IPL 2022: സിഎസ്‌കെ x കെകെആര്‍- എങ്ങനെ ജയിക്കണമെന്ന് അവര്‍ക്കറിയാം, വിജയികളെ പ്രവചിച്ച് എബിഡി

ഐപിഎല്ലിന്റെ 15ാം സീസണിനു ഇന്നു വൈകീട്ട് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ തുടക്കമാവുകയാണ്. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും രണ്ടു തവണ കിരീടമുയര്‍ത്തിയിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലാണ് കന്നിയങ്കത്തില്‍ കൊമ്പുകോര്‍ക്കുന്നത്. പുതിയ നായകര്‍ക്കു കീഴില്‍ ഇരുടീമുകളും ഇറങ്ങുന്നുവെന്നത് മല്‍സരത്തിന്റെ ആവേശം വര്‍ധിപ്പിക്കുന്നുണ്ട്. സിഎസ്‌കെയെ രവീന്ദ്ര ജഡേജ നയിക്കുമ്പോള്‍ കെകെആറിന്റെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്.
ഉദ്ഘാടന മല്‍സരത്തില്‍ ആരു വിജയിക്കുമെന്നതിനെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ഐക്കണ്‍ താരം കൂടിയായ അദ്ദേഹം ഈ സീസണില്‍ കളിക്കുന്നില്ല. ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി എബിഡി വിരമിച്ചു കഴിഞ്ഞു.

കഴിഞ്ഞ സീസണിന്റെ ഫൈനലിലും ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായിരുന്നു കൊമ്പുകോര്‍ത്തത്. അന്നു കെകെആറിനെ 27 റണ്‍സിനു തോല്‍പ്പിച്ച് എംഎസ് ധോണിക്കു കീഴില്‍ സിഎസ്‌കെ നാലാമത്തെ കിരീടം കൈക്കലാക്കുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ കണ്ട സിഎസ്‌കെയില്‍ ഇത്തവണയും വലിയ മാറ്റമൊന്നുമില്ലെന്നും ഏറെക്കുറെ അതേ ടീം തന്നെയാണ് ഇപ്പോഴുമെന്നും എബി ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടി. എന്നാല്‍ കെകെആര്‍ ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചതായും അദ്ദേഹം നിരീക്ഷിച്ചു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തന്നെയായിരിക്കും ഇത്തവണയും വിജയമെന്നു എബി ഡിവില്ലിയേഴ്‌സ് പ്രവചിച്ചു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കിരീടം നേടിയതിന്റെ ആത്മവിശ്വാസവുമായിട്ടാണ് അവര്‍ ഈ മല്‍സരത്തില്‍ ഇറങ്ങുന്നത്. എംഎസ് ധോണി ക്യാപ്റ്റനല്ലെങ്കിലും സിഎസ്‌കെയുടെ ടീം സെറ്റപ്പ് പഴയതു പോലെ തന്നെയാണ്. ധോണി നായകസ്ഥാനത്തു ഇല്ലെന്നതിനു വലിയ റോളുണ്ടെന്നു എനിക്കു തോന്നുന്നില്ല. അദ്ദേഹം ഗ്രൗണ്ടില്‍ തന്നെയുണ്ടാവും, പഴയതു പോലെ തന്നെ തന്ത്രശാലിയുമാണ്. കളിയിലെ തന്ത്രങ്ങളെക്കുറിച്ചും ഫീല്‍ഡ് ക്രമീകരണത്തെക്കുറിച്ചും ധോണി പുതിയ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയ്ക്കു നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുമെന്നും എബിഡി നിരീക്ഷിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരുപാട് അനുഭവസമ്പത്തുള്ള താരങ്ങളുള്ള ടീമാണ്. എങ്ങനെയാണ് ലൈന്‍ ക്രോസ് ചെയ്യേണ്ടതെന്നും മല്‍സരം വിജയിക്കേണ്ടതെന്നും അവര്‍ക്കു വളരെ നന്നായി അറിയാം. ആദ്യത്തെയും അവസാനത്തെയും മല്‍സരങ്ങള്‍ക്കു എങ്ങനെയാണ് പോവേണ്ടതെന്നും വളരെ നന്നായി അറിയുന്നവരാണ് സിഎസ്‌കെ. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ കാര്യമെടുത്താല്‍ അവിടെ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചതായി കാണാം. അതിനാല്‍ തന്നെ ഉദ്ഘാടന മല്‍സരം സിഎസ്‌കെ കൈക്കലാക്കുമെന്നാണ് താന്‍ കരുതുന്നതെന്നും എബി ഡിവില്ലിയേഴ്‌സ് വിശദമാക്കി.

ഉദ്ഘാടന മല്‍സരത്തിലെ ഫേവറിറ്റുകള്‍ സിഎസ്‌കെയാണെങ്കിലും കെകെആറിന്റെ മിസ്റ്ററി സ്പിന്നര്‍ സുനില്‍ നരെയ്ന്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു എബി ഡിവില്ലിയേഴ്‌സ് മുന്നറിയിപ്പ് നല്‍കി. നിങ്ങള്‍ ഒരുപാട് സ്പിന്നര്‍മാര്‍ നേരിടണമെന്നാഗ്രഹിക്കുന്ന പിച്ചാണ് ഇതെന്നു ഞാന്‍ കരുതുന്നില്ല. പക്ഷെ കെകെആറിനു അവരുടെ രണ്ടു മിസ്റ്ററി സ്പിന്നര്‍മാരെ ഇറക്കാനുണ്ട്. നരെയ്‌നെയും മിസ്റ്ററി സ്പിന്നര്‍മാരുടെ കൂട്ടത്തില്‍ പെടുത്താവുന്നതാണ്. സിഎസ്‌കെയുടെ ബാറ്റിങില്‍ കുറച്ച് അനുഭവസമ്പത്ത് കുറവുണ്ട്. ഡെവന്‍ കോണ്‍വോ നരെയ്‌നെ ഒരുപാട് നേരിട്ടിട്ടുള്ള താരമല്ല. അതിനാല്‍ തന്നെ ബോള്‍ എവിടേക്കായിരിക്കും പോവുകയെന്നു ഉറപ്പുണ്ടാവില്ലെന്നും എബി ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടി.

പന്ത് ഒരുപാട് ടേണ്‍ ചെയ്യുന്ന പിച്ചല്ലെങ്കിലും സുനില്‍ നരെയ്ന്‍ എല്ലായ്‌പ്പോഴും ഗെയിമിലുണ്ടാവും. വിക്കറ്റ് ടു വിക്കറ്റാണ് അദ്ദേഹം ബൗള്‍ ചെയുന്നത്. എന്താണ് സംഭവിക്കുന്നതെന്നു നിങ്ങള്‍ക്കു ഉറപ്പില്ലെങ്കില്‍ നരെയ്ന്‍ നിങ്ങളെ പുറത്താക്കും. കൂടാതെ അദ്ദേഹത്തിനു ബാറ്റിങ് പാടവവുമുണ്ട്. നരെയ്‌നെ ബ്രെന്‍ഡന്‍ മക്കെല്ലം ഓപ്പണറായി അയക്കുമെന്നു പ്രതീക്ഷിക്കുന്നു. അതു സംഭവിച്ചില്ലെങ്കില്‍ ബാറ്റിങില്‍ അദ്ദേഹത്തിനു വലിയ റോള്‍ വഹിക്കാനുണ്ടാവില്ലെന്നും എബി ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications