IPL 2022: എന്തുകൊണ്ട് റെയ്‌നയെ ടീമിലെടുത്തില്ല? കാരണം വെളിപ്പെടുത്തി സിഎസ്‌കെ സിഇഒ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മെഗാ താരലേലം പൂര്‍ത്തിയായപ്പോള്‍ ആരാധകരെ ഏറ്റവും നിരാശപ്പെടുത്തിയത് സുരേഷ് റെയ്‌നയെ വാങ്ങാന്‍ ആളില്ലാതെ പോയതാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരമായിരുന്ന റെയ്‌ന രണ്ട് കോടി അടിസ്ഥാന വിലക്കാണ് മെഗാ ലേലത്തിലേക്കെത്തിയത്. സിഎസ്‌കെ തങ്ങളുടെ പല മുന്‍ താരങ്ങളെയും ടീമിലേക്ക് തിരിച്ചെത്തിച്ചെങ്കിലും റെയ്‌നയെ തിരിച്ചെത്തിക്കാന്‍ തയ്യാറായില്ല.
ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള സിഎസ്‌കെയുടെ എക്കാലത്തെയും മികച്ച താരമാണ് സുരേഷ് റെയ്‌ന. എന്നിട്ടും എന്തുകൊണ്ടാണ് സിഎസ്‌കെ റെയ്‌നക്ക് അവസരം നല്‍കാത്തതെന്ന ചോദ്യം വലിയ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്നിരുന്നു. സിഎസ്‌കെയ്ക്കും എംഎസ് ധോണിക്കുമെതിരേയും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് റെയ്‌നയെ സിഎസ്‌കെ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിന്റെ സിഇഒ ആയ കാശി വിശ്വനാഥ്.

സിഎസ്‌കെയ്ക്കായി നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള റെയ്‌നയെ മാറ്റിനിര്‍ത്തേണ്ടി വന്നത് വളരെ പ്രയാസമുള്ള കാര്യം തന്നെയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ' കഴിഞ്ഞ 12 വര്‍ഷത്തോളമായി സിഎസ്‌കെയുടെ വളരെ സ്ഥിരതയുള്ള താരങ്ങളിലൊരാളായിരുന്നു റെയ്‌ന. അവനെ മാറ്റി നിര്‍ത്തുകയെന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ പ്രയാസമുള്ള തീരുമാനം തന്നെയാണ്. എന്നാല്‍ അതേ സമയം തന്നെ ടീമിന്റെ ഘടനയും താരങ്ങളുടെ ഫോമും പരിശോധിക്കുമ്പോള്‍ അവന്‍ ടീമിന്റെ പദ്ധതികളോട് ചേര്‍ന്നുനില്‍ക്കുന്നില്ല. അവനെ ഇത്തവണ ടീമിലെടുക്കാത്തതിന്റെ കാരണങ്ങളിലൊന്ന് അതാണ്. അവനെ തീര്‍ച്ചയായും മിസ് ചെയ്യും. ഡുപ്ലെസിസിനെയും ടീം മിസ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊക്കെ ലേലത്തിന്റെ ഭാഗമായിട്ടുള്ളതാണ്'- സിഎസ്‌കെയുടെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ കാശി വിശ്വനാഥന്‍ പറഞ്ഞു.

2020 സീസണില്‍ റെയ്‌ന ടീം മാനേജ്‌മെന്റുമായി ഉടക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് യുഎഇയിലെത്തിയ ശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു. 2020 സീസണില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്ന് റെയ്‌ന 2021 സീസണില്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ മികച്ച ഫോം കണ്ടെത്താനാവാതെ പോയതോടെ വേണ്ടത്ര അവസരം ലഭിച്ചില്ല. മൂന്നാം നമ്പറില്‍ മോയിന്‍ അലി വെടിക്കെട്ട് പ്രകടനം നടത്തിയതോടെ റെയ്‌നയുടെ സ്ഥാനം നഷ്ടമായി.
എന്നാല്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയില്‍ പടിയിറങ്ങേണ്ട ആളല്ല റെയ്‌നയെന്നാണ് ആരാധക പക്ഷം. രണ്ട് കോടി മുടക്കി റെയ്‌നയെ വാങ്ങി മാന്യമായ പടിയിറക്കത്തിനുള്ള അവസരം ഒരുക്കി നല്‍കണമായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം സിഎസ്‌കെയുടെ വളര്‍ച്ചയില്‍ ധോണിയെപ്പോലെ തന്നെ റെയ്‌നക്കും വലിയ പങ്കുണ്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. വലിയ ആരാധക പിന്തുണ റെയ്‌നക്കുണ്ട്. സിഎസ്‌കെ ആരാധകര്‍ക്ക് ധോണി തലയാണെങ്കില്‍ റെയ്‌ന ചിന്ന തലയാണ്. അതുകൊണ്ട് തന്നെ റെയ്‌നയെ തഴഞ്ഞതില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്.

സിഎസ്‌കെയ്ക്കുവേണ്ടി റെയ്‌ന നടത്തിയ പോലെ മികച്ച പ്രകടനങ്ങള്‍ മറ്റാരും നടത്തിയിട്ടില്ലെന്ന് പറയാം. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും കളത്തില്‍ എപ്പോഴും സജീവമായിരിക്കും റെയ്‌ന. സിഎസ്‌കെയ്ക്കായി കൂടുതല്‍ റണ്‍സെന്ന റെക്കോഡ് റെയ്‌നയുടെ പേരിലാണ് (4687). സിഎസ്‌കെയ്ക്കായി കൂടുതല്‍ തവണ 50 പ്ലസ് സ്‌കോറെന്ന (34) നേട്ടവും റെയ്‌നയുടെ പേരിലാണ്. ഐപിഎല്‍ നോക്കൗട്ടുകളില്‍ കൂടുതല്‍ റണ്‍സ് (714), ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ച് (109), ഫൈനലില്‍ കൂടുതല്‍ റണ്‍സ് (249) എന്നിങ്ങനെയുള്ള റെക്കോഡുകളെല്ലാം റെയ്‌നയുടെ പേരിലാണ്.
205 ഐപിഎല്ലില്‍ നിന്ന് 5528 റണ്‍സാണ് റെയ്‌നയുടെ കരിയറിലുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 506 ഫോറും 203 സിക്‌സും റെയ്‌ന പറത്തിയിട്ടുണ്ട്. മിസ്റ്റര്‍ ഐപിഎല്‍ വിശേഷണമുള്ള റെയ്‌നയുടെ ഇത്തരത്തിലുള്ള പടിയിറക്കം ആരാധകരെ വളരെ നിരാശരാക്കുന്നതാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications