
ചില പോരായ്മകള്‍ സിഎസ്‌കെയ്ക്കുമുണ്ടെന്നു ഉദ്ഘാടന മല്‍സരത്തില്‍ കെകെആര്‍ തുറന്നു കാണിക്കുകയായിരുന്നു. എത്രയും വേഗത്തില്‍ ഇതു പരിഹരിച്ചെങ്കില്‍ മാത്രമേ സിഎസ്‌കെയ്ക്കു വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുകയുള്ളൂ. സിഎസ്‌കെയെ അലട്ടുന്ന മൂന്ന് ആശങ്കകള്‍ എന്തൊക്കെയാണന്നു പരിശോധിക്കാം.

ജഡേജയുടെ ബാറ്റിങ് പൊസിഷനും ഉത്തരവാദിത്വവും
ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് രവീന്ദ്ര ജഡേജയെന്നതില്‍ ആര്‍ക്കും സംശയമില്ല. മികച്ച ഫിനിഷര്‍ കൂടിയായ അദ്ദേഹം കഴിഞ്ഞ സീസണില്‍ ആറാം നമ്പറില്‍ ഇറങ്ങുകയും ചില കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇത്തവണ കെകെആറിനെതിരേ അഞ്ചാം നമ്പറിലാണ് ജഡേജ ബാറ്റ് ചെയ്തത്. മോയിന്‍ അലിയുടെ അഭാവമാണ് ബാറ്റിങില്‍ എല്ലാവരെയും ഒരു സ്ഥാനം മുകളിലേക്കേ് എത്തിച്ചത്. എന്നാല്‍ അഞ്ചാം നമ്പര്‍ പൊസിഷന്‍ ജഡേജയ്ക്കു യോജിച്ചതല്ലെന്നു കഴിഞ്ഞ ല്‍സരം കാണിച്ചുതന്നു. ഫിനിഷറായി തന്നെ തുടര്‍ന്ന് അദ്ദേഹം ഇറങ്ങുന്നതാവും നല്ലത്.

കെകെആറിനെതിരേ ജഡേജയുടെ ചില ഫീല്‍ഡിങ് ക്രമീകരണങ്ങളും സംശയാസ്പദമായിരുന്നു. നേരത്തേ ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ കാണാതിരുന്ന ഫീല്‍ഡിങ് മാറ്റങ്ങളാണ് ജഡ്ഡു നടത്തിയത്. പവര്‍പ്ലേയ്ക്കു ശേഷം 30 വാര സര്‍ക്കിളിനുള്ളിലായിരുന്നു അദ്ദേഹം ഫീല്‍ഡ് ചെയ്തത്. നേരത്തേ ഡീപ്പിലായിരുന്നു ജഡേജ ഫീല്‍ഡ് ചെയ്തിരുന്നത്. മികച്ച വേഗവും ത്രോ ചെയ്യാനുള്ള കഴിവും പരിഗണിക്കുമ്പോള്‍ ജഡേജ ഡീപ്പില്‍ തന്നെ ഫീല്‍ഡ് ചെയ്യുന്നത് സിഎസ്‌കെയ്്ക്കു ഗുണം ചെയ്യും.
ക്യാപ്റ്റന്‍സിയുടെ അമിത ഉത്തരവാദിത്വം ജഡേജയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നു മുഖഭാവത്തിലും ശരീരഭാഷയിലുമെല്ലാം കാണാമായിരുന്നു. ബാറ്റിങില്‍ റണ്ണെടുക്കാന്‍ പാടുപെട്ട അദ്ദേഹം ബൗളിങില്‍ നന്നായി തല്ലുമേറ്റുവാങ്ങി. ഇവയ്‌ക്കെല്ലാം ജഡേജ എത്രയും വേഗം പരിഹാരം കാണേണ്ടതുണ്ട്.

ഇന്ത്യന്‍ പേസ് ബൗളിങിന് മൂര്‍ച്ചയില്ല
ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരുടെ അഭാവത്തില്‍ സിഎസ്‌കെയുടെ ഇന്ത്യന്‍ ബൗളിങ് ആദ്യ മല്‍സരത്തില്‍ ദുര്‍ബലമായി കാണപ്പെട്ടു. 132 റണ്‍സിന്റെ വിജയലക്ഷ്യമാണ് സിഎസ്‌കെ നല്‍കിയത് എന്നതിനാല്‍ പവര്‍പ്ലേയില്‍ കെകെആറിനു വലിയ റിസ്‌കെടുക്കേണ്ടി വന്നില്ല. തുഷാര്‍ ദേശ്പാണ്ഡെയ്ക്കു ബൗള്‍ ചെയ്ത മൂന്നോവറില്‍ കാര്യമായ സ്വിങ് ലഭിച്ചില്ല. 140 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യാനുമായില്ല.
ഡ്വയ്ന്‍ ബ്രാവോ, ആദം മില്‍നെ എന്നിവര്‍ നന്നായി ബൗള്‍ ചെയ്‌തെങ്കിലും ഇവര്‍ക്കു പിന്തുണ നല്‍കാവുന്ന മികച്ച ഇന്ത്യന്‍ പേസര്‍മാരില്ലായിരുന്നു. ശിവം ദുബെ ഒരോവറില്‍ 11 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, സിമ്രന്‍ജീത് സിങ് എന്നിവരെ കളിപ്പിച്ചതുമില്ല. ഹംഗര്‍ഗേക്കറെ എത്രയും വേഗത്തില്‍ ടീമിലേക്കു സിഎസ്‌കെ കൊണ്ടു വരേണ്ടതുണ്ട്.

പേസിനെതിരേ പതറുന്ന ഓപ്പണിങ് സഖ്യം
റുതുരാജ് ഗെയ്ക്വാദും ന്യൂസിലാന്‍ഡിന്റെ ഡെവന്‍ കോണ്‍വേയുമാണ് സിഎസ്‌കെയ്ക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. ഫഫ് ഡുപ്ലെസിക്കു പകരമാണ് കോണ്‍വേ ഈ റോളിലേക്കു വന്നത്. കോണ്‍വേയുടെ പ്രകടനം ഒട്ടും പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. എട്ടു ബോളില്‍ നിന്നു മൂന്ന് റണ്‍സെടുത്ത് ഉമേഷ് യാദവിനു വിക്കറ്റ് നല്‍കുകയായിരുന്നു. റുതുരാജും റണ്‍സെടുക്കാന്‍ പാടുപെട്ടു. വൈഡ് ബോൡ എഡ്ജായി താരം പുറത്താവുകയായിരുന്നു.
സ്പിന്‍ ബൗളിങിനെതിരേ വളരെ നന്നായി കളിക്കുന്നവരാണ് റുതുരാജും കോണ്‍വേയും. സ്പിന്നര്‍മാര്‍ക്കെതിരേ വ്യത്യസ്തമായ ഒരുപാട് ഷോട്ടുകള്‍ രണ്ടു പേരുടെയും പക്കലുണ്ട്. പക്ഷെ ശക്തമായ പേസ് ബൗളിങിനെ നേരിടുന്നതില്‍ പതറുന്നവരാണ് രണ്ടു പേരും. കോണ്‍വേ ഫ്‌ളോപ്പായാല്‍ റുതുരാജിന് പുതിയ ഓപ്പണിങ് പങ്കാളിയെ സിഎസ്‌കെയ്ക്കു കണ്ടെത്തേണ്ടിവരും.


Click it and Unblock the Notifications