
ലേലത്തിന്റെ രണ്ടാംദിനത്തിലെ ലഞ്ച് ബ്രേക്കിനു ശേഷമായിരുന്നു മുംബൈ ടീമിലേക്കു ആര്‍ച്ചറുടെ അപ്രതീക്ഷിത വരവ്. മികച്ച ബൗളര്‍മാരെ വാങ്ങാന്‍ മുംബൈയ്ക്കായില്ലെന്ന ആരാധകര്‍ നിരാശയും രോഷവും പ്രകടിപ്പിക്കവെയായിരുന്നു എല്ലാവരുടെയും വായടപ്പിച്ചുകൊണ്ട് ആര്‍ച്ചറുടെ എന്‍ട്രി. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തിനായി മുംബൈയ്ക്കു മുടക്കേണ്ടി വന്നത് എട്ടു കോടി രൂപയായിരുന്നു. എങ്കിലും എത്ര കോടി നല്‍കിയും ആര്‍ച്ചറെ വാങ്ങുമെന്നറപ്പിച്ചതു പോലെയായിരുന്നു മുംബൈ ലേലത്തില്‍ പോരാടിയത്.

ഐപിഎല്ലില്‍ വെറും മൂന്നു സീസണുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഗംഭീര പ്രകടനമാണ് ജോഫ്ര ആര്‍ച്ചര്‍ കാഴ്ചവച്ചിട്ടുള്ളത്. അപകടകാരിയായ ബൗളര്‍ മാത്രമല്ല ലോവര്‍ ഓവറില്‍ വമ്പന്‍ ഷോട്ടുകള്‍ കഴിക്കാന്‍ ശേഷിയുള്ള ബാറ്ററും തകര്‍പ്പന്‍ ഫീല്‍ഡറും കൂടിയാണ് അദ്ദേഹം. 2020ലെ ഐപിഎല്ലില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും ആര്‍ച്ചര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പക്ഷെ ഈ സീസണില്‍ ആര്‍ച്ചറിനെ മുംബൈയുടെ നീല ജഴ്‌സിയില്‍ കാണാനാവില്ല. നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനായി ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് അദ്ദേഹം. അടുത്ത സീസണിലായിരിക്കും മുംബൈ ടീമിനൊപ്പം ആര്‍ച്ചര്‍ ചേരുകയെന്നാണ് ടീമുടമകളിലൊരാളായ ആകാഷ് അംബാനി അറിയിച്ചിരിക്കുന്നത്. എങ്കിലും ഇതൊന്നും മുംബൈ ആരാധകരുടെ ആവേശം കുറയ്ക്കുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ ആര്‍ച്ചര്‍-ബുംറ മാരക കോമ്പിനേഷന്‍ ഒന്നിക്കുന്നത് ആഘോഷമാക്കിയിരിക്കുകയാണ് അവര്‍.

മുംബൈ ഇന്ത്യന്‍സിനു എന്താണ് സാധിക്കുകയെന്നു ഇപ്പോള്‍ നമുക്കറിയാം. ഈ സീസണിലുണ്ടായേക്കില്ല. പക്ഷെ ഫിറ്റാണെങ്കില്‍ ജോഫ്ര ആര്‍ച്ചറും ജസ്പ്രീത് ബുംറയും ചേര്‍ന്ന് തീപാറിക്കും. വളരെ മികച്ച തന്ത്രം തന്നെയാണ് മുംബൈയുടെ ഭാഗത്തു നിന്നുണ്ടായതെന്നുമായിരുന്നു ഒരു ട്വീറ്റ്.
ജോഫ്ര ആര്‍ച്ചര്‍ ദുരൂഹത അവസാനിച്ചിരിക്കുകയാണ്. ഇതിനു വേണ്ടിയാണ് മുംബൈ ഇന്ത്യന്‍സ് പണം കാത്തുവച്ചത്. 2023ല്‍ ബുംറയും ആര്‍ച്ചറും ഒരുമിച്ച് കളിക്കുമെന്നു പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ ട്വീറ്റ് ചെയ്തു.

ജസ്പ്രീത് ബുംറ- ജോഫ്ര ആര്‍ച്ചര്‍ കോംബോയ്ക്കു വേണ്ട ക്രിക്കറ്റ് ലോകം ഇനിയും തയ്യാറായിട്ടില്ലെന്നായിരുന്നു ഒരു ട്വീറ്റ്.
ജോഫ്ര ആര്‍ച്ചര്‍ മുംബൈയിലെത്തിയിരിക്കുകയാണ്. ബുംറ- ആര്‍ച്ചര്‍! ടൂര്‍ണമെന്റ് ഇതിനകം അവസാനിച്ചു കഴിഞ്ഞെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
ജോഫ്ര ആര്‍ച്ചും ജസ്പ്രീത് ബുംറയും മുംബൈ ഇന്ത്യന്‍സില്‍. ആരു പറഞ്ഞു നോയെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

ഐപിഎല്‍ 2022 നഷ്ടമാവുമായിട്ടും മെഗാ ലേലത്തില്‍ എട്ടു കോടി രൂപയ്ക്കു ജോഫ്ര ആര്‍ച്ചറിനെ മുംബൈ ഇന്ത്യന്‍സ് വാങ്ങിയിരിക്കുകയാണ്. 2023ലെ ഐപിഎല്ലില്‍ ബാറ്റര്‍മാര്‍ ഭയപ്പെടാന്‍ തയ്യാറായിക്കോളൂയെന്നായിരുന്നു ഒരു ട്വീറ്റ്. ബുംറ- ബോള്‍ട്ട് ഇല്ല, ഇപ്പോള്‍ ബുംറ- ആര്‍ച്ചറെന്നു മറ്റൊരു യൂസര്‍ കുറിച്ചു.
ബുംറയും ആര്‍ച്ചറും ഒരുമിച്ച്... ഇതിനേക്കാള്‍ അപകടകരമായി ഒന്നുമില്ലെന്നായിരുന്നു മറ്റൊരു പ്രതികരണം.

അതേസമയം, മുംബൈ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവും ആവേശവുമുണ്ടെന്നു ജോഫ്ര ആര്‍ച്ചര്‍ വ്യക്തമാക്കി. മുംബൈ ഇന്ത്യന്‍സ് പങ്കുവച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ ഹൃദയത്തോടു ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന ഫ്രാഞ്ചൈസിയാണ് മുംബൈ. അവര്‍ക്കു വേണ്ടി കളിക്കണമെന്നു എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നു. ഇത്രയും മികച്ചൊരു ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചില താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കാന്‍ പോവുന്നത്. മുംബൈയ്‌ക്കൊപ്പം പുതിയൊരു തുടക്കത്തിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വൈകാതെ തന്നെ എല്ലാവരെയും കാണാമെന്നും ആര്‍ച്ചര്‍ വ്യക്തമാക്കി.


Click it and Unblock the Notifications











