
പ്രധാന താരങ്ങളെല്ലാം ടീമിലുണ്ട്
മുന്‍ സീസണിലെ ടീമിലെ പ്രധാനപ്പെട്ട മിക്ക താരങ്ങളെയും നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിനു പ്ലസ് പോയിന്റാണ്. ലേലത്തിനു മുമ്പ് തന്നെ നായകന്‍ എംഎസ് ധോണി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശി റുതുരാജ് ഗെയ്ക്വാദ് എന്നിവരെ സിഎസ്‌കെ നിലനിര്‍ത്തിയിരുന്നു.
ലേലത്തില്‍ അമ്പാട്ടി റായുഡു, ഡ്വയ്ന്‍ ബ്രാവോ, റോബിന്‍ ഉത്തപ്പ, ദീപക് ചാഹര്‍ തുടങ്ങിയ പ്രധാനപ്പെട്ടവരെയെല്ലാം സിഎസ്‌കെ തിരികെ വാങ്ങുകയും ചെയ്തിരുന്നു. ഫഫ് ഡുപ്ലെസി, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാണ് കൈവിടേണ്ടി വന്ന പ്രമുഖര്‍. മോശം ഫോമിലായതിനാല്‍ സുരേഷ് റെയ്മയെ സിഎസ്‌കെ വാങ്ങിയതുമില്ല.
നേരത്തേ തന്നെ ഫ്രാഞ്ചൈസിക്കൊപ്പമുള്ള ഭുരിഭാഗം പേരും പുതിയ സീസണിലുമുണ്ടെന്നത് സിഎസ്‌കെയ്ക്കു കാര്യങ്ങള്‍ എളുപ്പമാക്കും. സീസണിനു മുമ്പ് തന്നെ ടീമില്‍ ഒത്തിണക്കമുണ്ടാക്കാന്‍ ഇതു സഹായിക്കും.

തുറുപ്പുചീട്ടുകള്‍
വ്യക്തിഗത മികവിനേക്കാള്‍ ടീമിന്റെ കരുത്തില്‍ വിശ്വസിക്കുന്ന ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എങ്കിലും മാച്ച് വിന്നര്‍മാരായ ചില തുറുപ്പുചീട്ടുകളും അവര്‍ക്കുണ്ട്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാത്തിലും കസറുന്ന സൂപ്പര്‍ താരമാണ് അദ്ദേഹം. ഇതു തീര്‍ച്ചയായും സിഎസ്‌കെയുടെ കിരീട സാധ്യത വര്‍ധിപ്പിക്കും.
കഴിഞ്ഞ സീസണില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി അതിവേഗ ഇന്നിങ്‌സുകള്‍ കാഴ്ചവച്ച ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് മറ്റൊരു തുറുപ്പുചീട്ട്. ടീമിന്റെ സ്‌കോറിങിനു വേഗം കൂട്ടാനും വളരെ പെട്ടെന്നു മല്‍സരഗി മാറ്റാനും അദ്ദേഹത്തിനു കഴിയും. ബാറ്റിങിലും നിര്‍ണായക സംഭാവന നല്‍കാന്‍ ശേഷിയുള്ള ഓഫ് സ്പിന്നറുമാണ് അലി.

സമ്മര്‍ദ്ദഘട്ടത്തില്‍ തളരില്ല
സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാനുള്ള കഴിവാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഫേവറിറ്റുകളാക്കുന്ന മൂന്നാമത്തെ ഘടകം. ഏതു പ്രതിസന്ധി ഘട്ടത്തില്‍ നിന്നും തങ്ങള്‍ക്കു കരകയറാന്‍ സാധിക്കുമെന്നു അവര്‍ പല തവണ തെളിയിച്ചുകഴിഞ്ഞതാണ്. അനുഭവസമ്പത്തുള്ള കളിക്കാരുടെ സാന്നിധ്യമാണ് ഇതിനു അവരെ സഹായിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നായകന്‍ എംഎസ് ധോണിയുടെ ഫിനിഷിങ് തന്നെ ഉദാഹരണമായി എടുക്കാം. സീസണിലുടനീളം ബാറ്റിങില്‍ പതറിയ താരമായിരുന്നു അദ്ദേഹം. റണ്ണെടുക്കാനാവാതെ പാടുപെട്ട ധോണി പക്ഷെ ഡിസിക്കെതിരേ തന്റെ ഫിനിഷിങ് പാടവം വീണ്ടും പുറത്തെടുത്തു. ആറു ബോൡ 18 റണ്‍സാണ് അദ്ദേഹം പുറത്താവാതെ നേടിയത്.

രണ്ടു പോരായ്മകള്‍
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കിരീടം നേടുന്നതില്‍ നിന്നും തടയാനിടയുള്ള രണ്ടു പ്രധാനപ്പെട്ട കാരങ്ങള്‍ ഏതൊക്കെയാണെന്നറിയാം. ആദ്യത്തേത് പേസര്‍ ദീപക് ചാഹറിന്റെ അസാന്നിധ്യമാണെങ്കില്‍ രണ്ടാമത്തേത് ഫഫ് ഡുപ്ലെസി ഇത്തവണ ടീമില്‍ ഇല്ലയെന്നതാണ്.
ഇന്ത്യക്കായി കളിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ചാഹര്‍ വിശ്രമത്തിലാണ്. സീസണിന്റെ പകുതിയിലേറെയോ, ചിലപ്പോള്‍ സീസണ്‍ മുഴുവനോ അദ്ദേഹത്തിനു നഷ്ടമായേക്കും.
നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പൂര്‍വ്വ സ്ഥിതിയിലേക്കു മടങ്ങിയെത്താനുള്ള കഠിന ശ്രമത്തിലാണ് ചാഹര്‍. മെഗാ ലേലത്തില്‍ 14 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ സിഎസ്‌കെ തിരികെ വാങ്ങിയത്. ടീമിന്റെ ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ ചാഹറിനു പകരം സിഎസ്‌കെ ആരെ കളിപ്പിക്കുമെന്നതാണ് പ്രധാന ചോദ്യം.

സൗത്താഫ്രിക്കയുടെ പരിചയസമ്പന്നനായ ഡുപ്ലെസിയെ സിഎസ്്‌കെ ലേലത്തില്‍ ഉറപ്പായും വാങ്ങുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് അദ്ദേഹത്തെ വാങ്ങിയത്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ കിരീട വിജയത്തിന് പ്രധാന കാരണങ്ങളിലൊന്ന് ഡുപ്ലെസി- റുതുരാജ് ഓപ്പണിങ് സഖ്യമായിരുന്നു. ഇരുവരും സീസണില്‍ 600ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 633 റണ്‍സായിരുന്നു ഡുപ്ലെസിയുടെ സമ്പാദ്യം. റുതുരാജ് 635 റണ്‍സും നേടി. ഓപ്പണിങില്‍ ഡുപ്ലെസിയെ തീര്‍ച്ചയായും സിഎസ്‌കെ മിസ്സ് ചെയ്‌തേക്കും.


Click it and Unblock the Notifications