IPL 2022: സിഎസ്‌കെയുടെ അടുത്ത നായകന്‍ ആര് ? റുതുരാജ് വേണ്ട !, കാരണം പറഞ്ഞ് പൊള്ളോക്ക്

മുംബൈ: ഇത്തവണ ഏറ്റവും നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിലനിവെ ചാമ്പ്യന്മാരെന്ന വിശേഷണത്തോടെയാണ് സിഎസ്‌കെ വന്നതെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായില്ല. അപ്രതീക്ഷിതമായി രവീന്ദ്ര ജഡേജയെ നായകസ്ഥാനത്തേക്കെത്തിച്ചാണ് സിഎസ്‌കെ ഈ സീസണില്‍ ഇറങ്ങിയത്. എംഎസ് ധോണിയുടെ സാന്നിധ്യത്തില്‍ ജഡേജയെ നായകനാക്കാനുള്ള ടീമിന്റെ തീരുമാനം പാളി. ജഡേജ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെട്ടപ്പോള്‍ സിഎസ്‌കെയ്ക്ക് പിന്നോട്ട് പോകേണ്ടി വന്നു.
മോശം പ്രകടനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ ജഡേജക്ക് നായകസ്ഥാനം ഒഴിയേണ്ടി വരികയും ധോണി തന്നെ നായകനാവുകയും ചെയ്തിരുന്നു. എന്തായാലും സിഎസ്‌കെയില്‍ വലിയ മാറ്റങ്ങള്‍ തന്നെ അടുത്ത സീസണില്‍ പ്രതീക്ഷിക്കാം. ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം നായകനായി ആരെന്നതാണ്. ധോണി വിരമിച്ചാല്‍ ജഡേജയായിരുന്നു പ്രതീക്ഷ. എന്നാല്‍ തനിക്ക് കൂട്ടിയാല്‍ കൂടില്ലെന്ന് ജഡേജ തന്നെ സമ്മതിച്ചതോടെ പുതിയ താരത്തെ തേടേണ്ട അവസ്ഥയാണ് സിഎസ്‌കെയ്ക്ക്.

നിലവിലെ താരങ്ങളില്‍ റുതുരാജ് ഗെയ്ക് വാദിനെ മാത്രമാണ് സിഎസ്‌കെയ്ക്ക് പരിഗണിക്കാന്‍ സാധിക്കുക. 2021ലെ ഓറഞ്ച് ക്യാപ്പിനുടമയാണ് റുതുരാജെങ്കിലും ഇത്തവണ നിരാശപ്പെടുത്തി. സിഎസ്‌കെയുടെ അടുത്ത നായകനായി റുതുരാജിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കവെ റുതുരാജ് വേണ്ടെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും അവതാരകനുമായ ഷോണ്‍ പൊള്ളോക്ക്.

'അടുത്ത സീസണില്‍ ധോണി കളിക്കുന്നില്ലെന്ന് തീരുമാനിച്ചാല്‍ പുറത്തുനിന്നു തന്നെ സിഎസ്‌കെയ്ക്ക് നായകനെ നോക്കേണ്ടി വരും. റുതുരാജ് ഈ സമയത്ത് അതിന് ശേഷിയുള്ളവനാണെന്ന് കരുതുന്നില്ല. അത്തരമൊരു ഉത്തരവാദിത്തം താങ്ങാന്‍ ഇപ്പോള്‍ അവന് സാധിക്കില്ല. അനുഭവസമ്പത്തിന്റെ കുറവുണ്ട്. ഇപ്പോള്‍ നായകസ്ഥാനം ഏല്‍പ്പിച്ചാല്‍ അവനെ സംബന്ധിച്ചത് വലിയ വെല്ലുവിളിയാവും. റുതുരാജിനെത്തന്നെയാണ് സിഎസ്‌കെ അടുത്ത നായകനായി കാണുന്നതെങ്കില്‍ അടുത്ത വര്‍ഷം ധോണി തീര്‍ച്ചയായും സിഎസ്‌കെയില്‍ വേണം. ധോണി ചിറകിന്റെ അടിയില്‍ വെച്ച് റുതുരാജിനെ കാക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യണ്ടെന്ന് പഠിപ്പിക്കണം. നിരന്തരം ഉപദേശങ്ങള്‍ നല്‍കണം. അവനിലേക്ക് നായകന്റെ ടെക്‌നിക്കുകള്‍ പകര്‍ന്നു നല്‍കണം'- പൊള്ളോക്ക് പറഞ്ഞു.

2021ല്‍ തിളങ്ങിയെങ്കിലും ഇത്തവണ റുതുരാജ് നിരാശപ്പെടുത്തി. സ്ഥിരതയില്ല. ഓപ്പണിങ്ങില്‍ ടീമിനൊപ്പം അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയെങ്കിലും അനുഭവസമ്പത്ത് വളരെ കുറവ്. വലിയ ടീമുകള്‍ക്കെതിരേ കളിച്ചിട്ടില്ലാത്ത റുതുരാജിന് നായകനായും വലിയ മുന്‍പരിചയമില്ല. ഈ സാഹചര്യത്തില്‍ റുതുരാജിനെ സിഎസ്‌കെ പോലൊരു വലിയ ടീമിന്റെ നായകസ്ഥാനം ഏല്‍പ്പിച്ചാല്‍ അത് താരത്തെ സമ്മര്‍ദ്ദത്തിലാക്കുമെന്നുറപ്പാണ്.

നിലവിലെ മറ്റ് താരങ്ങളില്‍ നായകനാക്കാന്‍ ആരുമില്ല. അമ്പാട്ടി റായിഡു ഈ സീസണോടെ വിരമിച്ചേക്കും. റോബിന്‍ ഉത്തപ്പയെ ഈ സീസണോടെ ടീമില്‍ നിന്ന് പൂര്‍ണ്ണമായും തഴഞ്ഞേക്കും. ബാക്കിയുള്ളവരാരും സിഎസ്‌കെയുടെ രീതി അറിയാത്ത യുവതാരങ്ങളാണ്. അതുകൊണ്ട് തന്നെ അടുത്ത നായകനെ കണ്ടെത്തുകയെന്നത് നിലവില്‍ സിഎസ്‌കെയ്ക്ക് മുന്നില്‍ വലിയ ചോദ്യമാണ്. എന്തായാലും അടുത്ത സീസണില്‍ കൂടി ധോണി സിഎസ്‌കെ നായകനായി ഒപ്പമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications