
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ റുതുരാജ് ഗെയ്ക് വാദിന്റെ മോശം ഫോം തുടരുന്നു. ആദ്യ നാല് മത്സരത്തിലും തീര്‍ത്തും നിരാശപ്പെടുത്തിയ ഗെയ്ക് വാദ് അഞ്ചാം മത്സരത്തിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും 16 പന്തില്‍ നിന്ന് 17 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. മൂന്ന് ബൗണ്ടറിയടക്കം മികച്ച തുടക്കമാണ് റുതുരാജിന് ലഭിച്ചതെങ്കിലും ജോഷ് ഹെയ്‌സല്‍വുഡിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു.
അവസാന സീസണില്‍ സിഎസ്‌കെയുടെ ഭാഗമായിരുന്ന ഹെയ്‌സല്‍വുഡിനെ മെഗാ ലേലത്തിന് മുമ്പ് ടീം കൈവിടുകയായിരുന്നു. ആര്‍സിബിയിലെത്തിയ താരം ആദ്യ മത്സരത്തില്‍ത്തന്നെ സിഎസ്‌കെയുടെ സ്റ്റാര്‍ ഓപ്പണറെ മടക്കി വരവറിയിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. 0, 1, 1, 16 എന്നിങ്ങനെയായിരുന്നു ആദ്യ നാല് മത്സരത്തിലെ റുതുരാജിന്റെ സ്‌കോര്‍. അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയില്‍ നിന്നാണ് ഇത്തരമൊരു തകര്‍ച്ച റുതുരാജ് നേരിട്ടത്.

സിഎസ്‌കെ മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയ താരമാണ് റുതുരാജ്. യുഎഇയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ റുതുരാജിന് ഇന്ത്യന്‍ പിച്ചുകള്‍ ദൗര്‍ബല്യം തന്നെയാണ്. അദ്ദേഹത്തിന് ഇന്ത്യയിലെ സ്വിങ് പിച്ചുകളില്‍ തിളങ്ങാന്‍ സാധിക്കുന്നില്ലെന്നത് മുന്‍ കണക്കുകളില്‍ നിന്ന് വ്യക്തം. ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിച്ച് കളിക്കുന്നതാണോ റുതുരാജിന് സമ്മര്‍ദ്ദം നല്‍കുന്നതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കേണ്ട കാര്യമാണ്. എന്തായാലും റുതുരാജിന്റെ മോശം ഫോം സിഎസ്‌കെ ആരാധകര്‍ക്ക് നല്‍കുന്ന നിരാശ ചെറുതല്ല.

നിരാശക്കിടയിലും റുതുരാജിന് ആശ്വസിക്കാന്‍ ഒരു നേട്ടമുണ്ട്. ആദ്യ 25 ഇന്നിങ്‌സില്‍ നിന്ന് കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണറെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ റുതുരാജിനായി. 869 റണ്‍സാണ് അദ്ദേഹം നേടിയത്. 857 റണ്‍സ് നേടിയ വിരാട് കോലിയുടെ റെക്കോഡിനെയാണ് റുതുരാജ് മറികടന്നത്. 975 റണ്‍സുമായി കെ എല്‍ രാഹുലാണ് തലപ്പത്ത്. 839 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ റെക്കോഡില്‍ നാലാം സ്ഥാനത്താണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ബാറ്റിങ് ദുഷ്‌കരമാണെന്നതും പരിഗണിക്കേണ്ട കാര്യം തന്നെയാണ്. ആദ്യം പന്തെറിയുന്നവര്‍ക്ക് നല്ല സ്വിങ്ങും പേസും ലഭിക്കും. ഇത് ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടുത്തും. എന്നാല്‍ രണ്ടാമതായി പന്തെറിയുന്നവര്‍ക്ക് മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് ഇതേ ആധിപത്യം ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാക്കുന്നു.

ഇന്നത്തെ മത്സരം സിഎസ്‌കെയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. നാല് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ഇറങ്ങുന്ന മത്സരം എന്നതിലുപരിയായി സിഎസ്‌കെയുടെ 200ാം ഐപിഎല്‍ മത്സരം കൂടിയാണിത്. ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ ടീമാണ് സിഎസ്‌കെ. 221 മത്സരം കളിച്ച് മുംബൈയും 216 മത്സരം കളിച്ച് ആര്‍സിബിയും 214 മത്സരം കളിച്ച് കെകെആറും 214 മത്സരം കളിച്ച് ഡല്‍ഹിയും 208 മത്സരം കളിച്ച പഞ്ചാബുമാണ് ഈ പട്ടികയില്‍ സിഎസ്‌കെയ്ക്ക് മുന്നിലുള്ളത്.