IPL 2022: താരങ്ങളെ നിലനിര്‍ത്തി കഴിഞ്ഞു, ടീമുകളുടെ പേഴ്‌സില്‍ ബാക്കിയെത്ര? കണക്കുകളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരങ്ങളെ നിലനിര്‍ത്തുന്നവരുടെ പട്ടിക പുറത്തുവിട്ടു കഴിഞ്ഞു. ഓരോ ടീമുകള്‍ക്കും നാല് താരങ്ങളെ വീതമാണ് നിലനിര്‍ത്താനാവുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ മൂന്ന് താരങ്ങളെ വീതം മാത്രം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയാണ് നടത്തിയത്. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളാണ് നാല് താരങ്ങളെ നിലനിര്‍ത്തിയത്.

ഇനി മെഗാതാരലേലമാണ് നടക്കാനുള്ളത്. അടുത്ത മാസമാണ് മെഗാ ലേലം നടക്കുന്നത്. നിലനിര്‍ത്തിയതുവെച്ച് പരിശോധിച്ചാല്‍ വലിയ അഴിച്ചുപണികള്‍ തന്നെ ടീമുകളിലുണ്ടാവും. പുതിയ രണ്ട് ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ വീതം ലേലത്തിന് മുമ്പ് നിലനിര്‍ത്താനാവും. അതുകൊണ്ട് തന്നെ കെഎല്‍ രാഹുല്‍, റാഷിദ് ഖാന്‍, ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെല്ലാം ലേലത്തിലേക്ക് എത്തുന്നതിന് മുമ്പുതന്നെ പുതിയ ടീമുകളിലേക്ക് പോകാനാണ് സാധ്യത. താരങ്ങളെ നിലനിര്‍ത്തിക്കഴിഞ്ഞപ്പോള്‍ നിലവിലെ എട്ട് ടീമുകളുടെ കൈയിലും ബാക്കിയുള്ള തുക എത്രയാണെന്ന് പരിശോധിക്കാം.
Also Read : IPL 2022: 'ഇവരെ എന്തിന് തഴഞ്ഞു..?' അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

ഡല്‍ഹി ക്യാപിറ്റല്‍സ് 39 കോടിയാണ് നാല് താരങ്ങള്‍ക്കായി ചിലിവിട്ടത്. റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്‍ റിച്ച് നോക്കിയേ എന്നിവരെയാണ് ഡല്‍ഹി നിലനിര്‍ത്തിയത്. ലേലത്തില്‍ 47.5 കോടിയാണ് ഡല്‍ഹിക്ക് ശേഷിക്കുന്നത്. ഡല്‍ഹി ശിഖര്‍ ധവാന്‍, കഗിസോ റബാദ, ശ്രേയസ് അയ്യര്‍ എന്നിവരെയാണ് ഒഴിവാക്കിയത്.
എംഎസ് ധോണിയെയടക്കം നാല് താരങ്ങളെ നിലനിര്‍ത്തിയ നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ 42 കോടിയാണ് ലേലത്തില്‍ മുടക്കിയത്. 48 കോടിയാണ് ബാക്കിയുള്ളത്. രവീന്ദ്ര ജഡേജ, ധോണി, മോയിന്‍ അലി, റുതുരാജ് ഗെയ്ക് വാദ് എന്നിവരെയാണ് സിഎസ്‌കെ നിലനിര്‍ത്തിയത്. ബാക്കിയുള്ള തുകയില്‍ പ്രധാനമായും ബൗളര്‍മാരെയാണ് സിഎസ്‌കെ നോട്ടമിടുന്നത്. ഫഫ് ഡുപ്ലെസിസ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരെയെല്ലാം സിഎസ്‌കെ ഒഴിവാക്കി.

ആര്‍സിബി കോലി, മാക്‌സ് വെല്‍, സിറാജ് എന്നിവരെയാണ് നിലനിര്‍ത്തിയത്.33 കോടിയാണ് മുടക്കിയത്. ശേഷിക്കുന്നത് 57 കോടിയാണ്. ഇതുവരെ കന്നി കിരീടം നേടാത്ത ആര്‍സിബി ഇത്തവണ മികച്ചൊരു ടീമിനെ സൃഷ്ടിച്ച് കന്നി കിരീടമാണ് സ്വപ്‌നം കാണുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അപ്രതീക്ഷിത നീക്കമാണ് നടത്തിയത്. ആന്‍ഡ്രേ റസല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍, സുനില്‍ നരെയ്ന്‍ എന്നിവരെ നിലനിര്‍ത്തിയ കെകെആര്‍ 34 കോടിയാണ് ലേലത്തിന് മുമ്പ് ചിലവിട്ടത്. 48 കോടിയാണ് ടീമിന്റെ പേഴ്‌സില്‍ ബാക്കിയുള്ളത്.
മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ ഇഷാന്‍ കിഷനെയും ഹര്‍ദിക് പാണ്ഡ്യയേയും ഒഴിവാക്കി. 42 കോടി ചിലവാക്കിയ മുംബൈക്ക് ശേഷിക്കുന്നത് 48 കോടിയാണ്.
പഞ്ചാബ് കിങ്‌സ് മായങ്ക് അഗര്‍വാള്‍, അക്ഷര്‍ ദീപ് സിങ് എന്നിവരെ മാത്രമാണ് നിലനിര്‍ത്തിയത്. ആകെ ചിലവ് 16 കോടി. 72 കോടി പഞ്ചാബിന്റെ പേഴ്‌സില്‍ ബാക്കിയുണ്ട്.

രാജസ്ഥാന് റോയല്‍സ് സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ ബെന്‍ സ്‌റ്റോക്‌സിനെയും ജോഫ്രാ ആര്‍ച്ചറെയും പുറത്താക്കി. 28 കോടിയാണ് ആകെ ചിലവിട്ടത്. 62 കോടി ബാക്കിയുണ്ട്. അതുകൊണ്ട് മികച്ചൊരു ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ രാജസ്ഥാന് സാധിച്ചേക്കും.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കെയ്ന്‍ വില്യംസന്‍, അബ്ദുല്‍ സമദ്, ഉമ്രാന്‍ മാലിക്ക് എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ ഡേവിഡ് വാര്‍ണറെയും ജോണി ബെയര്‍സ്‌റ്റോയേയും ഒഴിവാക്കി. 22 കോടിയാണ് ഹൈദരാബാദ് മുടക്കിയത്. ബാക്കിയുള്ളത് 68 കോടിയാണ്. റാഷിദ് ഖാനെ ഹൈദരാബാദിന് ഒഴിവാക്കേണ്ടി വന്നു. 12 കോടി ഓഫര്‍ ചെയ്തത് റാഷിദ് നിരസിച്ചുവെന്നും കൂടുതല്‍ പ്രതിഫലം ആവിശ്യപ്പെട്ടുവെന്നുമാണ് വിവരം. പുതിയ ടീമായ ലഖ്‌നൗവുമായി റാഷിദ് ധാരണയിലെത്തിയെന്നാണ് വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications