IPL 2022: തല റിട്ടേണ്‍സ്! ധോണിയുടെ 'മരുന്ന്' തീര്‍ന്നിട്ടില്ല, ദ്രാവിഡിന്‍റെ റെക്കോര്‍ഡ് പഴങ്കഥ
മുംബൈ: എംഎസ് ധോണിയുടെ കാലം കഴിഞ്ഞുവെന്ന് ആരു പറഞ്ഞു? 40ാം വയസ്സിലും തന്റെ ബാറ്റിനു പഴയ മൂര്‍ച്ച പൂര്‍ണമായി നഷ്ടായിട്ടില്ലെന്നു തെളിയിച്ചുകൊണ്ടു തലയുടെ വിളയാട്ടമാണ് മുംബൈയിലെ വാംഖഡെയില്‍ കണ്ടത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബൗളിങ് ആക്രമണത്തിനു മുന്നില്‍ പുതിയ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയടക്കം റണ്ണെടുക്കാന്‍ പാടുപെട്ടപ്പോഴായിരുന്നു വിന്റേജ് ധോണി ഉയിര്‍ത്തെഴുന്നേറ്റത്.
ഏഴാമനായി ക്രീസിലേക്കു വന്ന ധോണി പതിവുപോലെ പതിഞ്ഞ താളത്തിലാണ് തുടങ്ങിയതെങ്കിലും ഡെത്ത് ഓവറുകളില്‍ ആഞ്ഞടിക്കുകയായിരുന്നു. 38 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമക്കം പുറത്താവാതെ 50 റണ്‍സാണ് ധോണി സ്‌കോര്‍ ചെയ്തത്. അപരാജിതമായ ആറാം വിക്കറ്റില്‍ ജഡേജയെ കൂട്ടുപിടിച്ച് 70 റണ്‍സ് ധോണി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. 56 ബോളുകളില്‍ നിന്നായിരുന്നു ഇത്.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഐപിഎല്ലില്‍ എംഎസ് ധോണി വീണ്ടുമൊരു ഫിഫ്റ്റിയടിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിലും ബാറ്റിങില്‍ മുടന്തുന്ന ധോണിയെയാണ് ആരാധകര്‍ കണ്ടത്. അദ്ദേഹം ഇനിയൊരു ഫിഫ്റ്റി ഐപിഎല്ലില്‍ നേടുമെന്ന് കടുത്ത ആരാധകര്‍ പോലും സ്വപ്‌നം കണ്ടിട്ടുണ്ടാവില്ല.
പക്ഷെ മുംബൈയിലെ വാംഖഡെയില്‍ ധോണി തന്റെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ബാറ്റ് വീശിയത്. 2019ല്‍ ബെംഗളൂരുവില്‍ വച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗൂരിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ഫിഫ്റ്റി. അതിനു ശേഷം 28ാം ഇന്നിങ്‌സിലാണ് ധോണി തന്റെ അടുത്ത ഫിഫ്റ്റി നേടിയിരിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ നേടിയ അപരാജിത ഫിഫ്റ്റിയോടെ പുതിയൊരു റെക്കോര്‍ഡും എംഎസ് ധോണി തന്റെ പേരിലാക്കിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഫിഫ്റ്റിക്കു അവകാശിയായ ഏറ്റവും പ്രായം കൂടിയ താരമായി അദ്ദേഹം മാറി. ഇന്ത്യയുടെ മുന്‍ ഇതിഹാസ താരവും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് ധോണി തിരുത്തിയത്.
നേരത്തേ 40 വയസ്സും 116 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ദ്രാവിഡ് ഫിഫ്റ്റിയുമായി റെക്കോര്‍ഡിട്ടത്. ഇതാണ് 40 വയസ്സും 262 ദിവസവും പ്രായമുള്ള ധോണി പഴങ്കഥയക്കിയിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി പുതിയ റോളില്‍ എംഎസ് ധോണി ഇറങ്ങിയ ആദ്യത്തെ മല്‍സരം കൂടിയായിരുന്നു കെകെആറിനെതിരേയുള്ളത്. നായകനല്ലാതെ വെറുമൊരു വിക്കറ്റ് കീപ്പര്‍, ബാറ്റര്‍ മാത്രമായി ആദ്യമായിട്ടാണ് അദ്ദേഹം കളിച്ചത്. ഉജ്ജ്വല ഫിഫ്റ്റിയുമായി തന്റെ പുതിയ റോള്‍ ധോണി ഗംഭീരമാക്കുകയും ചെയ്തു. മാത്രമല്ല മുമ്പത്തേതു പോലെ ഒരിക്കല്‍ക്കൂടി ഫിനിഷറുടെ റോളില്‍ തനിക്കു തിളങ്ങാന്‍ കഴിയുമെന്നു അദ്ദേഹം വാംഖഡെയില്‍ കാണിച്ചും തന്നിരിക്കുകയാണ്.

10 ബോളില്‍ രണ്ടു റണ്‍സെന്ന നിലയില്‍ പതറിയ ധോണി അടുത്ത 28 ബോളില്‍ വാരിക്കൂട്ടിയത് 48 റണ്‍സാണ്. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു വിക്കറ്റിനു 73 റണ്‍സെന്ന നിലയിലായിരുന്നു സിഎസ്‌കെ. 100 റണ്‍സ് പോലും ടീം തികയ്ക്കുമോയെന്നു ആരാധകര്‍ സംശയിച്ച നിമിഷം. 17 ബോളില്‍ വെറും ഏഴു റണ്‍സായിരുന്നു അപ്പോള്‍ ധോണി നേടിയത്. 16ാം ഓവറില്‍ എട്ടും 17ാം ഓവറില്‍ മൂന്നു റണ്‍സ് മാത്രമേ സിഎസ്‌കെയ്ക്കു നേടാനായുള്ളൂ.
എന്നാല്‍ ആന്ദ്രെ റസ്സലെറിഞ്ഞ 18ാം ഓവറില്‍ ധോണി ടോപ്പ് ഗിയറിലേക്കു കയറി. മൂന്നു ബൗണ്ടറികളാണ് അദ്ദേഹം ഈ ഓവറില്‍ പായിച്ചത്.

ശിവം മാവിയെറിഞ്ഞ അടുത്ത ഓവറില്‍ ഓരോ ബൗണ്ടറിയും സിക്‌സറും ധോണി പറത്തി. ഈ ഓവറില്‍ നിന്നും 15 റണ്‍സ് സിഎസ്‌കെയ്ക്കു ലഭിക്കുകയും ചെയ്തു. റസ്സലായിരുന്നു അവസാന ഓവര്‍ ബൗള്‍ ചെയ്തത്. തുടരെ രണ്ടു ബൗണ്ടറികള്‍ പായിച്ച ധോണി അഞ്ചാമത്തെ ബോളില്‍ സിംഗിളെടുത്ത് അര്‍ഹിച്ച ഫിഫ്റ്റി തികയ്ക്കുകയും ചെയ്്തു. അവസാന അഞ്ചോവറില്‍ 58 റണ്‍സാണ് സിഎസ്‌കെ വാരിക്കൂട്ടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications