IPL 2022: 'പൈസാ വസൂല്‍'- മുംബൈ വാങ്ങിയ ഏറ്റവും മികച്ച അഞ്ചു പേര്‍
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവുമധികം തവണ ചാംപ്യന്മാരായിട്ടുള്ള ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ചു വണയാണ് അവര്‍ കിരീടമുയര്‍ത്തിയിട്ടുള്ളത്. എല്ലാം രോഹിത് ശര്‍മയ്ക്കു കീഴിലായിരുന്നു. കൂടുതല്‍ തവണ കിരീടം നേടിയ ടീം മാത്രമല്ല തുടര്‍ച്ചയായി രണ്ടു തവണ ചാംപ്യന്മാരായ ഏക ടീമുമാണ് അവര്‍.

മികച്ച കളിക്കാരുടെ സാന്നിധ്യമാണ് മുംബൈയെ ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ ഫ്രാഞ്ചൈസികളിലൊന്നാക്കി മാറ്റിയത്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന മുംബൈ ലേലത്തില്‍ പല വമ്പന്‍ കളിക്കാരെയും വാങ്ങിയിട്ടുണ്ട്. ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മ, റിക്കി പോണ്ടിങ്, ഷോണ്‍ പൊള്ളോക്ക്, സനത് ജയസൂര്യ എന്നിവരെല്ലാം തുടക്കകാലത്തു മുംബൈയ്‌ക്കൊപ്പമുണ്ടായിരുന്നു. ലേലത്തില്‍ മുംബൈ സ്വന്തമാക്കിയിട്ടുള്ള ഏറ്റവും മികച്ച അഞ്ചു കളിക്കാര്‍ ആരൊക്കെയാണെന്നറിയാം.

കരെണ്‍ പൊള്ളാര്‍ഡ്
വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മികച്ച സൈനിങുകളിലൊന്നാണ്. 2009ലെ ചാംപ്യന്‍സ് ലീഗ് ടി20യിലെയും ബിഗ് ബാഷ് ലീഗിലെയും തകര്‍പ്പന്‍ പ്രകടനങ്ങള്‍ പൊള്ളാര്‍ഡിനെ 2010ലെ ലേലത്തിലെ ഏറ്റവും ഡിമാന്റുള്ള താരങ്ങളിലൊരാളാക്കി മാറ്റിയിരുന്നു.
ലേലത്തില്‍ മുംബൈയെക്കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരെല്ലാം പൊള്ളാര്‍ഡിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ സൈലന്റ് ടൈബ്രേക്കറില്‍ പൊള്ളാര്‍ഡിനെ മുംബൈ റാഞ്ചുകയായിരുന്നു.

പിന്നീട് മുംബൈ ടീമിലെ നെടുംതൂണുകളിലൊരാളായി പൊള്ളാര്‍ഡ് മാറുന്നതാണ് കണ്ടത്. അതിനു ശേഷം ഒരിക്കല്‍പ്പോലും അദ്ദേഹത്തെ മുംബൈ കൈവിട്ടിട്ടുമില്ല. വരാനിരിക്കുന്ന സീസണിലും പൊള്ളാര്‍ഡ് മുംബൈയോടൊപ്പം തന്നെയുണ്ട്. നിലവില്‍ അവരുടെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. തോല്‍വിയുടെ വക്കില്‍ നിന്നും പല തവണ അവിശ്വസനീയ ഇന്നിങ്‌സുകളിലൂടെ പൊള്ളാര്‍ഡ് ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. ഇതുവരെ 178 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 16 ഫിഫ്റ്റികളടക്കം 3268 റണ്‍സ് പൊള്ളാര്‍ഡ് നേടിയിട്ടുണ്ട്. 150നടുത്ത് സ്‌ട്രൈ്ക്ക് റേറ്റോടെയാണിത്.

സൂര്യകുമാര്‍ യാദവ്
ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന സൂര്യകുമാര്‍ യാദവാണ് മുംബൈ ഇന്ത്യന്‍സിന്റെ മറ്റൊരു മികച്ച സൈനിങ്. 2012ലാണ് അദ്ദേഹം ആദ്യമായി മുംബൈയിലെത്തിയത്. പക്ഷെ അന്നു ഒരു മല്‍സരത്തില്‍ മാത്രമേ കളിക്കാനായുള്ളൂ. ഈ കളിയില്‍ ഡെക്കായ സൂര്യയെ പിന്നീട് കളിപ്പിച്ചതുമില്ല. 2014ല്‍ അദ്ദേഹം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തി. കുറച്ചു സീസണുകളില്‍ ഇവിടെ തുടര്‍ന്ന സൂര്യക്കു പക്ഷെ വലിയ സ്‌കോറുകളൊന്നും നേടാനായില്ല. എങ്കിലും ചില നിര്‍ണായക ഇന്നിങ്‌സുകള്‍ താരം കളിച്ചിരുന്നു.

2018ലെ മെഗാ ലേലത്തില്‍ 3.2 കോടിക്കു സൂര്യ വീണ്ടും പഴയ തട്ടകമായ മുംബൈയില്‍ തിരിച്ചെത്തി. പിന്നീട് സംഭവിച്ചത് ചരിത്രം. ടീമിന്റെ തുറുപ്പുചീട്ടായി മാറിയ അദ്ദേഹം അതുവഴി ദേശീയ ടീമിലെത്തുകയും ഇപ്പോള്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്തു. 2018ല്‍ 14 മല്‍സരങ്ങളില്‍ നിന്നും 512ഉം 2019ല്‍ 424ഉം 2020ല്‍ 480ഉം റണ്‍സ് സൂര്യ നേടിയികുന്നു. 19, 20 സീസണുകളില്‍ മുംബൈയ്ക്കായിരുന്നു കിരീടം. കഴിഞ്ഞ സീസണില്‍ അത്ര മികച്ച ഫോമിലായിരുന്നില്ലെങ്കിലും ലേലത്തിനു മുമ്പ് എട്ടു കോടിക്കു സൂര്യയെ മുംബൈ നിലനിര്‍ത്തുകയായിരുന്നു.

ജസ്പ്രീത് ബുംറ
ജസ്പ്രീത് ബുംറയെന്ന ലോകോത്ത ഫാസ്റ്റ് ബൗളര്‍ മുംബൈ ഇന്ത്യന്‍സിന്റെ കണ്ടെത്തലാണ്. മുന്‍ മുംബൈ കോച്ചായിരുന്ന ജോണ്‍ റൈറ്റാണ് ബുംറയെ മുംബൈ ടീമിലേക്കു കൊണ്ടുവന്നത്. അഹമ്മദാബാദിലെ ചില ആഭ്യന്തര ടി20 മല്‍സരങ്ങളിലെ പ്രകടനം കണ്ട ശേഷമാണ് ബുംറയെ റൈറ്റ് മുംബൈയുടെ ട്രയല്‍സിനായി ക്ഷണിച്ചത്. തുടര്‍ന്നു അദ്ദേഹത്തെ ടീമിന്റെ ഭാഗമാക്കുകയായിരുന്നു.
2012ല്‍ ആര്‍സിബിക്കെതിരേ കളിച്ചാണ് ബുംറ ഐപിഎല്ലില്‍ അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ 32 റണ്‍സിനു മൂന്നു വിക്കറ്റുകളുമായി അദ്ദേഹം വരവറിയിക്കുകയും ചെയ്തു. ആര്‍സിബി നായകന്‍ വിരാട് കോലിയായിരുന്നു ബുംറയുടെ കന്നി വിക്കറ്റ്. മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍ എന്നിവരായിരുന്നു മറ്റു ഇരകള്‍.

മുംബൈ പേസ് ബൗളിങില്‍ വളരെ പെട്ടെന്നാണ് ബുംറ സ്ഥാനമുറപ്പിച്ചത്. ഇതിഹാസ പേസര്‍ ലസിത് മലിങ്കയ്ക്കു കീഴില്‍ അദ്ദേഹം തന്റെ ബൗളിങിന്റെ മൂര്‍ച്ച മിനുക്കിയെടുക്കുകയും ചെയ്തു. ഇതുവരെ 106 മല്‍സരങ്ങളില്‍ നിന്നും 130 വിക്കറ്റുകള്‍ ബുംറ വീഴ്ത്തിയിട്ടുണ്ട്. 2017ല്‍ 20ഉം 19ല്‍ 19ഉം 2020ല്‍ 27ഉം വിക്കറ്റുകള്‍ അദ്ദേഹത്തിനു ലഭിച്ചിരുന്നു. ഇത്തവണ ലേലത്തിനു മുമ്പ് ബുംറയെ മുംബൈ നിലനിര്‍ത്തിയിരുന്നു.

ലസിത് മലിങ്ക
കരെണ്‍ പൊള്ളാര്‍ഡിനെക്കൂടാതെ മുംബൈ ഇന്ത്യന്‍സിന്റെ മറ്റൊരു മികച്ച വിദേശ സൈനിങാണ് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ലസിത് മലിങ്ക. 2008ലെ പ്രഥമ സീസണിലാണ് അദ്ദേഹം മുംബൈയുടെ ഭാഗമായത്. പക്ഷെ പരിക്കു കാരണം ഈ സീസണില്‍ കളിക്കാനായില്ല. 2009ല്‍ തിരിച്ചെത്തിയ മലിങ്ക മിന്നുന്ന പ്രകടനം നടത്തി. 13 മല്‍സരങ്ങളില്‍ 18 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. പിന്നീട് മുബൈയുടെ പേസാക്രമണത്തിന്റെ കുന്തമുനയായി അദ്ദേഹം മാറി. പല ബൗളര്‍മാരും അതിനു ശേഷം മുംബൈ ടീമിലെത്തിയെങ്കിലും മലിങ്കയുടെ സ്ഥാനം ആര്‍ക്കും തട്ടിയെടുക്കാനായില്ല.

വിരമിക്കുന്നതു വരെ മലിങ്ക മുംബൈയ്‌ക്കൊപ്പം തന്നെയായിരുന്നു.122 മല്‍സരങ്ങളില്‍ നിന്നും 7.14 ഇക്കോണമി റേറ്റില്‍ 177 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ടൂര്‍ണമെന്റിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് മലിങ്ക. 2019ലാണ് അദ്ദേഹം അവസാനമായി കളിച്ചത്.

രോഹിത് ശര്‍മ
ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈ ഇന്ത്യന്‍സിന്റെ മറ്റൊരു മികച്ച സൈനിങ്. മുംബൈയുടെ തലവര മാറ്റിയ നായകന്‍ തന്നെയാണ് അദ്ദേഹം. രോഹിത് ടീമിലേക്കു വരുന്നതിനു മുമ്പ് ഒരു ഐപിഎല്‍ കിരീടം പോലും അവര്‍ നേടിയിരുന്നില്ല. 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമായിരുന്നു അദ്ദേഹം ഐപിഎല്‍ കരിയര്‍ തുടങ്ങിയത്. 2009ല്‍ അവര്‍ക്കൊപ്പം കിരീടം നേടുകയും ചെയ്തു.

2011ലെ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെല്ലുവിളി മറികടന്ന് രോഹിത്തിനെ മുബൈ സ്വന്തമാക്കുകയായിരുന്നു. 2013ലാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങിനു പകരം രോഹിത് നായകസ്ഥാനമേറ്റെടുത്തത്. പിന്നീടുള്ള എല്ലാ സീസണുകളിലും ടീമിനെ നയിച്ച അദ്ദേഹം മുംബൈയ്ക്കു അഞ്ചു കിരീടങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു. പുതിയ സീസണിലും ഹിറ്റ്മാന്‍ തന്നെയാണ് മുംബൈ നായകന്‍. ഐപിഎല്ലില്‍ 213 മല്‍സരങ്ങളില്‍ നിന്നും 130.39 സ്‌ട്രൈക്ക് റേറ്റോടെ 5611 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 40 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications