
എന്തു തന്നെയായാലും ഈ സീസണിനു ശേഷം ധോണി കളിക്കാനിടയില്ലെന്നു തന്നെയാണ് എല്ലാവരും ഉറപ്പിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ അടുത്ത സീസണില്‍ പുതിയൊരു നായകനെ സിഎസ്‌കെയ്ക്കു കണ്ടെത്തേണ്ടി വരും. സിഎസ്‌കെയുടെ ഭാവി ക്യാപ്റ്റന്‍ ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ നിഖില്‍ ചോപ്ര.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത നായകനെന്നാണ് നിഖില്‍ ചോപ്ര അഭിപ്രായപ്പെട്ടിരിക്കുന്നത്. മെഗാ ലേലത്തിനു മുമ്പ് സിഎസ്‌കെ ഏറ്റവുമധികം തുക മുടക്കിയത് ജഡ്ഡുവിനു വേണ്ടിയായിരുന്നു. 16 കോടിയായിരുന്നു അദ്ദേഹത്തിനു വേണ്ടി സിഎസ്‌കെയ്ക്കു ചെലവായത്.

അടുത്ത സിഎസ്‌കെ ക്യാപ്റ്റനെന്ന നിലയില്‍ ജഡേജ തീര്‍ച്ചയായും ഒരു ഓപ്ഷനാണ്. വളരെ നന്നായി എല്ലാ ഫോര്‍മാറ്റുകളിലും പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. ടി20യില്‍ നാലോവര്‍ ബൗള്‍ ചെയ്യുന്നതിനൊപ്പം ഫിനിഷിങിലും മികച്ച പ്രകടനമാണ് ജഡേജ കാഴ്ചവയ്ക്കുന്നത്. വളരെ മികച്ച രീതിയിലാണ് അദ്ദേഹത്തിന്റെ കരിയര്‍ മുന്നോട്ടു പോവുന്നതെന്നും നിഖില്‍ ചോപ്ര വിലയിരുത്തി.

രവീന്ദ്ര ജഡേജയ്ക്കു ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റവുമുയര്‍ന്ന തുക നല്‍കാനുള്ള കാരണവും ഭാവി ക്യാപ്റ്റനായി കണ്ടു വച്ചിരിക്കുന്നതിലാവാം. എംഎസ് ധോണി അടുത്ത വര്‍ഷം കളിച്ചില്ലെങ്കില്‍ പകരം ജഡേജ ഈ റോള്‍ ഏറ്റെടുക്കുമെന്ന് അവര്‍ ഉറപ്പിച്ചിട്ടുണ്ടാവുമെന്നും നിഖില്‍ ചോപ്ര അഭിപ്രായപ്രായപ്പെട്ടു.
ദീര്‍ഘകാലമായി സിഎസ്‌കെയ്ക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ജഡ്ഡു. ടീമിനു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. സുരേഷ് റെയ്‌നയായിരുന്നു നേരത്തേ ധോണിക്കു ശേഷം ഭാവി ക്യാപ്റ്റനാവുമെന്ന് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തവണ ലേലത്തില്‍ റെയ്‌നയെ സിഎസ്‌കെ വാങ്ങാതിരുന്നതോടെ ജഡ്ഡുവിന്റെ സാധ്യത തെളിഞ്ഞിരിക്കുകയാണ്.

ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് എംഎസ് ധോണി ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അദ്ദേഹം അവസാനമായി ഇറങ്ങിയത്. പിന്നീട് ടീമില്‍ നിന്നും ദീര്‍ഘകാലം ബ്രേക്കെുത്ത ധോണി 2020 ആഗസ്റ്റ് 15ന് വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു, എങ്കിലും ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. വളരെ ശരിയായ സമയത്തു തന്നെയാണ് ധോണി വിരമിച്ച് റിഷഭ് പന്തിനു ബാറ്റണ്‍ കൈമാറിയതെന്നു നിഖില്‍ ചോപ്ര ചൂണ്ടിക്കാട്ടി.

വിരമിക്കലെന്നത് എല്ലായ്‌പ്പോഴും കടുപ്പമേറിയ തീരുമാനം തന്നെയാണ്. കാരണം രാജ്യത്തിനു വേണ്ടി തനിക്ക് എത്ര മാത്രം സംഭാവന ചെയ്യാന്‍ സാധിക്കുമെന്ന് ഒരാള്‍ മനസ്സിലാക്കണം. റിഷഭ് പന്ത് ഉയര്‍ന്നുവന്നതോടെ തന്നേക്കാള്‍ നന്നായി ടീമിനു വേണ്ടി സംഭാവന ചെയ്യാന്‍ സാധിക്കുന്നവരുണ്ടെന്നു ധോണി തിരിച്ചറിഞ്ഞിട്ടുണ്ടാവും. അതുകൊണ്ട് തന്നെയാണ് അദ്ദേഹം വിരമിച്ച് ഐപിഎല്ലില്‍ മാത്രം കളി തുടരാനുള്ള തീരുമാനമെടുത്തത്. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ യുവതാരങ്ങള്‍ക്കു അവസരം നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് ധോണി വിരമിച്ചതെന്നും നിഖില്‍ ചോപ്ര കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











