IPL 2022: 19ാം ഓവര്‍ ദുബെക്ക് നല്‍കിയത് മണ്ടത്തരമല്ല, കാരണമുണ്ട്, വ്യക്തമാക്കി ഇര്‍ഫാന്‍ പഠാന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ സിഎസ്‌കെയുടെ പ്രകടനം എല്ലാവരെയും ഒരുപോലെ നിരാശരാക്കുന്നതാണ്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ഈ സീസണിലെ ആദ്യ രണ്ട് മത്സരവും തോറ്റിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോടുമാണ് സിഎസ്‌കെ തോറ്റത്. ഇത്തവണ എംഎസ് ധോണി ടീമിലുണ്ടെങ്കിലും നായകസ്ഥാനത്ത് രവീന്ദ്ര ജഡേജയാണ്.
ലഖ്‌നൗവിനെതിരേ സിഎസ്‌കെ ആറ് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത് ശിവം ദുബെ എറിഞ്ഞ 19ാം ഓവറാണ്. 25 റണ്‍സാണ് ഈ ഓവറില്‍ ലഖ്‌നൗ അടിച്ചെടുത്തത്. ഇതാണ് മത്സരഫലത്തെ മാറ്റിമറിച്ചതും. ഇതോടെ 19ാം ഓവര്‍ ദുബെക്ക് നല്‍കിയ തീരുമാനത്തിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കൂടുതല്‍ ആളുകളും ടീം പദ്ധതിയുടെ പിഴവായി ഇതിനെ ചൂണ്ടിക്കാട്ടിയപ്പോള്‍ സിഎസ്‌കെയുടെ തീരുമാനത്തിനെ അനുകൂലിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

കൃത്യമായ തീരുമാനമാണിതെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞത്. 'സിഎസ്‌കെ 19ാം ഓവര്‍ ശിവം ദുബെക്ക് നല്‍കിയത് തെറ്റായ തീരുമാനം അല്ല. മറ്റ് വഴികള്‍ അവര്‍ക്ക് മുന്നിലില്ലായിരുന്നു. മോയിന്‍ അലി, രവീന്ദ്ര ജഡേജ എന്നിവരാണ് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റ് രണ്ട് പേര്‍. ബോളിലും ഗ്രൗണ്ടിലും നനവുള്ളതിനാല്‍ പേസര്‍മാരെ മാത്രമെ ഈ സാഹചര്യത്തില്‍ സിഎസ്‌കെയ്ക്ക് പരിഗണിക്കാന്‍ സാധിക്കുമായിരുന്നുള്ളു.
അതുകൊണ്ടാണ് ശിവം ദുബെയെ പന്തേല്‍പ്പിച്ചത്. അല്‍പ്പം കൂടി മികച്ച ലൈനില്‍ പന്തെറിയാന്‍ ശിവം ദുബെക്ക് ശ്രമിക്കാമായിരുന്നു. അവന്റെ ലെങ്തിലും പ്രശ്‌നമുണ്ടായിരുന്നു. പുറത്തിരുന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍ മത്സരത്തിലെ അവന്റെ ആദ്യത്തെ ഓവറാണ്. അതും മഞ്ഞ് വീഴ്ചയുള്ള പ്രയാസമുള്ള സാഹചര്യത്തില്‍. ഏറ്റവും പ്രയാസമുള്ള 19ാം ഓവറാണ് എറിഞ്ഞത്. എത്രത്തോളം സമ്മര്‍ദ്ദം അവന്‍ നേരിട്ടുവെന്നതും ഓര്‍ക്കണം'- ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

19ാം ഓവറില്‍ ശിവം ദുബെക്ക് തീരെ നിയന്ത്രണമില്ലായിരുന്നു. മറ്റൊരു പേസറുടെയും ഓവര്‍ ബാക്കിയില്ലായിരുന്നു. മുകേഷ് ചൗധരിയെ അവസാന ഓവറിലേക്ക് കരുതാതെ 19 ാം ഓവറിലേക്ക് പരിഗണിച്ചാലും ഇത് തന്നെ സംഭവിക്കാനാണ് സാധ്യത. അവസാന ഓവറില്‍ ശിവം ദുബെ അല്ലാതെ മറ്റൊരു വഴിയും സിഎസ്‌കെയ്ക്ക് ഇല്ലാത്ത അവസ്ഥ വരും.

19ാം ഓവറിന്റെ ആദ്യ പന്തില്‍ത്തന്നെ ദുബെക്ക് സിക്‌സ് വഴങ്ങേണ്ടി വന്നു. ഇത് സമ്മര്‍ദ്ദം ഉയര്‍ത്തി. തുടര്‍ച്ചയായി രണ്ട് വൈഡ് എറിഞ്ഞ താരത്തിന്റെ അവസാന മൂന്ന് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും കൂടിയായപ്പോള്‍ മത്സരം സിഎസ്‌കെയുടെ നിയന്ത്രണത്തില്‍ നിന്ന് കൈവിട്ടുപോയിരുന്നു. അവസാന ഓവറില്‍ ഒമ്പത് റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ അത് പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ഏക സിഎസ്‌കെ താരം ഡ്വെയ്ന്‍ ബ്രാവോ മാത്രമായിരുന്നു. എന്നാല്‍ ബ്രാവോയുടെ നാല് ഓവര്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.

ദുബെയുടെ ബൗളിങ്ങിലെ വിമര്‍ശിക്കുന്നതിനെക്കാള്‍ കൂടുതല്‍ സിഎസ്‌കെയുടെ ബൗളിങ്ങിലെ പ്രശ്‌നമാണ് മത്സരത്തിലൂടെ തുറന്ന് കാട്ടുന്നത്. ഇര്‍ഫാന്‍ പഠാന്‍ ഇക്കാര്യവും ചൂണ്ടിക്കാട്ടി. ' ശിവം ദുബെ 19ാം ഓവര്‍ എറിഞ്ഞാലും ഇല്ലെങ്കിലും 20ാം ഓവര്‍ എറിയാന്‍ പോകുന്നത് മറ്റൊരു അരങ്ങേറ്റക്കാരനാണ്. മുകേഷ് ചൗധരി. അവനെ സംബന്ധിച്ചും ഒട്ടും എളുപ്പമാവില്ല. സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തില്‍ ഏഴ് റണ്‍സ് പ്രതിരോധിക്കുകയെന്നത് പ്രയാസമാണ്. ഇത്തവണത്തെ സിഎസ്‌കെയുടെ ബൗളിങ് നിരയില്‍ അനുഭവസമ്പന്നരായ താരങ്ങളുടെ അഭാവനമുണ്ട്. ഇതിനിടെ ആയുഷ് ബദോനിയുടെ പ്രകടനം മറന്ന് പോകരുത്. ഒരു സമ്മര്‍ദ്ദവുമില്ലാതെ എന്ത് അനായാസമായാണ് അവന്‍ ബാറ്റ് ചെയ്തത്' - ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications