
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
കെയ്ന്‍ വില്യംസന്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. ഇത്തവണ ഏറ്റവും മോശം ടീമെന്ന് വിളിക്കാവുന്നത് ഹൈദരാബാദിനെയാണ്. മെഗാ ലേലത്തിലെ ടീമിന്റെ മോശം പ്രകടനം വിലയിരുത്തി ടീമിന്റെ സഹ പരിശീലകന്‍ സൈമണ്‍ കാറ്റിച്ച് ടീം വിട്ടുപോകുന്ന സാഹചര്യം പോലുമുണ്ടായി. യാതൊരു പദ്ധതികളുമില്ലാത്ത രീതിയിലാണ് ഹൈദരാബാദ് ലേലത്തെ നേരിട്ടത്.
എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, റൊമാരിയോ ഷിഫാര്‍ഡ്, മാര്‍ക്കോ ജാന്‍സന്‍, സീന്‍ അബോട്ട്, ഫസല്ലാഖ് ഫറൂഖി, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് ഹൈദരാബാദിന്റെ വിദേശ താരങ്ങള്‍. ഇവരില്‍ വിശ്വസ്തരെന്ന് വിളിക്കാവുന്ന ആരും തന്നെയില്ല. നിക്കോളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരെ വിശ്വസ്തരെന്ന് വിളിക്കാനാവില്ല. വാര്‍ണറുടെയും റാഷിദ് ഖാന്റെയും അഭാവം നികത്താന്‍ ടീമിനായിട്ടില്ല.

മുംബൈ ഇന്ത്യന്‍സ്
നിലവില്‍ മുംബൈ ഇന്ത്യന്‍സിന് ഒമ്പതാം സ്ഥാനം നല്‍കാം. ജോഫ്രാ ആര്‍ച്ചര്‍കൂടി എത്തുമ്പോള്‍ മുംബൈ കരുത്തുറ്റ നിരയായി മാറും. എന്നാല്‍ ഈ സീസണില്‍ ആര്‍ച്ചര്‍ മുംബൈക്കൊപ്പമില്ല. ടിം ഡേവിഡ്, ഡിവാള്‍ഡ് ബ്രെവിസ്, ഡാനിയല്‍ സാംസ്, റില്ലി മെറീഡിത്ത്, ടൈമല്‍ മില്‍സ് എന്നിവരാണ് കറെന്‍ പൊള്ളാര്‍ഡിനൊപ്പം മുംബൈയിലുള്ള വിദേശ താരങ്ങള്‍. ഇതില്‍ പൊള്ളാര്‍ഡിനെ മാറ്റിനിര്‍ത്തിയാല്‍ വിശ്വസ്‌തെന്ന് വിളിക്കാവുന്ന താരങ്ങളില്ല. അവസാന സീസണില്‍ പ്ലേ ഓഫ് കളിക്കാനാവാത്ത മുംബൈക്ക് ഇത്തവണ അഭിമാന പ്രശ്‌നമാണ്.

രാജസ്ഥാന്‍ റോയല്‍സ്
രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ശക്തമായ ടീം കരുത്തുള്ള ടീമാണ്. എന്നാല്‍ വിദേശ താരങ്ങളുടെ കരുത്തില്‍ അതി ശക്തരെന്ന് വിളിക്കാനാവില്ല. ജോസ് ബട്‌ലറും ട്രന്റ് ബോള്‍ട്ടും മികച്ചവരാണെങ്കിലും മറ്റുള്ളവരിലൊന്നും അമിത പ്രതീക്ഷവെക്കാനാവില്ല. ജിമ്മി നിഷാം, ഷിംറോന്‍ ഹെറ്റ്‌മെയര്‍, നതാന്‍ കോള്‍ട്ടര്‍നെയ്ല്‍, ഒബെഡ് മക്കോയി, റാസിവാന്‍ ഡെര്‍ ഡൂസന്‍, ഡാരില്‍ മിച്ചല്‍ എന്നിവരാണ് രാജസ്ഥാന്റെ വിദേശ താരങ്ങള്‍. ഇവരുടെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയണം.

ഗുജറാത്ത് ടൈറ്റന്‍സ്
ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് വിദേശ താരങ്ങളുടെ കരുത്തില്‍ ഏഴാം സ്ഥാനത്താണ്. റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് പ്രധാന വിദേശ താരങ്ങള്‍. ജേസന്‍ റോയി ടീമിലുണ്ടായിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് പിന്മാറി. ഡേവിഡ് മില്ലര്‍, മാത്യു വേഡ്, അല്‍സാരി ജോസഫ്, ഡൊമിനിക് ഡ്രേക്‌സ്, നൂര്‍ അഹമ്മദ് എന്നിവരാണ് ടീമിലെ മറ്റ് പ്രധാന വിദേശ താരങ്ങള്‍. ഡേവിഡ് മില്ലറെപ്പോലെ പഴയ പുലികളെ ടീമിലെത്തിച്ചാണ് ഗുജറാത്ത് തന്ത്രം മെനയുന്നത്. നിലവിലെ ടീം കരുത്ത് പരിഗണിക്കുമ്പോള്‍ ഗുജറാത്ത് തീര്‍ത്തും നിരാശപ്പെടുത്തിയേക്കും.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
എംഎസ് ധോണി നായകനാവുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ആറാം സ്ഥാനത്താണ്. ഡ്വെയ്ന്‍ ബ്രാവോ, മോയിന്‍ അലി, മഹേഷ് തീക്ഷണ, ക്രിസ് ജോര്‍ദാന്‍, ആദം മില്‍നെ, ഡിവോന്‍ കോണ്‍വെ , ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവരുടെയെല്ലാം പ്രകടനം കണ്ടറിയണം. അവസാന സീസണിലെ സൂപ്പര്‍ താരങ്ങളില്‍ ഒട്ടുമിക്ക താരങ്ങളെയും ഇത്തവണ നിലനിര്‍ത്താന്‍ സിഎസ്‌കെയ്ക്കായിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരാണവര്‍.

ഡല്‍ഹി ക്യാപിറ്റല്‍സ്
ഇത്തവണ അതിശക്തമായ താരനിരയോടെ എത്തുന്ന ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. റിഷഭ് പന്ത് നയിക്കുന്ന ടീമിന് ഭേദപ്പെട്ട വിദേശ താരക്കരുത്ത് തന്നെ അവകാശപ്പെടാം. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ആന്‍ റിച്ച് നോക്കിയേ എന്നിവരാണ് അതില്‍ പ്രധാനികള്‍. റോവ്മാന്‍ പവല്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, ലൂങ്കി എന്‍ഗിഡി എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഡല്‍ഹി നിര ഇത്തവണ കന്നിക്കിരീടത്തില്‍ മുത്തമിടാന്‍ കെല്‍പ്പുള്ളവരുടേതാണ്. അവസാന സീസണിലെ ടീമില്‍ നിന്ന് ശ്രേയസ് അയ്യര്‍, കഗിസോ റബാഡ എന്നിവരുടെ അഭാവം മാത്രമാണ് എടുത്തുപറയേണ്ടത്.

പഞ്ചാബ് കിങ്‌സ്
മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സിന് ഭേദപ്പെട്ട വിദേശ താരക്കരുത്ത് ഇത്തവണ അവകാശപ്പെടാം. കഗിസോ റബാഡ, ജോണി ബെയര്‍സ്‌റ്റോ, ഒഡിയാന്‍ സ്മിത്ത്, ലിയാം ലിവിങ്‌സ്റ്റന്‍, നതാന്‍ ഇല്ലിസ് തുടങ്ങി ടി20 ഫോര്‍മാറ്റില്‍ കരുത്ത് കാട്ടുന്ന നിരവധി പ്രമുഖരെ ഒപ്പം കൂട്ടാന്‍ പഞ്ചാബിന് സാധിച്ചിട്ടുണ്ട്. കെ എല്‍ രാഹുല്‍ ടീം വിട്ടെങ്കിലും ഇത്തവണ മികച്ച താരനിരയെത്തന്നെ ഒപ്പം കൂട്ടാന്‍ പഞ്ചാബിന് സാധിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. പാറ്റ് കമ്മിന്‍സ്, ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍, സാം ബില്ലിങ്‌സ്, മുഹമ്മദ് നബി, ടിം സൗത്തി, അലെക്‌സ് ഹെയ്ല്‍സ് എന്നിങ്ങനെ ശക്തമായ ടീം കരുത്താണ് കെകെആറിനൊപ്പമുള്ളത്. ദിനേഷ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍ എന്നിവരെയെല്ലാം ഒഴിവാക്കി ഇറങ്ങുന്ന കെകെആര്‍ ഇത്തവണ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്
കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ജേസന്‍ ഹോള്‍ഡര്‍, എവിന്‍ ലെവിസ്, ക്വിന്റന്‍ ഡീകോക്ക്, മാര്‍ക്കസ് സ്‌റ്റോയിനിസ്, മാര്‍ക്ക് വുഡ്, ദുഷ്മന്ത ചമീര എന്നിവരെല്ലാം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമുണ്ട്. ഇത്തവണ കന്നി സീസണാണ് കളിക്കാന്‍ പോകുന്നതെങ്കിലും അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പിലേക്കെത്താന്‍ ലഖ്‌നൗവിന് മികവുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഇതുവരെ കിരീടം നേടാത്ത ആര്‍സിബിക്കൊപ്പം ഇത്തവണ മികച്ച താരനിരയാണുള്ളത്. വിദേശ താരങ്ങളുടെ കാര്യത്തിലും ടീം പിന്നിലല്ല. ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ്, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, ഡേവിഡ് വില്ലി, ഫിന്‍ അലെന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ആര്‍സിബി ഇത്തവണ അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്. ആര്‍സിബിയെ ഇത്തവണ ആരാണ് നയിക്കുന്നതെന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications

