For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ഇവരെ എന്തിന് തഴഞ്ഞു..?' അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തിന് മുമ്പ് ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. എട്ട് ടീമുകളും നിലനിര്‍ത്തിയ താരങ്ങളെ പ്രഖ്യാപിച്ച് കഴിഞ്ഞു. പുതിയതായി എത്തുന്ന ലഖ്‌നൗ,അഹമ്മദാബാദ് ടീമുകള്‍ക്ക് ലേലത്തിന് മുമ്പ് മൂന്ന് താരങ്ങളെ നിലനിര്‍ത്താന്‍ അവസരമുണ്ട്. അവര്‍ ആരൊക്കെയാണെന്നാണ് ഇനി അറിയേണ്ടത്.

ഇത്തവണ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പേരുകള്‍ പുറത്തുവിട്ടപ്പോള്‍ ചില അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടായി എന്ന് പറയാം. ആരാധകര്‍ തീര്‍ച്ചയായും നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ച പല താരങ്ങള്‍ക്കും നിലനിര്‍ത്തുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടാനായില്ല. അതുകൊണ്ട് തന്നെ ഇത്തവണത്തെ താരലേലം കൂടുതല്‍ വാശിയേറിയതായി മാറുമെന്നുറപ്പ്. കെ എല്‍ രാഹുല്‍, ഡേവിഡ് വാര്‍ണര്‍, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, റാഷിദ് ഖാന്‍ എന്നിവരെല്ലാം ഇത്തവണ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലാണ്.

ബെന്‍ സ്റ്റോക്‌സിനെയും ജോഫ്രാ ആര്‍ച്ചറെയും രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയിട്ടുണ്ട്. ലിയാം ലിവിങ്‌സ്റ്റനെയും രാജസ്ഥാന്‍ കൈവിട്ടു. പുതിയ ടീമുകളിലൊന്നായ ലഖ്‌നൗ രാഹുല്‍, റാഷിദ് ഖാന്‍, ഹര്‍ദിക് എന്നിവരുടെ ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം. എന്തായാലും വരുന്ന ദിവസങ്ങള്‍ നിര്‍ണ്ണായകമായ ചില നീക്കങ്ങളും കണ്ടേക്കാം. പല ടീമുകള്‍ക്കും ഏറെ നാളുകളായി ടീമില്‍ തുടരുന്ന താരങ്ങളെ കൈവിടേണ്ടി വന്നിരിക്കുകയാണ്.

എല്ലാ ടീമുകളും വലിയ അഴിച്ചുപണി തന്നെയാണ് ടീമില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് പറയാം. അതുകൊണ്ട് തന്നെ അടുത്ത സീസണില്‍ തീര്‍ത്തും പുതുമയാര്‍ന്ന ടീമുമായാവും ടീമുകളെല്ലാം വരുന്നത്. താരങ്ങളെ നിലനിര്‍ത്തിക്കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഹര്‍ഷല്‍ പട്ടേല്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഹര്‍ഷല്‍ പട്ടേല്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

അവസാന സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിനുടമയാണ് ഹര്‍ഷല്‍ പട്ടേല്‍. ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ഹര്‍ഷല്‍ പര്‍പ്പിള്‍ ക്യാപ്പ് ആര്‍സിബിക്കൊപ്പം നേടിയത്. ഇന്ത്യയിലും യുഎഇയിലും ഒരുപോലെ തിളങ്ങിയ താരം ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. എന്നാല്‍ ഹര്‍ഷലിനെ ഇത്തവണ ആര്‍സിബി നാലാം സ്ഥാനക്കാരനായി പോലും നിലനിര്‍ത്തിയില്ല. ഇത്തവണ മൂന്ന് താരങ്ങളെ മാത്രമാണ് ആര്‍സിബി നിലനിര്‍ത്തിയത്. നായകന്‍ വിരാട് കോലി (15 കോടി), ഗ്ലെന്‍ മാക്‌സ് വെല്‍ (11 കോടി), മുഹമ്മദ് സിറാജ് (7 കോടി) എന്നിവരെയാണ് ആര്‍സിബി നിലനിര്‍ത്തിയത്.

ഹര്‍ഷല്‍ പട്ടേല്‍ പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ള ബൗളറാണ്. ഇന്ത്യയിലെ വലിയ മൈതാനങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന ബൗളറാണ് ഹര്‍ഷല്‍. എന്നാല്‍ ചില സമയങ്ങളില്‍ നന്നായി തല്ലുവാങ്ങാറുണ്ട്. അതുകൊണ്ട് തന്നെ ഹര്‍ഷല്‍ പട്ടേല്‍ ഇത്തവണ നിലനിര്‍ത്തേണ്ടന്ന തീരുമാനത്തിലേക്ക് ആര്‍സിബി എത്തുകയായിരുന്നുവെന്ന് പറയാം.

ദേവ്ദത്ത് പടിക്കല്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ദേവ്ദത്ത് പടിക്കല്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

കഴിഞ്ഞ രണ്ട് സീസണിലും ആര്‍സിബിക്കായി ഓപ്പണിങ്ങില്‍ തിളങ്ങിയ താരമാണ് ദേവ്ദത്ത് പടിക്കല്‍. ഇടം കൈയന്‍ ഓപ്പണറായ താരം ഫീല്‍ഡിങ്ങിലും മികവ് കാട്ടാറുണ്ട്. ആര്‍സിബി എന്തായാലും ദേവ്ദത്തിനെ നിലനിര്‍ത്തുമെന്ന് കരുതിയവരാണ് കൂടുതലും. എന്നാല്‍ ദേവ്ദത്തിനെ ആര്‍സിബി കൈവിട്ടുകളഞ്ഞു. 2020ല്‍ ആര്‍സിബിയിലേക്കെത്തിയ ദേവ്ദത്ത് അരങ്ങേറ്റ സീസണില്‍ത്തന്നെ ആര്‍സിബിയുടെ ടോപ് സ്‌കോററായിരുന്നു. കഴിഞ്ഞ സീസണില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ താരം കന്നി ഐപിഎല്‍ സെഞ്ച്വറിയും നേടിയിരുന്നു.

എന്നാല്‍ വലിയ സ്‌ട്രൈക്കറേറ്റില്‍ അവസാന സീസണില്‍ കളിക്കാനാവാത്തതിനാലാവും ആര്‍സിബി അദ്ദേഹത്തെ ഒഴിവാക്കിയത്. എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ വലിയ ബാറ്റിങ് മികവ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ദേവ്ദത്ത് പടിക്കല്‍. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലെല്ലാം റെക്കോഡ് പ്രകടനം നടത്താന്‍ ദേവ്ദത്തിനായിരുന്നു. 29 ഐപിഎല്ലില്‍ നിന്ന് 31.57 ശരാശരിയില്‍ 884 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

 ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്)

ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്)

മുംബൈ ഇന്ത്യന്‍സ് ഇഷാന്‍ കിഷനെ നിലനിര്‍ത്താത്തത് എല്ലാവരെയും അത്ഭുതപ്പെടുത്തു. രോഹിത് ശര്‍മ,ജസ്പ്രീത് ബുംറ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെ മുംബൈ നിലനിര്‍ത്തുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നു. എന്നാല്‍ നാലാമനായി ആരാണെന്നത് മാത്രമായിരുന്നു ചോദ്യം. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് മുംബൈ നിരയില്‍ നാലാം സ്ഥാനത്തേക്ക് അവസരം തേടിയത്. ഇതില്‍ സൂര്യകുമാര്‍ യാദവിനെ മുംബൈ നിലനിര്‍ത്തിയപ്പോള്‍ ഇഷാന്‍ കിഷന് പുറത്തുപോവേണ്ടി വന്നു.

മുംബൈയെ സംബന്ധിച്ച് ഇഷാനെ കൈവിട്ടുകളയേണ്ട ആവിശ്യമില്ലായിരുന്നു. ഒന്നാമത്തെ കാര്യം ഇഷാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. കൂടാതെ ഇടം കൈയന്‍ ബാറ്റ്‌സ്മാനും. നിലവില്‍ മുംബൈ നിലനിര്‍ത്തിയിരിക്കുന്ന മൂന്ന് ബാറ്റ്‌സ്മാന്‍മാരും വലം കൈയന്‍ മാരാണ്. ഇഷാന് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനാവുമെന്നതാണ് മറ്റൊരു സവിശേഷത. ഓപ്പണിങ്ങിലും മധ്യനിരയിലും കളിച്ച് ഒരുപോലെ മികവ് കാട്ടാന്‍ ഇഷാന്‍ കിഷനായിട്ടുണ്ട്.

ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തീരുമാനങ്ങള്‍ ശരിക്കും ഞെട്ടിച്ചെന്നു പറയാം. ആന്‍ഡ്രേ റസല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍, സുനില്‍ നരെയ്ന്‍ എന്നിവരെ കെകെആര്‍ നിലനിര്‍ത്തിയപ്പോള്‍ ശുഭ്മാന്‍ ഗില്ലിന് പുറത്തുപോവേണ്ടി വന്നു. പ്രതിഭാശാലിയായ യുവതാരമാണ് ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഗില്‍ സജീവം. കൂടാതെ വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്നതില്‍ താരം പരാജയപ്പെടുന്നു. വലിയ ഷോട്ടുകള്‍ കളിക്കാന്‍ മികവ് കുറവുണ്ടെന്ന് തന്നെ പറയാം.അതുകൊണ്ട് തന്നെ കെകെആര്‍ ഗില്ലിനെ ഒഴിവാക്കുകയായിരുന്നു.

എന്നാല്‍ കെകെആറിനെ സംബന്ധിച്ച് ഇത് മണ്ടന്‍ തീരുമാനമാണെന്ന് പറയാം. സ്ഥിരതയോടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന താരമാണ് ഗില്‍. ആംഗര്‍ റോളിലേക്ക് പ്രയോജനപ്പെടുത്താവുന്ന ഗില്ലിനെ കൈവിട്ടുകളയേണ്ട ആവിശ്യമില്ലായിരുന്നുവെന്ന് തന്നെ പറയാം. വരുണിനെ നിലനിര്‍ത്തിയത് ടീമിന്റെ തെറ്റായ തീരുമാനമായിത്തന്നെ പറയാം.

ശിഖര്‍ ധവാന്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്)

ശിഖര്‍ ധവാന്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്)

ശിഖര്‍ ധവാന്റെ പ്രകടനക്കണക്കുകള്‍ ആരെയും മോഹിപ്പിക്കുന്നതാണെങ്കിലും പ്രായം 35 പിന്നിട്ടതിനാലാണ് ധവാനെ ഡല്‍ഹി കൈവിട്ടത്. അവസാന ആറ് സീസണില്‍ മൂന്ന് സീസണില്‍ 500ന് മുകളില്‍ റണ്‍സും മൂന്ന് സീസണില്‍ 450ന് മുകളില്‍ റണ്‍സും നേടാന്‍ ശിഖര്‍ ധവാന് സാധിച്ചിട്ടുണ്ട്. അവസാന സീസണില്‍ 422 റണ്‍സാണ് അദ്ദേഹം നേടിയത്. 131.88 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റുമുണ്ട്. എന്നാല്‍ പൃഥ്വി ഷായെ നിലനിര്‍ത്തിയ ഡല്‍ഹി ധവാനെ കൈയൊഴിയുകയായിരുന്നു.

Story first published: Wednesday, December 1, 2021, 9:05 [IST]
Other articles published on Dec 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+