
റായിഡു ഓപ്പണറാവുക
സിഎസ്‌കെയുടെ പ്രധാന തലവേദന അവസാന സീസണിലേതുപോലെ ഓപ്പണര്‍മാര്‍ക്ക് തിളങ്ങാനാവാത്തതാണ്. റുതുരാജ് ഗെയ്ക് വാദിനും റോബിന്‍ ഉത്തപ്പക്കും ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ ഓപ്പണിങ്ങില്‍ അമ്പാട്ടി റായിഡുവിനെ റുതുരാജിനൊപ്പമിറക്കി റോബിന്‍ ഉത്തപ്പയെ മൂന്നാം നമ്പറില്‍ ഇറക്കാവുന്നതാണ്. റായിഡു മധ്യനിരയില്‍ പ്രയാസപ്പെടുന്നതിനാല്‍ താരത്തിനും മാറ്റം അത്യാവശ്യമാണ്. 15 തവണ ഓപ്പണറായ റായിഡു 431 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും.

മോയിന്‍ അലിയെ നാലാം നമ്പറിലിറക്കാം
സിഎസ്‌കെയുടെ ഓപ്പണിങ് ക്ലിക്കാവാത്തതിനാല്‍ മൂന്നാം നമ്പറില്‍ മോയിന്‍ അലി എത്തുമ്പോള്‍ പ്രതീക്ഷിച്ച ബാറ്റിങ് വെടിക്കെട്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അവസാന സീസണില്‍ ഓള്‍റൗണ്ട് മികവ് കാട്ടിയ മോയിന്‍ അലിക്ക് ഇത്തവണ പഴയ പ്രധാപമില്ല. അതുകൊണ്ട് തന്നെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതാവും കൂടുതല്‍ നന്നാവുക. 34കാരനായ താരം 249 റണ്‍സ് നാലാം നമ്പറില്‍ നേടിയിട്ടുണ്ട്. നാലാം നമ്പറില്‍ അലി ക്ലിക്കായാല്‍ മധ്യ ഓവറുകളിലും ടീമിനത് കരുത്താവും.

രവീന്ദ്ര ജഡേജ ഫിനിഷര്‍ റോളില്‍
രവീന്ദ്ര ജഡേജ നായകസ്ഥാനത്തേക്കെത്തിയതോടെ വലിയ സമ്മര്‍ദ്ദമാണ് താരം നേരിടുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും അദ്ദേഹത്തിന് തിളങ്ങാനാവുന്നില്ല. അഞ്ചാം നമ്പറിലാണ് ജഡേജ രണ്ട് മത്സരത്തില്‍ ബാറ്റ് ചെയ്തത്. ബാറ്റിങ് ഓഡറില്‍ നേരത്തെ ഇറങ്ങുമ്പോള്‍ ജഡേജക്ക് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ ആറാം നമ്പറില്‍ത്തന്നെ ജഡേജ ബാറ്റ് ചെയ്യുന്നതാണ് നല്ലത്. പഴയതുപോലെ ഫിനിഷര്‍ റോളിലേക്ക് ജഡേജ ഉപയോഗിച്ചാല്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ആഞ്ഞടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും. ശിവം ദുബെയെ അഞ്ചാം നമ്പറില്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

ഡ്വെയ്ന്‍ ബ്രാവോക്ക് പകരം തീക്ഷണ
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ ഡ്വെയ്ന്‍ ബ്രാവോ ഇത്തവണ മോശം ഫോമിലാണ്. പന്തുകൊണ്ട് പ്രതീക്ഷക്കൊത്ത് ഉയരാത്ത ബ്രാവോക്ക് ബാറ്റുകൊണ്ടും ഒന്നും ചെയ്യാനാവുന്നില്ല. ഈ സാഹചര്യത്തില്‍ ബ്രാവോക്ക് വിശ്രമം അനുവദിച്ച് ശ്രീലങ്കന്‍ സ്പിന്നര്‍ മഹേഷ് തീക്ഷണക്ക് അവസരം നല്‍കാവുന്നതാണ്. 15 ടി20യില്‍ നിന്ന് 14 വിക്കറ്റും ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ 10 മത്സരത്തില്‍ നിന്ന് 16 വിക്കറ്റും വീഴ്ത്തി. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ തീക്ഷണയെ സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്നതാണ്.

ഹംഗര്‍ഗേക്കറെ പ്ലേയിങ് 11ലേക്കെത്തിക്കണം
അണ്ടര്‍ 19 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച പേസ് ഓസ് ഓള്‍റൗണ്ടറാണ് രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍. ബാറ്റുകൊണ്ടും തകര്‍പ്പന്‍ പ്രകടനം നടത്താന്‍ യുവതാരത്തിന് മിടുക്കുണ്ട്. നിലവില്‍ സിഎസ്‌കെയുടെ ബാറ്റിങ് നിരയിലും ബൗളിങ് നിരയിലുമുള്ള പ്രശ്‌നത്തിന് ഒരുപോലെ പരിഹാരം കാണാന്‍ ഹംഗര്‍ഗേക്കറുടെ സാന്നിധ്യം സഹായിക്കും. പരിശീലന സമയത്ത് വലിയ ഷോട്ടുകള്‍ കളിച്ചിരുന്ന ഹംഗര്‍ഗേക്കര്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മറ്റ് ടീമുകളുടെ യുവതാരങ്ങള്‍ തിളങ്ങുന്ന സാഹചര്യത്തില്‍ ഹംഗര്‍ഗേക്കറെ സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications












