
സിഎസ്‌കെയിലും സസ്‌പെന്‍സ് വിട്ടില്ല
പെട്ടെന്നുള്ള തീരുമാനങ്ങളിലൂടെ ഞെട്ടിക്കുകയെന്നത് ധോണിയെ സംബന്ധിച്ച് ഇതാദ്യ സംഭവമല്ല. ക്യാപ്റ്റനായി പല തവണ ഇത്തരം തീരുമാനങ്ങളിലൂടെ ഞെട്ടിച്ച ധോണി തന്റെ ക്യാപ്റ്റന്‍സി ഒഴിയുന്നതിലും ഇതേ സസ്‌പെന്‍സ് തുടര്‍ന്നു. ധോണി ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞതും പരിമിത ഓവര്‍ നായകസ്ഥാനം ഒഴിഞ്ഞതും യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ്. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോഴും ധോണി ഇതേ സസ്‌പെന്‍സ് നിലനിര്‍ത്തി. ഇത്തവണ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ സിഎസ്‌കെയുടെ മറ്റൊരു കുതിപ്പ് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കവെയാണ് എല്ലാവരെയും ഞെട്ടിച്ച് അദ്ദേഹം നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയത്.

ആരാധകര്‍ക്ക് ഞെട്ടല്‍
തലയെടുപ്പോടെയുള്ള പിന്മാറ്റം ആണെങ്കിലും ധോണിയെ ക്യാപ്റ്റനല്ലാതെ കാണുന്നതില്‍ ആരാധകര്‍ നിരാശരാണ്. പല ആരാധകരും തങ്ങളുടെ ഞെട്ടലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എപ്പോഴും സസ്‌പെന്‍സ് തീരുമാനങ്ങളെടുത്ത് ഞെട്ടിക്കുന്ന ധോണി ഇത്തവണയും പതിവ് തെറ്റിച്ചില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ധോണി ടോസിടാനെത്തി പുഞ്ചിരിയോടെ മടങ്ങുന്നതും കിരീടം ഏറ്റുവാങ്ങുന്നതുമെല്ലാം ഇനി കാണാനാവില്ലല്ലോ എന്ന നിരാശയിലാണ് ഒരു പറ്റം ആരാധകര്‍. ധോണി നായകസ്ഥാനം ഒഴിഞ്ഞാലും ആരാധക മനസില്‍ ധോണിയാവും എപ്പോഴും നായകനെന്നാണ് മറ്റ് ചില ആരാധകര്‍ പറയുന്നത്. ധോണിയെ ക്യാപ്റ്റനല്ലാതെ സിഎസ്‌കെ ജഴ്‌സിയില്‍ കാണാനാഗ്രഹിക്കുന്നില്ലെന്നാണ് മറ്റ് ചില ആരാധകര്‍ പറയുന്നത്.

നായകനായുള്ള പ്രകടനം
പ്രഥമ സീസണില്‍ സിഎസ്‌കെ ഫൈനലിലെത്തിച്ച ധോണിക്ക് പക്ഷെ കപ്പ് നേടിക്കൊടുക്കാനായില്ല. എന്നാല്‍ 2008ല്‍ നിന്ന് 2021ലേക്കെത്തുമ്പോള്‍ നാല് ഐപിഎല്‍ കിരീടമാണ് സിഎസ്‌കെയുടെ അലമാരയിലുള്ളത്. 2010, 2011, 2018, 2021 സീസണുകളിലാണ് ധോണി സിഎസ്‌കെയെ കിരീടത്തിലേക്കെത്തിച്ചത്. സിഎസ്‌കെയെ നയിച്ച 12 സീസണില്‍ ടീം പ്ലേ ഓഫ് കാണാതെ പോയത് ഒരു സീസണില്‍ മാത്രമാണ്. ഇക്കാലയളവില്‍ 204 മത്സരങ്ങളാണ് ധോണിക്ക് കീഴില്‍ സിഎസ്‌കെ കളിച്ചത്.
121 മത്സരം ജയിച്ചപ്പോള്‍ 82 മത്സരം തോറ്റു. ഒരു മത്സരത്തിന് ഫലമുണ്ടായില്ല. 59.60 ആണ് അദ്ദേഹത്തിന്റെ വിജയ ശതമാനം. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരത്തില്‍ നയിക്കുകയും ഏറ്റവും കൂടുതല്‍ ജയം നേടിക്കൊടുക്കുകയും ചെയ്ത നായകന്‍ ധോണിയാണ്. രണ്ടാം സ്ഥാനത്തുള്ള കോലി 140 മത്സരത്തിലാണ് നയിച്ചത്. മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ 129 മത്സരങ്ങളിലാണ് നയിച്ചത്.

ക്യാപ്റ്റനെന്ന നിലയിലെ ബാറ്റിങ് പ്രകടനം
ക്യാപ്റ്റനെന്ന നിലയില്‍ 204 മത്സരം കളിച്ച ധോണി 178 ഇന്നിങ്‌സിലാണ് ബാറ്റിങ്ങിനിറങ്ങിയത്. 40.48 എന്ന ഉയര്‍ന്ന ശരാശരിയില്‍ 4456 റണ്‍സും നേടി. ഇതില്‍ 22 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഐപിഎല്‍ നായകന്മാരില്‍ ധോണി രണ്ടാം സ്ഥാനത്താണ്. 140 മത്സരത്തില്‍ നിന്ന് 4881 റണ്‍സ് നേടിയ വിരാട് കോലിയാണ് ഈ പട്ടികയില്‍ തലപ്പത്ത്. 129 മത്സരത്തില്‍ നിന്ന് 3518 റണ്‍സ് നേടിയ ഗൗതം ഗംഭീര്‍ മൂന്നാം സ്ഥാനത്തും 129 മത്സരത്തില്‍ നിന്ന് 3406 റണ്‍സ് നേടിയ രോഹിത് ശര്‍മ നാലാം സ്ഥാനത്തുമാണ്. സിഎസ്‌കെയെ ഒമ്പത് ഫൈനല്‍ കളിപ്പിച്ച നായകനായാണ് അദ്ദേഹത്തിന്റെ പടിയിറക്കം.


Click it and Unblock the Notifications

