IPL 2022: രാഹുലും ഇഷാനും ഒരേ ടീമില്‍! ശ്രേയസിനൊപ്പം ഹാര്‍ദിക്- അശ്വിന്‍ സിഎസ്‌കെയിലേക്ക്?
ഐപിഎല്ലിന്റെ മെഗാ താരലലം ജനുവരിയില്‍ നടക്കാനിരിക്കുകയാണ്. പല വമ്പന്‍ താരങ്ങളും ഇത്തവണത്തെ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഫ്രാഞ്ചൈലികള്‍ തമ്മില്‍ പൊടിപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം. കഴിഞ്ഞ സീസണ്‍ വരെ എട്ടു ഫ്രാഞ്ചൈസികളാണ് ഉണ്ടായിരുന്നതെങ്കില്‍ അടുത്ത സീസണില്‍ ഇതു പത്തായി ഉയരും. ലഖ്‌നൗ, അഹമ്മദാബാദ് എന്നിവയാണ് പുതുതായി ടൂര്‍ണമെന്റിലേക്കു വരാന്‍ പോവുന്നത്. എട്ടു ഫ്രാഞ്ചൈസികളും മെഗാ ലേലത്തിനു മുമ്പ് നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് ബിസിസിഐയ്ക്കു നല്‍കിക്കഴിഞ്ഞു. പരമാവധി നാലു പേരെയായിരുന്നു ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താന്‍ അവകാശമുണ്ടായിരുന്നത്. ചിലര്‍ നാലു പേരെയും ചിലര്‍ മൂന്നു പേരെയും പഞ്ചാബ് കിങ്‌സ് മാത്രം രണ്ടു പേരെയുമാണ് നിലനിര്‍ത്തിയത്.
ഒഴിവാക്കപ്പെട്ട കളിക്കാരില്‍ പരമാവധി മൂന്നു പേരെ പുതിയ രണ്ടു ഫ്രാഞ്ചൈസികളായ ലഖ്‌നൗ, അഹമ്മദാബാദ് എന്നിവര്‍ക്കു മെഗാ ലേലത്തിനു മുമ്പ് തന്നെ ടീമിലെത്തിക്കാന്‍ അനുവാദമുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു ഈ മാസം ബിസിസിഐയെ അറിയിക്കുകയും വേണം. മെഗാ ലേലത്തിനു മുമ്പ് രണ്ടു ഫ്രാഞ്ചൈലികളും സ്വന്തമാക്കാന്‍ സാധ്യതയുള്ളവരെക്കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് എബിപി ന്യൂസിന്റെ സ്‌പോര്‍ട്‌സ് എഡിറ്ററായ ജിഎസ് വിവേക്. കൂടാതെ ചില ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ വാങ്ങാനുള്ള കളിക്കാര്‍ ആരൊക്കെയാവുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

രാഹുല്‍ ലഖ്‌നൗ നായകന്‍?
പഞ്ചാബ് കിങ്‌സിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുല്‍ ലഖ്‌നൗ ഫ്രാഞ്ചൈസിയിലേക്കു മാറുമെന്ന സൂചനയാണ് വിവേക് നല്‍കുന്നത്. മാത്രമല്ല അദ്ദേഹം ലഖ്‌നൗ ടീമിന്റെ നായകനായേക്കുമെന്നും ട്വീറ്റ് ചെയ്തിരിക്കുന്നു.
മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ഇഷാന്‍ കിഷന്‍, അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരും മെഗാ ലേലത്തിനു മുമ്പ് ലഖ്‌നൗ ഫ്രാഞ്ചൈസിയിലേക്കു ചേക്കേറാന്‍ സാധ്യതയുണ്ടെന്നും വിവേക് ട്വിറ്ററില്‍ കുറിച്ചിരുന്നു. മിന്നുന്ന പ്രകടനം നടത്തിയിട്ടും മുംബൈയ്ക്കു കൈവിടേണ്ടി വന്ന താരങ്ങളിലൊരാളാണ് ഇഷാന്‍. റാഷിദാവട്ടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു ഫ്രാഞ്ചൈസിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ഹൈദരാബാദ് നിലനിര്‍ത്താന്‍ ശ്രമിക്കാതിരുന്നത്.
2018 മുതല്‍ പഞ്ചാബ് ടീമിന്റെ ഭാഗമായിരുന്നു രാഹുല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിനെ നയിക്കുകയും ചെയ്തു. ബാറ്ററെന്ന നിലയില്‍ തന്റെ റോള്‍ അദ്ദേഹം ഭംഗിയാക്കിയെങ്കിലും ടീമിനെ പ്ലേഓഫിലെത്തിക്കാനായില്ല. രാഹുലിനെ ലഖ്‌നൗ ഫ്രാഞ്ചൈസി സമീപിച്ചതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 20 കോടി രൂപ വരെ അദ്ദേഹത്തിനു ഫ്രാഞ്ചൈസി ഓഫര്‍ ചെയ്‌തേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത്രയുമുയര്‍ന്ന തുക രാഹുലിന് ലഭിക്കുകയാണെങ്കില്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായി രാഹുല്‍ മാറും.

അഹമ്മദാബാദ് ക്യാപ്റ്റനായി ശ്രേയസ്
ഐപിഎല്ലിന്റെ 15ാം സീസണിലെ മറ്റൊരു പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ ക്യാപ്റ്റനായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുന്‍ നായകനും ഇന്ത്യന്‍ ബാറ്ററുമായ ശ്രേയസ് അയ്യര്‍ക്കാണ് സാധ്യതയെന്നും വിവേക് ട്വീറ്റ് ചെയ്തിരിക്കുന്നു.
മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, മുംബൈ ഇന്ത്യന്‍സിന്റെ തന്നെ മുന്‍ താരവും സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക് അല്ലെങ്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ ഇവരിലൊരാളെയും അഹമ്മദാബാദ് ലേലത്തിനു മുമ്പ് ടീമിലെത്തിക്കുമെന്ന് അദ്ദേഹം സൂപ്പിച്ചിരിക്കുകയാണ്.
ശ്രേയസിനെ ഡിസി കൈവിട്ടത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. 2020ല്‍ ടീമിനെ ഫൈനലിലെത്തിച്ച നായകനാണ് അദ്ദേഹം. പക്ഷെ കഴിഞ്ഞ സീസണില്‍ പരിക്കേറ്റ് പിന്‍മാറേണ്ടി വന്നത്തോടെ റിഷഭ് പന്തിനു ക്യാപ്റ്റന്‍സി ലഭിച്ചിരുന്നു. വരാനിരിക്കുന്ന സീസണിലും റിഷഭിനെ ഈ സ്ഥാനത്തു നിലനിര്‍ത്തുമെന് സൂചന ലഭിച്ചതോടെയാണ് ക്യാപ്റ്റനാവുകയെന്ന ആഗ്രഹം കൂടിയുള്ളതിനാല്‍ ശ്രേയസ് ഡിസി വിടാന്‍ തീരുമാനിച്ചത്.
പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണമായിരുന്നു മാച്ച് വിന്നറായ ഹാര്‍ദിക്കിനെ മുംബൈ നിലനിര്‍ത്താതിരുന്നത്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം വാര്‍ണറെ കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഹൈദരാബാദ് നിലനിര്‍ത്തേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ആദ്യം നായകസ്ഥാനത്തു നിന്നും പിന്നീട് ടീമില്‍ നിന്നും വാര്‍ണറെ ഹൈദരാബാദ് നീക്കിയിരുന്നു. ഇതോടെ താരവും ഫ്രാഞ്ചൈസിയുമായുള്ള ബന്ധത്തിലും വിള്ളല്‍ വീണിരുന്നു.

അശ്വിനും ധവാനും ചെന്നൈയിലേക്ക്
ഇന്ത്യയുടെ പരിചയസമ്പന്നനായ ഓപ്പണിങ് ബാറ്റര്‍ ശിഖര്‍ ധവാന്‍, സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവരെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മെഗാ ലേലത്തില്‍ നോട്ടമിടുന്നതായി വിവേക് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു. ഇവരെക്കൂടാതെ വാഷിങ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍ എന്നിവരെയും ടീമിലേക്കു കൊണ്ടുവരാന്‍ സിഎസ്‌കെയ്ക്കു പ്ലാനുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ധവാനും അശ്വിനും കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും ഇരുവരെയും നിലനിര്‍ത്തേണ്ടെന്നായിരുന്നു ഡിസി തീരുമാനിച്ചത്. പൃഥ്വി ഷായും ധവാനും ചേര്‍ന്നുള്ള ഓപ്പണിങ് ജോടിയായിരുന്നു ഡിസിയുടെ കുതിപ്പിനു ചുക്കാന്‍ പിടിച്ചത്. പൃഥ്വിയെ ഡിസി നിലനിര്‍ത്തിയപ്പോള്‍ ധവാനെ തഴയുകയായിരുന്നു.
അശ്വിന്‍ സിഎസ്‌കെയിലേക്കു മടങ്ങുകയെത്തുകയാണെങ്കില്‍ അത് ആരാധകരെ സംബന്ധിച്ച് ഏറെ ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമായിരിക്കും. കാരണം പ്രഥമ സീസണ്‍ മുതല്‍ 2016 വരെ അദ്ദേഹം സിഎസ്‌കെയിലെ അവിഭാജ്യ ഘടകമായിരുന്നു. ചെന്നൈ വിട്ട ശേഷം അശ്വിനു പഴയ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചതുമില്ല.
അതേസമയം, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒഴിവാക്കിയ താരമാണ് വാഷിങ്ടണ്‍. ഷാരൂഖാവട്ടെ പഞ്ചാബ് കിങ്‌സിന്റെ താരവുമായിരുന്നു. ഫിനിഷറുടെ റോളില്‍ പഞ്ചാബിനായി ചില ശ്രദ്ധേയമായ ബാറ്റിങ് പ്രകടനങ്ങള്‍ ഷാരൂഖ് നടത്തിയിരുന്നു. കൂടാതെ ഈ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലിലും ഷാരൂഖ് തകര്‍പ്പന്‍ ഫിനിഷിങ്‌ലൂടെ തമിഴ്‌നാടിനെ ചാംപ്യന്‍മാരാക്കിയിരുന്നു. അശ്വിന്‍, വാഷിങ്ടണ്‍, ഷാരൂഖ് തുടങ്ങി മൂന്നു പേരും തമിഴ്‌നാടില്‍ നിന്നുള്ള താരങ്ങളായതിനാല്‍ സിഎസ്‌കെ ഇവര്‍ക്കു ഹോം ഫ്രാഞ്ചൈസി കൂടിയാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications