
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേഓഫ് സാധ്യതകളിലേക്കു നോക്കിയാല്‍ അത് അവസാനിച്ചുവെന്നു തന്നെ പറയുന്നതാവും ശരി. 2021നു ശേഷം സിഎസ്‌കെയില്ലാത്ത മറ്റൊരു പ്ലേഓഫാണ് ഇത്തവണ നടക്കാന്‍ പോവുന്നത്. സീസണില്‍ ഇനി സിഎസ്‌കെയ്ക്കു ബാക്കിയുള്ളത് നാലു കളികളാണ്. ഇവയിലെല്ലാം ജയിച്ചാലും അവര്‍ക്കു ലഭിക്കുക 14 പോയിന്റാണ്. ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാന്‍ ഈ പോയിന്റ് പോരായെന്നതാണ് യാഥാര്‍ഥ്യം.
പ്ലേഓഫ് യോഗ്യത ഉറപ്പിക്കാന്‍ ആവശ്യമുള്ളത് 18 പോയിന്റാണ്. 16 പോയിന്റുള്ളവര്‍ക്കും പ്ലേഓഫ് പ്രതീക്ഷയുണ്ട്. പക്ഷെ അതില്‍ താഴെ പോയിന്റുള്ളവര്‍ പ്ലേഓഫ് മോഹം മറക്കുന്നതാണ് നല്ലത്.

സീസണിലെ ബാക്കിയുള്ള മല്‍സരങ്ങളില്‍ ഇനി ചില അദ്ഭുതങ്ങള്‍ സംഭവിച്ചുവെന്നിരിക്കട്ടെ എന്നാലും ചെന്നൈ സൂപ്പര്‍ കിങ്‌സിനു വില്ലനാവുന്ന ഒരു കാര്യമുണ്ട്. അതു മോശം നെറ്റ് റണ്‍റേറ്റാണ്. വളരെ മോശം നെറ്റ് റണ്‍റേറ്റാണ് നിലവില്‍ സിഎസ്‌കെയ്ക്കുള്ളത്. -0.431 ആണ് ഇപ്പോള്‍ സിഎസ്‌കെയുടെ നെറ്റ് റണ്‍റേറ്റ്.
വരാനിരിക്കുന്ന നാലു കളികളിലും വന്‍ മാര്‍ജിനില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുന്നതിനൊപ്പം സ്ഥാനവും മെച്ചപ്പെടുത്തി ടൂര്‍ണമെന്റില്‍ നിന്നും പടിയിറങ്ങുകയാവും ചെന്നൈയുടെ ലക്ഷ്യം.

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഒരിക്കല്‍ മാത്രമേ ഒരു സീസണില്‍ 10 ടീമുകള്‍ മല്‍സരിച്ചിട്ടുള്ളൂ. 2011ലെ സീസണിലായിരുന്നു ഇത്. അന്നു ലീഗ് ഘട്ടത്തില്‍ എട്ടും ഒമ്പതു മല്‍സരങ്ങള്‍ വരെ വിജയിച്ച ടീമുകള്‍ പ്ലേഓഫിലേക്കു യോഗ്യത നേടിയിരുന്നു. ഇതു പരിഗണിക്കുമ്പോള്‍ പരമാവധി ലഭിക്കാവുന്ന 14 പോയിന്റ് കിട്ടിയാലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ ഇനി പ്ലേഓഫിലുണ്ടാവില്ലെന്നു നമുക്ക് ഉറപ്പിച്ചു പറയാം.

ചെന്നൈയെക്കൂടാതെ ഈ സീസണില്‍ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ച മറ്റൊരു ടീം അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ്. സീസണിലെ ആദ്യത്തെ എട്ടു മല്‍സരങ്ങളിലും തോറ്റതോടെയാണ് മുംബൈ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ആദ്യത്തെ ടീമായി മാറിയത്. അവസാന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് മുംബൈ മാനംകാത്തിരുന്നു. ഇനി ബാക്കിയുള്ള അഞ്ചു മല്‍സരങ്ങളും ജയിച്ചാലും മുംബൈയ്ക്കു പരമാവധി ലഭിക്കുക 12 പോയിന്റാണ്.

അതേസമയം, റോയല്‍ ചാലഞ്ചേഴ്‌സുമായുള്ള കഴിഞ്ഞ നിര്‍ണായക മല്‍സരത്തില്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയത്തിലേക്കു തള്ളിയിട്ടത്. ടോസിനു ശേഷം സിഎസ്‌കെ നായകന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആര്‍സിബി എട്ടു വിക്കറ്റിനു 173 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തി. ആര്‍സിബി നിരയില്‍ ആരും ഫിഫ്റ്റിയടിച്ചില്ല.
42 റണ്‍സെടുത്ത മഹിപാല്‍ ലൊംറോറാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 27 ബോളില്‍ താരം മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി 38ഉം വിരാട് കോലി 30 റണ്‍സെടുത്ത് പുറത്തായി. ദിനേശ് കാര്‍ത്തിക് (26), രജത് പാട്ടിദാര്‍ (21) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. സിഎസ്‌കെയ്ക്കു വേണ്ടി മഹീഷ് തീക്ഷണ മൂന്നും മോയിന്‍ അലി രണ്ടും വിക്കറ്റുകളെടുത്തു.

റണ്‍ചേസില്‍ ചെന്നൈക്കു എട്ടു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ ഡെവന്‍ കോണ്‍വേയുടെ (56) ഫിഫ്റ്റി മാറ്റിനിര്‍ത്തിയാല്‍ മറ്റാരും കാര്യമായ സംഭാവന നല്‍കിയില്ല. 37 ബോൡ ആറു ആറു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മോയിന്‍ അലി 34ഉം റുതുരാജ് ഗെയ്ക്വാവ് 28ഉം റണ്‍സെടുത്തു.


Click it and Unblock the Notifications











