IPL 2022: ജഡേജ സിഎസ്‌കെ വിട്ടത് പരിക്ക് കാരണം മാത്രമല്ല !, മാനേജ്‌മെന്റുമായി ഉടക്ക്, റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. നിലവിലെ ചാമ്പ്യന്മാരെന്ന വമ്പോടെയെത്തിയ സിഎസ്‌കെയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. മെഗാ ലേലത്തില്‍ വലിയ പാളിച്ചകളൊന്നും പറ്റിയിരുന്നില്ല. വമ്പന്‍ പ്രതിഫലത്തില്‍ തിരിച്ചെത്തിച്ച ദീപക് ചഹാറിന്റെ പരിക്ക് മാത്രമാണ് തിരിച്ചടിയെന്ന് പറയാനാവുക. എന്നാല്‍ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് എംഎസ് ധോണി രവീന്ദ്ര ജഡേജക്ക് നായകസ്ഥാനം നല്‍കിയത്.
ഇത് സിഎസ്‌കെയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ജഡേജ അനുഭവസമ്പന്നനായ സൂപ്പര്‍ താരമാണെങ്കിലും നായകനായപ്പോള്‍ പ്രതീക്ഷിച്ച മികവിലേക്കെത്താനായില്ല. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ബാധിക്കുന്നതോടൊപ്പം സ്വന്തം പ്രകടനവും ശ്രദ്ധിക്കാന്‍ ജഡേജക്ക് സാധിച്ചില്ല. ഇതോടെ സിഎസ്‌കെയ്ക്ക് തുടര്‍ തോല്‍വികള്‍ നേരിടേണ്ടി വന്നു. എംഎസ് ധോണി പല തവണ സഹായത്തിനെത്തിയെങ്കിലും ജഡേജയെന്ന നായകനെ അതൊന്നും തുണച്ചില്ല.

പാതിവഴിയില്‍ ജഡേജ നായകസ്ഥാനം ഒഴിയുകയും എംഎസ് ധോണി വീണ്ടും സിഎസ്‌കെയുടെ നായകസ്ഥാനത്തേക്കെത്തുകയും ചെയ്തു. ജഡേജ ശരിക്കും അപമാനിതനാകുന്നതാണ് കണ്ടത്. നായകനാവാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയ ജഡേജക്ക് ആ സ്ഥാനം ലഭിച്ചപ്പോള്‍ ഇത്തരമൊരു നാണക്കേട് പേറേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ജഡേജ ഇത്രയും നാള്‍ ഉണ്ടാക്കിയ സല്‍പ്പേരിനെയെല്ലാം ഈ നായകസ്ഥാനം കളങ്കപ്പെടുത്തിയെന്ന് പറയാം.
നായകസ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം പഴയ ആവേശം ജഡേജക്കില്ലായിരുന്നു. ഇപ്പോഴിതാ പരിക്കിനെത്തുടര്‍ന്ന് സീസണില്‍ നിന്ന് ജഡേജ പിന്മാറിയെന്ന ഔദ്യോഗിക റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുകയാണ്. എന്നാല്‍ ജഡേജ സീസണില്‍ നിന്നടക്കം പിന്മാറാന്‍ കാരണം പരിക്ക് മാത്രമാണോ ? കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ജഡേജയെ ഫോളോ ചെയ്യുന്നത് സിഎസ്‌കെ നിര്‍ത്തുകയും ചെയ്തിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ തെളിയുന്ന ചിത്രം സിഎസ്‌കെ മാനേജ്‌മെന്റുമായി ജഡേജക്കുള്ള അഭിപ്രായ ഭിന്നതയാണ്.

ഇപ്പോഴിതാ സിഎസ്‌കെയിലെ ചില മുതിര്‍ന്ന വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ഇന്‍സൈഡ് സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം ജഡേജയും സിഎസ്‌കെയുടെ മാനേജ്‌മെന്റും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് വ്യക്തമാകുന്നത്. 'ജഡേജക്ക് പരിക്കുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ സിഎസ്‌കെ മാനേജ്‌മെന്റും ജഡേജയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് പറയാനാവില്ല. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് മുതല്‍ ബന്ധം അത്ര നല്ലതല്ല. അതിന് ശേഷം അവന്‍ വളരെ നിരാശനായിരുന്നു. സാധാരണ പോലെയെല്ല കാണപ്പെട്ടത്'- സിഎസ്‌കെയുടെ ഉയര്‍ന്ന വൃത്തങ്ങളിലൊരാള്‍ പറഞ്ഞു.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്ന് ജഡേജയെ വിശേഷിപ്പിക്കാം. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ് ജഡേജ. അവസാന സീസണില്‍ സിഎസ്‌കെ കിരീടം നേടിയപ്പോള്‍ ജഡേജ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ നായകനെന്ന നിലയില്‍ അല്‍പ്പമൊന്ന് പതറിയപ്പോള്‍ സിഎസ്‌കെയില്‍ ജഡേജ ഒറ്റപ്പെട്ടെന്ന് പറയാം. ധോണിയടക്കം ജഡേജയെ അനുകൂലിക്കുന്ന നിലപാടല്ല സ്വീകരിച്ചത്. ഇതിലെല്ലാം ജഡേജക്ക് നിരാശയുണ്ടാവുമെന്നുറപ്പ്.

ജഡേജ ആദ്യമായാണ് നായകസ്ഥാനത്തേക്കെത്തുന്നത്. ഈ സീസണ്‍ മുഴുവന്‍ അവസരം നല്‍കിയ ശേഷം ആവിശ്യമെങ്കില്‍ മാറ്റം വരുത്തുകയായിരുന്നു നല്ലത്. ഇത് പാതിവഴിയില്‍ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് അദ്ദേഹത്തെ അപമാനിക്കുന്നതുപോലെയായെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. സിഎസ്‌കെ ഇത്തവണ വലിയ പ്രതീക്ഷയിലായിരുന്നെങ്കിലും ടീമിന് അതിനൊത്ത പ്രകടനം കാഴ്ചവെക്കാനായില്ല. ഇതില്‍ മാനേജ്‌മെന്റിന് അതൃപ്തിയുണ്ട്. ഇത് ജഡേജയുടെ പുറത്താകലിലേക്ക് നയിച്ചെന്ന് തന്നെ വിലയിരുത്താം.
അടുത്ത സീസണില്‍ ജഡേജയെ സിഎസ്‌കെയില്‍ കാണാതിരുന്നാലും അത്ഭുതപ്പെടാനാവില്ല. ധോണി വിരമിച്ച ശേഷം നിലവിലെ താരങ്ങളില്‍ നിന്ന് സിഎസ്‌കെയ്ക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്നത് ജഡേജയെ മാത്രമാണ്. എന്നാല്‍ ഇതിനോടകം സിഎസ്‌കെ നായകനായി ജഡേജ പരാജയപ്പെട്ട സാഹചര്യത്തില്‍ അടുത്ത സീസണില്‍ പുതിയ താരങ്ങളെ സിഎസ്‌കെ ലക്ഷ്യം വെക്കാനുള്ള സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications