
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്നു അശ്വിന്‍. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട അദ്ദേഹത്തെ മെഗാ ലേലത്തില്‍ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു. അഞ്ചു കോടി രൂപയ്ക്കാണ് താരത്തെ റോയല്‍സ് സ്വന്തമാക്കിയത്. അശ്വിനും മറ്റു ഇന്ത്യന്‍ സ്പിന്നറുമായ യുസ്വേന്ദ്ര ചാഹലുമടങ്ങുന്ന ശക്തമായ ബൗളിങ് നിരയാണ് റോയല്‍സിന്റേത്.

സഞ്ജു സാംസണിന്റെ ബാറ്റിങ് എല്ലായ്‌പ്പോഴും തന്നെ ഞെട്ടിച്ചിട്ടുണ്ടെന്നു ആര്‍ അശ്വിന്‍ വ്യക്തമാക്കി. ഞാന്‍ രോഹിത് ശര്‍മയുടെ വലിയൊരു ഫാനാണ്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. അദ്ദേഹം വളരെ സ്‌പെഷ്യലായിട്ടുള്ള താരമാണ്. സഞ്ജുവും അതുപോലെ തന്നെ വളരെ സ്‌പെഷ്യലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം ആ തടസ്സങ്ങള്‍ ഇനിയും തകര്‍ത്തിട്ടില്ലെന്നു മാത്രമേയുള്ളൂ. അതിനു എത്ര സമയം കൂടി വേണ്ടി വരുമെന്നു മാത്രമേ അറിനായുള്ളൂവെന്നും അശ്വിന്‍ പറഞ്ഞു.

സഞ്ജു സാംസണുമായി സഹോദരതുല്യമായ ബന്ധമാണ് തനിക്കുള്ളെന്നും വലിയ ബഹുമാനമാണ് അദ്ദേഹം നല്‍കിയിട്ടുള്ളെന്നും ആര്‍ അശ്വിന്‍ വ്യക്തമാക്കി. അടിസ്ഥാന തലത്തില്‍ തന്നെ ഞങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. ഞാന്‍ തമിഴ്‌നാട്ടില്‍ നിന്നാണ് വരുന്നതെങ്കില്‍ സഞ്ജു കേരളത്തില്‍ നിന്നുള്ളയാളാണ്. അവന്‍ ഒരുപാട് തമിഴ് സിനിമകള്‍ കാണുന്നയാളാണ്. വലിയൊരു സിനിമാ പ്രേമിയാണ് സഞ്ജു, ഞാനും അതുപോലെ തന്നെ. ഞങ്ങള്‍ അവിടെ വച്ചു തന്നെ ബന്ധപ്പെട്ടിരിക്കുന്നു. സൗത്ത് ഇന്ത്യനെന്ന നിലയില്‍ നിങ്ങള്‍ സിനിമയിലൂടെ ബന്ധപ്പെട്ടിരിക്കുമ്പോള്‍ അതിനേക്കാള്‍ മെച്ചപ്പെട്ടതിന്റെ ആവശ്യമില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

സഞ്ജു സാംസണും ഞാനും തമ്മില്‍ പല കാര്യങ്ങളും സംസാരിക്കാറുണ്ട്. എന്നെ അവന്‍ പേര് പോലും വിളിക്കാറില്ല. ഒരു മൂത്ത സഹോദരനെന്ന പോലെ 'അണ്ണായെന്നാണ്' സഞ്ജു എന്നെ വിളിക്കാറുള്ളത്. അത്രയും പരസ്പര ബഹുമാനവും ഇഷ്ടവുമാണ് ഞങ്ങള്‍ തമ്മിലുള്ളതെന്നും അശ്വിന്‍ പറയുന്നു.
കഴിഞ്ഞ മെഗാ ലേലത്തിലെ മാര്‍ക്വി താരങ്ങളിലൊരാളായിരുന്നു അശ്വിന്‍. ഇതാദ്യമായാണ് അദ്ദേഹം റോയല്‍സ് ടീമിന്റെ ഭാഗമായത്. ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ കരിയര്‍ ആരംഭിച്ച അശ്വിന്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ടീമുകള്‍ക്കു വേണ്ടി കളിച്ച ശേഷമാണ് റോയല്‍സിലേക്കു വന്നിരിക്കുന്നത്.

2008ലെ പ്രഥമ സീസണിലെ ഐപിഎല്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം കിരീടത്തിനായുള്ള കാത്തിരിപ്പ് ഈ സീസണില്‍ അവസാനിപ്പിക്കാമെന്ന ശുഭ പ്രതീക്ഷയിലാണ്. മുന്‍ സീസണുകളിലെ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ശക്തമായ നിരയാണ് ഇത്തവണത്തേത്.
ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട്, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയ ഒരുപിടി മികച്ച താരങ്ങള്‍ റോയല്‍സ് ടീമിലുണ്ട്. കഴിഞ്ഞ സീസണിലാണ് സ്റ്റീവ് സ്മിത്തിനു പകരം സഞ്ജു റോയല്‍സിന്റെ നായകസ്ഥാനത്തേക്കു വന്നത്. പുതിയ സീസണില്‍ റോയല്‍സിന്റെ ആദ്യ മല്‍സരം 29ന് പൂനെയില്‍ വച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ്.

രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ്
നിലനിര്‍ത്തിയവര്‍- സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍.
ലേലത്തില്‍ വാങ്ങിയവര്‍- ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെസി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിംഗ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, കുല്‍ദിപ് യാദവ്, കുല്‍ദീപ് യാദവ്, ശുഭം ഗര്‍വാല്‍, ജെയിംസ് നീഷാം, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, റാസി വാന്‍ഡര്‍ ഡ്യുസ്സെന്‍, ഡാരില്‍ മിച്ചല്‍.


Click it and Unblock the Notifications