IPL 2022: 'ഇത്തരമൊരു ദുരന്തം സിഎസ്‌കെ മുമ്പ് നേരിട്ടിട്ടില്ല', ഹാട്രിക് തോല്‍വി വിലയിരുത്തി ആകാശ്

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ ഏറ്റവും തകര്‍ച്ച നേരിടുന്ന ടീമായി മാറിയിരിക്കുന്നത് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. എംഎസ് ധോണി നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറി ഇറങ്ങിയ സീസണില്‍ ഹാട്രിക് തോല്‍വിയാണ് സിഎസ്‌കെയെ കാത്തിരുന്നത്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ് തുടങ്ങിയ സിഎസ്‌കെ രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് പരാജയപ്പെട്ടു. മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോടാണ് ടീം തോറ്റത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരത കണ്ടെത്താന്‍ സിഎസ്‌കെ താരങ്ങള്‍ക്കായിട്ടില്ല. ദൗര്‍ബല്യങ്ങളേറെ. വരുന്ന മത്സരങ്ങളില്‍ തിരിച്ചുവരവ് നടത്തുകയെന്നത് ജഡേജക്കും സംഘത്തിനും എളുപ്പമാവില്ലെന്നുറപ്പ്. ഫഫ് ഡുപ്ലെസിസിനെ കൈവിട്ട് കളഞ്ഞതും ബൗളിങ് നിരയില്‍ പ്രമുഖരെ പരിഗണിക്കാത്തതും തിരിച്ചടിയായെന്ന് ആദ്യ റൗണ്ടുകളിലെ പ്രകടനത്തില്‍ നിന്ന് മനസിലാക്കാം.

ഇപ്പോഴിതാ സിഎസ്‌കെയുടെ ഹാട്രിക് തോല്‍വി വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ഇത്തരമൊരു തകര്‍ച്ച ഇതിന് മുമ്പ് സിഎസ്‌കെ നേരിട്ടട്ടില്ലെന്നാണ് ആകാശ് പറഞ്ഞത്. 2020ല്‍പ്പോലും ഇത്തരമൊരു അവസ്ഥ സിഎസ്‌കെയ്ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നാണ് ആകാശ് വിലയിരുത്തിയത്. 'പഞ്ചാബിനെതിരായ മത്സരം സിഎസ്‌കെയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം തുടര്‍ച്ചയായി രണ്ട് മത്സരം തോറ്റാണ് അവര്‍ ഇറങ്ങിയത്. തുടര്‍ച്ചയായി മൂന്ന് തോല്‍വി 2020ല്‍ പോലും സിഎസ്‌കെയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. ചരിത്രത്തില്‍ ഇതുവരെ ആദ്യത്തെ മൂന്ന് മത്സരവും സിഎസ്‌കെ തോറ്റിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു'- ആകാശ് ചോപ്ര പറഞ്ഞു.

റുതുരാജ് ഗെയ്ക് വാദിന്റെ മോശം ഫോം ടീമിന് തിരിച്ചടിയാവുന്നുണ്ട്. തുടര്‍ച്ചയായി മൂന്ന് മത്സരത്തിലും ഒറ്റ സംഖ്യയിലാണ് അദ്ദേഹം പുറത്തായത്. അവസാന സീസണിലെ ഓറഞ്ച് ക്യാപ് ജേതാവില്‍ നിന്ന് അല്‍പ്പം കൂടി മികച്ച പ്രകടനം എല്ലാവരും പ്രതീക്ഷിക്കുന്നു. 'ആദ്യ മൂന്ന് മത്സരത്തിലും റുതുരാജിന് തിളങ്ങാനായിട്ടില്ല. ആദ്യ മൂന്ന് മത്സരങ്ങളിലും റുതുരാജ് തിളങ്ങാത്ത തുടര്‍ച്ചയായ മൂന്നാമത്തെ സീസണാണിത്. ഓപ്പണറെന്ന നിലയില്‍ കളിക്കുമ്പോള്‍ ആദ്യത്തെ മൂന്ന് മത്സരങ്ങളിലും തിളങ്ങാന്‍ സാധിക്കുന്നില്ല എന്നത് വളരെയധികം ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. റുതുരാജിന്റെ മോശം പ്രകടനം ടീമിനെയാകെ ബാധിക്കുന്നുണ്ട്. നിങ്ങള്‍ വാങ്ങിയ പ്രതിഫലത്തോടെ ഉത്തരവാദിത്തം കാട്ടേണ്ടതായുണ്ട്'- ആകാശ് പറഞ്ഞു.

2020 സീസണില്‍ 0, 5, 0 എന്നിങ്ങനെയായിരുന്നു റുതുരാജിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലെ സ്‌കോര്‍. 2021ല്‍ 5, 5, 10 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. 2022ല്‍ 0, 1, 1 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരത്തിലെ സ്‌കോര്‍. പിന്നീടുള്ള മത്സരങ്ങളില്‍ ഗംഭീര പ്രകടനം നടത്തിയ റുതുരാജ് തിരിച്ചുവരവ് നടത്താറുണ്ടെങ്കിലും ആദ്യ മൂന്ന് മത്സരത്തിലെ മോശം പ്രകടനം ടീമിന് വലിയ തലവേദനയായിട്ടുണ്ടെന്ന് പറയാം.
പവര്‍പ്ലേക്കുള്ളില്‍ നാല് വിക്കറ്റ് വീണപ്പോള്‍ തന്നെ സിഎസ്‌കെ തോറ്റുവെന്നാണ് ആകാശ് പറയുന്നത്. 'റോബിന്‍ ഉത്തപ്പക്കും മികച്ചൊരു ദിവസമായിരുന്നില്ല. മോയിന്‍ അലി ഡെക്കായി. ബാറ്റിങ് ഓഡറില്‍ മുന്നോട്ട് കയറിയ രവീന്ദ്ര ജഡേജയും ഡെക്കില്‍ പുറത്തായി. 5.3 ഓവറില്‍ നാല് വിക്കറ്റ് സിഎസ്‌കെയ്ക്ക് നഷ്ടമായി. 180 റണ്‍സ് പിന്നിടുമ്പോള്‍ പവര്‍പ്ലേയില്‍ത്തന്നെ നാല് വിക്കറ്റ് നഷ്ടമാവുന്നതിനെപ്പറ്റി ഓര്‍ത്തുനോക്കു. പവര്‍പ്ലേയില്‍ത്തന്നെ സിഎസ്‌കെ തോറ്റു. ശിവം ദുബെ തോല്‍വിക്കിടയിലും നന്നായി കളിച്ചു. ഇത് അവന്റെ മികച്ച സീസണായാണ് തോന്നുന്നത്. തോല്‍വിയുടെ ഭാരം കുറവാണ് ദുബെ പരമാവധി ശ്രമിച്ചു' -ആകാശ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications