IPL 2022: മാര്‍ച്ച് 26ന് ആരംഭം, ഫൈനല്‍ മെയ് 29ന്, തീയ്യതി പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മാര്‍ച്ച് 26ന് ആരംഭിക്കും. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 70 മത്സരങ്ങളാവും ഗ്രൂപ്പുഘട്ടത്തില്‍ ഉണ്ടാവുക. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് ഗ്രൂപ്പുകളായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. 14 മത്സരങ്ങളാവും ഓരോ ടീമുകള്‍ക്കും ലഭിക്കുക. ഏഴ് വീതം ഹോം മത്സരങ്ങളും 7 എവേ മത്സരങ്ങളുമാവും ഉണ്ടാവുക.
പൂനെ, മുംബൈ എന്നിവടങ്ങളിലെ സ്റ്റേഡിയങ്ങളിലായാവും മത്സരങ്ങള്‍ നടക്കുക. മുംബൈയിലെ വാംഖഡെ, ബ്രാബോണ്‍, ഡിവൈ പാട്ടീല്‍ സ്റ്റേഡിയങ്ങളിലായി 55 മത്സരങ്ങളും ബാക്കി 15 മത്സരം പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലുമാവും നടക്കുക. പ്ലേ ഓഫിന്റെ വേദി പിന്നീടാണ് തീരുമാനിക്കുക. ബിസിസിഐ സെക്രട്ടറി ജയ് ഷാ പത്രക്കുറിപ്പിലൂടെ ഇത് ഔദ്യോഗികമായി അറിയിച്ചത്.

ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകള്‍ വീതമാണ് ഉണ്ടാവുക. നാല് ടീമുകളുമായി രണ്ട് തവണ വീതം ഏറ്റുമുട്ടും. ഫൈനല്‍ മെയ് 29നാണ് നടക്കുക. കലാശപ്പോരാട്ടത്തിന്റെ വേദി അഹമ്മദാബാദാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളാണ് ഇത്തവണ പുതിയതായി എത്തിയത്. ഇതുവരെ പോയിന്റ് അടിസ്ഥാനത്തിലായിരുന്നു കാര്യങ്ങളെങ്കില്‍ 10 ടീമുകള്‍ എത്തിയതോടെയാണ് ഗ്രൂപ്പ് അടിസ്ഥാനത്തിലേക്ക് ടൂര്‍ണമെന്റ് മാറ്റാന്‍ ബിസിസി ഐ തീരുമാനിച്ചത്.
ഗ്രൂപ്പ് എയും ബിയും ഒന്നിനൊന്ന് ശക്തമാണ്. എയില്‍ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നിവരാണുള്ളത്. ബിയിലേക്ക് വരുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണുള്ളത്.

ധോണിയും വിരാട് കോലിയും ഒരേ ഗ്രൂപ്പില്‍ വന്നുവെന്നതാണ് ശ്രദ്ധേയം. ഗ്രൂപ്പ് ബിയേക്കാള്‍ ശക്തം എയാണ്. മുംബൈ, കെകെആര്‍, ഡല്‍ഹി എന്നിവരോടൊപ്പം രാജസ്ഥാനും ലഖ്‌നൗവും എത്തുമ്പോള്‍ പോരാട്ടം പൊടിപാറും. ഗ്രൂപ്പിലേക്ക് മാറുന്നതോടെ ഇത്തവണ പഴയ ആവേശം നഷ്ടമാവുമോയെന്നതും കണ്ടറിയണം. സിഎസ്‌കെ-മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ രണ്ട് ഗ്രൂപ്പുകളിലായാണുള്ളത്. നേരത്തെ മുംബൈയിലാവും കൂടുതല്‍ മത്സരങ്ങളെന്ന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ എതിര്‍പ്പുമായി മറ്റ് ടീമുകള്‍ രംഗത്തെത്തിയത്.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈക്ക് കൂടുതല്‍ മത്സരം ലഭിക്കാത്ത വിധമാവും മത്സരങ്ങള്‍ ക്രമീകരിക്കുക. എല്ലാവര്‍ക്കും തുല്യ പരിഗണനയാവും ലഭിക്കുക. അവസാന സീസണില്‍ പ്ലേ ഓഫ് പോലും കാണാനാവാതെ പോയ മുംബൈ ഇത്തവണ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. ലേലത്തില്‍ 15.25 കോടിക്ക് ഇഷാന്‍ കിഷനെ മുംബൈ സ്വന്തമാക്കിയിരുന്നു. ജോഫ്രാ ആര്‍ച്ചറെയും മുംബൈ ഒപ്പം കൂട്ടിയെങ്കിലും അടുത്ത സീസണില്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാനാവുക.

സിഎസ്‌കെ ഇത്തവണ അവസാന സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന ഒട്ടുമിക്ക പ്രമുഖരേയും ഒപ്പം കൂട്ടിയിട്ടുണ്ട്. എംഎസ് ധോണി ക്യാപ്റ്റനാവുമ്പോള്‍ റുതുരാജ് ഗെയ്ക് വാദ്, അമ്പാട്ടി റായിഡു, മോയിന്‍ അലി, രവീന്ദ്ര ജഡേജ, റോബിന്‍ ഉത്തപ്പ, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചഹാര്‍ എന്നിവരെല്ലാം സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. ശര്‍ദുല്‍ ഠാക്കൂര്‍, ഫഫ് ഡുപ്ലെസിസ് എന്നിവരെയാണ് സിഎസ്‌കെയ്ക്ക് നഷ്ടമായത്. ഇത്തവണ എല്ലാ ടീമിനൊപ്പവും ശക്തമായ താരനിരയുള്ളതിനാല്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്.

കോവിഡിന്റെ വ്യാപനത്തില്‍ കുറവുള്ളതിനാല്‍ 70 ശതമാനത്തോളം കാണികളെ പ്രവേശിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിസിസി ഐ. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാവും ഉണ്ടാവുക. ഇത്തവണ കര്‍ശന സുരക്ഷയൊരുക്കി ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാമെന്നാണ് ബിസിസി ഐ കണക്കുകൂട്ടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications