സ്‌ട്രൈക്ക് റേറ്റില്‍ 296 റണ്‍സെടുക്കുകയും ചെയ്തു. പക്ഷെ മധ്യനിരയില്‍ മൂന്ന മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലാണ് അദ്ദേഹം കൂടുതല്‍ ഇന്നിങ്‌സുകളില്‍ കളിച്ചത്. 29 ഇന്നിങ്‌സുകളില്‍ നിന്നും 22 ശരാശരിയില്‍ 130.3 സ്‌ട്രൈക്ക് റേറ്റോടെ 550 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുമുണ്ട്. ആറാമനായി വെറും രണ്ടിന്നിങ്‌സുകളില്‍ മാത്രമേ സ്‌റ്റോക്‌സ് ബാറ്റ് ചെയ്തിട്ടുള്ളൂ. ഇവയില്‍ നിന്നും 37 ശരാശരിയില്‍ 142.3 സ്‌ട്രൈക്ക് റേറ്റില്‍ 74 റണ്‍സാണ് സമ്പാദ്യം.

ഓപ്പണിങില്‍ ഇടംകൈ-വലംകൈ കോമ്പിനേഷനായ ഡെവന്‍ കോണ്‍വേ- റുതുരാജ് ഗെയ്ക്വാദ് എന്നിവരുള്ളതിനാല്‍ സ്‌റ്റോക്‌സിനെ ഇവിടെ കളിപ്പിക്കാന്‍ ധോണി ശ്രമിച്ചേക്കില്ല. മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലൊന്നായിരിക്കും താരത്തിനു ലഭിച്ചേക്കുക. മൂന്നാമനായി മോയിന്‍ അലി കളിക്കുമെന്നു ഏറെക്കുറെ ഉറപ്പാണ്. നാലാം നമ്പറില്‍ സ്റ്റോക്‌സിനെ സിഎസ്‌കെ പരീക്ഷിച്ചേക്കും. ഇരുവരും ദേശീയ ടീമില്‍ ഒരുമിച്ച് കളിക്കുന്നതിനാല്‍ ഈ കോമ്പിനേഷന്‍ സിഎസ്‌കെയില്‍ ക്ലിക്കാവാനും സാധ്യത കൂടുതലാണ്. ആവശ്യമെങ്കില്‍ ഫിനിഷറുടെ റോളിലും സ്റ്റോക്‌സിനെ കളിപ്പിക്കാവുന്നതാണ്. പക്ഷെ ഫിനിഷറായി ധോണി, രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവരുള്ളതിനാല്‍ നാലാം നമ്പറായിരിക്കും സ്റ്റോക്‌സിനു ബെസ്റ്റ്.