
സിഎസ്‌കെയ്ക്ക് നാല് കിരീടം നേടിക്കൊടുത്താണ് ധോണി നായകസ്ഥാനം ഒഴിയുന്നത്. രവീന്ദ്ര ജഡേജ പകരക്കാരനായി എത്തുമ്പോള്‍ വലിയ വെല്ലുവിളി തന്നെയാണ് ജഡേജക്ക് മുന്നിലുള്ളത്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സിഎസ്‌കെയും തമ്മില്‍ ഏറ്റുമുട്ടാന്‍ തയ്യാറെടുക്കവെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2012ല്‍ സിഎസ്‌കെയിലേക്കെത്തിയ രവീന്ദ്ര ജഡേജ നിലവിലെ ടീമിലെ സീനിയര്‍ താരങ്ങളിലൊരാളും നിര്‍ണ്ണായക താരവുമാണ്.

ധോണിയുടെ എല്ലാ പടിയിറക്കങ്ങളും അപ്രതീക്ഷതമായാണ്. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞത് മുതല്‍ സിഎസ്‌കെയുടെ നായകസ്ഥാനം ഒഴിഞ്ഞത് വരെ തന്റെ സസ്‌പെന്‍സ് ശൈലി നിലനിര്‍ത്താന്‍ ധോണിക്കായി. എന്നാല്‍ നായകനായുള്ള ധോണിയുടെ പടിയിറക്കം കാത്തിരുന്നവരെ നിരാശരാക്കുന്ന തീരുമാനം തന്നെയാണ് ധോണി ഇപ്പോള്‍ എടുത്തിരിക്കുന്നതെന്ന് പറയാം. ധോണി തീരുമാനിക്കുന്നതുവരെ നായകനായും താരവുമായി സിഎസ്‌കെയ്‌ക്കൊപ്പമുണ്ടാവുമെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ കഴിഞ്ഞ ദിവസം കൂടി പറഞ്ഞിരുന്നു.

സിഎസ്‌കെയുടെ നായകനായി 204 മത്സരങ്ങളാണ് ധോണി കളിച്ചത്. 121 മത്സരങ്ങള്‍ ടീമിനെ ജയിപ്പിക്കാന്‍ ധോണിക്കായിരുന്നു. 82 മത്സരങ്ങള്‍ തോറ്റപ്പോള്‍ ഒരു മത്സരത്തിന് ഫലമുണ്ടായില്ല. 59.60 ആണ് നായകനായുള്ള ധോണിയുടെ വിജയ ശതമാനം. നാല് തവണ ഐപിഎല്‍ കിരീടം നേടിക്കൊടുത്തത് കൂടാതെ രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം സിഎസ്‌കെയ്ക്ക് നേടിക്കൊടുക്കാനും ധോണിക്ക് സാധിച്ചിരുന്നു. 4475 റണ്‍സാണ് നായകനായി ധോണിയുടെ പേരിലുള്ളത്. ബാറ്റ്‌സ്മാനായി ധോണി തുടരുമെന്നാണ് ടീം വ്യക്തമാക്കിയിരിക്കുന്നത്. നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ ഇത്തവണ ടോപ് ഓഡറില്‍ ധോണിയെ ബാറ്റിങ്ങില്‍ പ്രതീക്ഷിക്കാമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

രണ്ട് വര്‍ഷം സിഎസ്‌കെയ്ക്ക് വിലക്ക് നേരിട്ടപ്പോള്‍ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനുവേണ്ടിയാണ് ധോണി കളിച്ചത്. ഇതില്‍ ഒരു വര്‍ഷം ടീമിനെ നയിക്കാനും ധോണിക്കായിരുന്നു. കരിയറില്‍ 220 ഐപിഎല്‍ മത്സരം കളിച്ച ധോണി 39.55 ശരാശരിയില്‍ 4746 റണ്‍സാണ് അദ്ദേഹം നേടിയത്. 23 അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍ 84 റണ്‍സാണ്. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ടീമിന്റെ വല്യേട്ടനായി ധോണി ടീമിനൊപ്പമുണ്ടാവുമെന്നുറപ്പ്.

ഈ സീസണിന് ശേഷം രവീന്ദ്ര ജഡേജ സിഎസ്‌കെയുടെ നായകനാവുമെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഈ സീസണില്‍ത്തന്നെ ജഡേജ നായകസ്ഥാനത്തേക്കെത്തിയത് അപ്രതീക്ഷിത നീക്കം തന്നെയായിരുന്നു. 33കാരനായ ജഡേജ രാജസ്ഥാന്‍ റോയല്‍സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമുകള്‍ക്കായി കളിച്ച ശേഷമാണ് സിഎസ്‌കെയിലേക്കെത്തിയത്. 200 ഐപിഎല്ലില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 2386 റണ്‍സും 127 വിക്കറ്റും നേടാന്‍ ജഡേജക്കായിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്സ് ടീം: നിലനിര്‍ത്തിയവര്‍- എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്. ലേലത്തില്‍ വാങ്ങിയവര്‍-റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.


Click it and Unblock the Notifications

