
ഗുജറാത്ത് ടൈറ്റന്‍സ്
ഹര്‍ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സാണ് ഏറ്റവും ദുര്‍ബലമായ ടീമെന്ന് പറയാം. റാഷിദ് ഖാന്‍, ശുബ്മാന്‍ ഗില്‍ എന്നിവരെ നിലനിര്‍ത്തി മെഗാ ലേലത്തിനെത്തിയ ഗുജറാത്ത് ലേലത്തിനെ ഫലപ്രദമായി ഉപയോഗിച്ചില്ലെന്ന് പറയാം. മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍, അല്‍സാരി ജോസഫ് ഉള്‍പ്പെടുന്ന പേസ് നിര ദുര്‍ബലം. ഡേവിഡ് മില്ലറെപ്പോലെ പഴയ പുലികളെ ടീമിലെത്തിച്ചാണ് ഗുജറാത്ത് തന്ത്രം മെനയുന്നത്. നിലവിലെ ടീം കരുത്ത് പരിഗണിക്കുമ്പോള്‍ ഗുജറാത്ത് തീര്‍ത്തും നിരാശപ്പെടുത്തിയേക്കും. നിലവില്‍ റാങ്കിങ്ങില്‍ 10ാം സ്ഥാനം മാത്രമാണ് അവര്‍ക്ക് നല്‍കാനാവുക.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഹൈദരാബാദ് ഇത്തവണ ഡേവിഡ് വാര്‍ണറെയടക്കം ഒഴിവാക്കിയാന്‍ മെഗാ ലേലത്തിലേക്കെത്തിയത്. കെയ്ന്‍ വില്യംസണെ നായകനാക്കി പദ്ധതി മെനഞ്ഞ ഹൈദരാബാദിന് ലേലത്തില്‍ പദ്ധതികളെല്ലാം പാളിയെന്ന് പറയാം. മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ സാധിക്കാത്ത ഹൈദരാബാദിന് ദൗര്‍ബല്യങ്ങളേറെ. നിക്കോളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരെ വിശ്വസ്തരെന്ന് വിളിക്കാനാവില്ല. വാര്‍ണറുടെയും റാഷിദ് ഖാന്റെയും അഭാവം നികത്താന്‍ ടീമിനായിട്ടില്ല. ടീം തിരഞ്ഞെടുപ്പിലെ അതൃപ്തിയെത്തുടര്‍ന്ന് ടീമിന്റെ സഹ പരിശീലകന്‍ സൈമണ്‍ കാറ്റിച്ച് ഇതിനോടകം ടീം വിട്ടുകഴിഞ്ഞു. ഒമ്പതാം സ്ഥാനം ഹൈദരാബാദിന് നല്‍കാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
അവസാന സീസണിലെ റണ്ണറപ്പുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ടാം സ്ഥാനം നല്‍കാം. ശ്രേയസ് അയ്യരെ നായകനായി എത്തിച്ചതിനെ മികച്ച നീക്കമായി വിലയിരുത്താമെങ്കിലും ടീമിന്റെ ആകെ കരുത്ത് പരിശോധിക്കുമ്പോള്‍ ടീം പോരാ. നിധീഷ് റാണ, പാറ്റ് കമ്മിന്‍സ് എന്നിവരെ തിരിച്ചെത്തിച്ച കെകെആറില്‍ പവര്‍ ഹിറ്റര്‍മാരായ താരങ്ങളുടെ കുറവുണ്ട്. ആന്‍ഡ്രേ റസലില്‍ അമിത പ്രതീക്ഷവെക്കുന്ന ടീമാണ് കെകെആര്‍. അലെക്‌സ് ഹെയ്ല്‍സ്, സാം ബില്ലിങ്‌സ് എന്നിവരെയൊക്കെ ടീമിലേക്ക് പരിഗണിച്ചിറങ്ങുന്ന കെകെആറിന്റെ പ്രകടനം കണ്ട് തന്നെ അറിയാം.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്
കെ എല്‍ രാഹുല്‍ നായകനായുള്ള ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് ഏഴാം സ്ഥാനം നല്‍കാം. ഗൗതം ഗംഭീര്‍ എന്ന ഉപദേഷ്ടാവിന് കീഴില്‍ മികച്ച നീക്കങ്ങള്‍ ലഖ്‌നൗ നടത്തിയെന്നാണ് പൊതുവേയുള്ള അഭിപ്രായം. മാര്‍ക്കസ് സ്റ്റോയിനിസ്, രവി ബിഷ്‌നോയ്, ആവേഷ് ഖാന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ടീമിന്റെ ബൗളിങ് നിരയില്‍ ദൗര്‍ബല്യമുണ്ട്. എവിന്‍ ലെവിസ്, ക്വിന്റന്‍ ഡീകോക്ക്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ജേസന്‍ ഹോള്‍ഡര്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവരൊക്കെ ഉണ്ടെങ്കിലും സ്ഥിരതയുള്ളവര്‍ കുറവാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
എംഎസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറാം സ്ഥാനം നല്‍കാം. റുതുരാജ് ഗെയ്ക് വാദ്, മോയിന്‍ അലി, രവീന്ദ്ര ജഡേജ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, ദീപക് ചഹാര്‍ തുടങ്ങി അവസാന സീസണില്‍ ടീമിന്റെ ഭാഗമായിട്ടുള്ളവരിലെ ഒട്ടുമിക്ക താരങ്ങളെയും ഇത്തവണ സിഎസ്‌കെ ഒപ്പം കൂട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മികച്ച ഒത്തിണക്കം ടീമിലുണ്ട്. സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്ന ടീമാണ് സിഎസ്‌കെ.

മുംബൈ ഇന്ത്യന്‍സ്
അഞ്ച് തവണ കിരീടം ചൂടിയ മുംബൈ തങ്ങളുടെ അടിസ്ഥാന ടീം ഘടന ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ കീറോണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ, എന്നിവരെയെല്ലാം ഇത്തവണയും ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. ജൂനിയര്‍ എബി വിശേഷണമുള്ള ഡെവാള്‍ഡ് ബ്രെവിസിനെയും മുംബൈ സ്വന്തമാക്കി. ജോഫ്രാ ആര്‍ച്ചര്‍-ബുംറ കൂട്ടുകെട്ട് ഈ സീസണില്‍ കാണാനാവാത്തത് വലിയ നഷ്ടമാണ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഇതുവരെ കപ്പ് നേടാനാവാത്ത ആര്‍സിബി ഇത്തവണ മികച്ച താരങ്ങളെയാണ് ഒപ്പം കൂട്ടിയിരിക്കുന്നത്. വിരാട് കോലി അവസാന സീസണോടെ നായകസ്ഥാനം ഒഴിഞ്ഞതോടെ പുതിയ നായകന് കീഴിലാവും ആര്‍സിബി ഇത്തവണ ഇറങ്ങുക. ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, വിരാട് കോലി എന്നീ മൂന്ന് സൂപ്പര്‍ താരങ്ങളിലൂന്നിയാണ് ആര്‍സിബിയുടെ കുതിപ്പ്. ഈ കൂട്ടുകെട്ട് ക്ലിക്കായാല്‍ ആര്‍സിബി കപ്പടിക്കും. ഹര്‍ഷല്‍ പട്ടേല്‍, ഫിന്‍ അലന്‍, ദിനേഷ് കാര്‍ത്തിക്, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, ജോഷ് ഹെയ്‌സല്‍വുഡ്, വനിന്‍ഡു ഹസരങ്ക എന്നിവരെല്ലാം ആര്‍സിബിക്കൊപ്പമുണ്ട്.

രാജസ്ഥാന്‍ റോയല്‍സ്
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് മൂന്നാം സ്ഥാനം നല്‍കാം. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാനൊപ്പം ഇത്തവണ മികച്ച താരങ്ങളാണുള്ളത്. ജോസ് ബട്‌ലര്‍, റാസി വാന്‍ ഡെര്‍ ഡൂസന്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ തുടങ്ങിയ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം ജെയിംസ് നിഷാം ഉള്‍പ്പെടെയുള്ള മികച്ച ഓള്‍റൗണ്ടര്‍മാരും ടീമിനൊപ്പമുണ്ട്. ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ നയിക്കുന്ന സ്പിന്‍ നിരയും എതിരാളികളുടെ ഉറക്കം കെടുത്തും. കെട്ടുറപ്പുള്ള നിരയാണ് ഇത്തവണ രാജസ്ഥാന്‍.

പഞ്ചാബ് കിങ്‌സ്
ഇത്തവണ പേഴ്‌സില്‍ ഏറ്റവും പണം ബാക്കിയുള്ളവരായി മെഗാ ലേലത്തിലേക്കെത്തിയ ടീമാണ് പഞ്ചാബ് കിങ്‌സ്. മികച്ച ടീമിനെത്തന്നെ സൃഷ്ടിച്ചെടുക്കാന്‍ പഞ്ചാബിനായിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്‌സ്റ്റനെപ്പോലെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരും ഒഡെയ്ന്‍ സ്മിത്ത്, റിഷി ധവാന്‍, ഷാരൂഖ് ഖാന്‍ എന്നിവരെപ്പോലെയുള്ള മികച്ച ഓള്‍റൗണ്ടര്‍മാരും കഗിസോ റബാഡ, സന്ദീപ് ശര്‍മ എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിരയും മികച്ചതാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ്
റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സാണ് ഏറ്റവും കരുത്തര്‍. ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, റോവ്മാന്‍ പവല്‍, അക്ഷര്‍ പട്ടേല്‍, ടിം സീഫെര്‍ട്ട്, സര്‍ഫറാസ് ഖാന്‍, ശര്‍ദുല്‍ ഠാക്കൂര്‍ തുടങ്ങി ശക്തമായ ടീമിനെത്തന്നെ ഒപ്പം കൂട്ടാന്‍ ഡല്‍ഹിക്കായില്ല. കന്നി കിരീടം തേടിയിറങ്ങുന്ന ഡല്‍ഹി എന്തുകൊണ്ടും ശക്തമായ നിരയാണ്. താരങ്ങളുടെ ഫോമും പ്രതീക്ഷക്കൊത്തുയര്‍ന്നാല്‍ ഡല്‍ഹി കപ്പുയര്‍ത്താന്‍ സാധ്യ കൂടുതലാണ്.


Click it and Unblock the Notifications













