
ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയായിരിക്കും നിക്കോളാസ് പൂരന്റെ അവിശ്വസനീയ ഫോം ഏറ്റവുമധികം സന്തോഷിപ്പിക്കുക. കാരണം മെഗാ ലേലത്തില്‍ 10.75 കോടി രൂപയ്ക്കു അദ്ദേഹത്തെ എസ്ആര്‍ച്ച് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നിരുന്നു.
ഹൈദരാബാദ് ഒരു ഭാഗത്ത് ആഹ്ലാദനൃത്തം ചവിട്ടുമ്പോള്‍ മറുവശത്ത് ഏറ്റവുമധികം നിരാശ പഞ്ചാബ് കിങ്‌സിനായിരിക്കും. കാരണം കഴിഞ്ഞ സീസണില്‍ പഞ്ചാബിനൊപ്പമായിരുന്നു പൂരന്‍. എന്നാല്‍ ലേലത്തിനു മുമ്പ് അദ്ദേഹത്തെ ഫ്രാഞ്ചൈസി കൈവിടുകയായിരുന്നു. തങ്ങള്‍ക്കു എത്ര വലിയ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നതെന്നു ഇപ്പോള്‍ പഞ്ചാബ് തല ചൊറിയുന്നുണ്ടാവും.

ട്രിനിഡാഡ് ടി10 ബ്ലാസ്റ്റെന്ന ടൂര്‍ണമെന്റില്‍ തന്നെയാണ് സെഞ്ച്വറിക്കു പിന്നാലെ നിക്കോളാസ് പൂരന്‍ ഫിഫ്റ്റിയും തികച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ലെതര്‍ബാക്ക് ജയന്റ്‌സെന്ന ടീമിന്റെ നായകനും കൂടിയാണ് അദ്ദേഹം. കൊക്രിക്കോ കവാലിയേഴ്‌സ് ടീമിനെതിരേയാണി പൂരന്‍ അതിവേഗ ഫിഫ്റ്റി കണ്ടെത്തിയത്.

മല്‍സരത്തില്‍ മൂന്നാമനായി ഇറങ്ങിയ അദ്ദേഹം 14 ബോളില്‍ എട്ടു സിക്‌സറുകളോടെ 53 റണ്‍സാണ് പുറത്താവാതെ നേടിയത്. മല്‍സരത്തില്‍ ടീമിന്റെ വിജയശില്‍പ്പിയും പൂരനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കവാലിയേഴ്‌സ് നിശ്ചിത 10 ഓവറില്‍ ആറു വിക്കറ്റിനു 114 റണ്‍സെടുത്തു. മറുപടിയില്‍ പൂരന്റെ ജയന്റ്‌സ് ടീം 7.3 ഓവറില്‍ തന്നെ രണ്ടു വിക്കറ്റിനു വിജയം കൊയ്യുകയായിരുന്നു.

ദിവസങ്ങള്‍ക്കു മുമ്പ് സ്‌കാര്‍ലറ്റ് ഇബിസ് സ്‌കോര്‍ച്ചേഴ്‌സിനെതിരായ കളിയിലായിരുന്നു നിക്കോളാസ് പൂരന്റെ മിന്നല്‍ സെഞ്ച്വറി. ആദ്യം ബാറ്റ് ചെയ്ത സ്‌കോര്‍ച്ചേഴ്‌സ് മൂന്നു വിക്കറ്റിനു 128 റണ്‍സാണ് 10 ഓവറില്‍ സ്‌കോര്‍ ചെയ്തത്. മറുപടിയില്‍ ജയന്റ്‌സിന്റെ തുടക്കം പാളി. ആദ്യ ഓവറില്‍ സ്‌കോര്‍ 14ല്‍ വച്ച് അവര്‍ക്കു ഒരു വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീടായിരുന്നു പൂരന്റെ തൃശൂര്‍ പൂരം. ബൗളര്‍മാരെ അദ്ദേഹം നിലം തൊടീച്ചില്ല.

37 ബോളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പൂരന്റെ ഇന്നിങ്‌സില്‍ 10 സിക്‌സറും ആറു ബൗണ്ടറികളുമുള്‍പ്പെട്ടിരുന്നു. 95 റണ്‍സെടുത്തു നില്‍ക്കെ സിക്‌സറിലൂടെ അദ്ദേഹം സെഞ്ച്വറിയും ടീമിന്റെ വിജയറണ്‍സും കണ്ടെത്തുകയായിരുന്നു. 8.3 ഓവറില്‍ തന്നെ 129 റണ്‍സെന്ന ലക്ഷ്യം പൂരന്റെ ടീം ഒരു വിക്കറ്റിനു മറികടക്കുകയും ചെയ്തു.

ഇന്ത്യക്കെതിരേ കഴിഞ്ഞ മാസം നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും വെസ്റ്റ് ഇന്‍ഡീസിനായി നിക്കോളാസ് പൂരന്‍ തീപ്പൊരി പ്രകടനം നടത്തിയിരുന്നു. പരമ്പരയില്‍ തൂത്തുവാരപ്പെട്ട വിന്‍ഡീസിനെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കിയത് അദ്ദേഹത്തിന്റെ പ്രകടനം മാത്രമായിരുന്നു. മൂന്നു മല്‍സരങ്ങളിലും പൂരന്‍ ഫിഫ്റ്റിയുമായി വിന്‍ഡീസ് ഇന്നിങ്‌സിലെ നെടുംതൂണായി മാറി. 140.45 സ്‌ട്രൈക്ക് റേറ്റോടെ 184 റണ്‍സാണ് താരം അടിത്തെടുത്തത്. 61.33 എന്ന മികച്ച ശരാശരിയും പൂരനുണ്ടായിരുന്നു.

ഈ പരമ്പര കഴിഞ്ഞ നാട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് അദ്ദേഹം ഇപ്പോള്‍ ടി10 ചാംപ്യന്‍ഷിപ്പില്‍ റണ്‍വേട്ട തുടരുന്നത്. വൈകാതെ ഐപിഎല്ലില്‍ എസ്ആര്‍എച്ചിനായി കളിക്കുന്നതിനു വേണ്ടി പൂരന്‍ ഇന്ത്യയിലെത്തും. കെയ്ന്‍ വില്ല്യംസണിനു കീഴിലാണ് ഓറഞ്ച് ആര്‍മി രണ്ടാം കിരീടം ലക്ഷ്യമിട്ട് പുതിയ സീസണില്‍ ഇറങ്ങുക.


Click it and Unblock the Notifications