
ഐപിഎല്ലിന്റെ 15ാം സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ വിജയിക്കുകയെന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ച് രവീന്ദ്ര ജഡേജയുടെ അപ്രതീക്ഷിത പിന്‍മാറ്റം. പരിക്കു കാരണം സീസണിലെ ബാക്കിയുള്ള മല്‍സരങ്ങളില്‍ നിന്നും ഓള്‍റൗണ്ടര്‍ പിന്‍മാറിയിരിക്കുകയാണ്. വാരിയെല്ലിനേറ്റ പരിക്കാണ് ജഡ്ഡുവിന് ഈ സീസണ്‍ നഷ്ടമാക്കിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അവസാന മല്‍സരത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല. എങ്കിലും വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സുമായുള്ള പോരാട്ടത്തില്‍ ജഡേജ ടീമിലേക്കു തിരിച്ചുവന്നേക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ പരിക്ക് സാരമുള്ളതാണെന്നു വ്യക്തമായതോടെയാണ് ജഡേജ ബാക്കിയുള്ള മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മല്‍സരത്തില്‍ ഫീല്‍ഡ് ചെയ്യവെയാണ് രവീന്ദ്ര ജഡേജയുടെ വാരിയെല്ലിനു പരിക്കേറ്റത്. അന്നു അദ്ദേഹം ഏറെ വേദന പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയില്‍ ജഡേജ്ക്കു വിശ്രമം നല്‍കിയത്. താരത്തിന്റെ ആരോഗ്യസ്ഥിതി മെഡിക്കല്‍ ടീം നിരീക്ഷിച്ചു വരികയായിരുന്നു. വാര്‍ത്താക്കുറിപ്പിലൂടെയാണ് ജഡേജയുടെ പിന്‍മാറ്റത്തെക്കുറിച്ച് സിഎസ്‌കെ അറിയിച്ചത്. പരിക്കു കാരണം ജഡേജയ്ക്കു ഐപിഎല്ലിലെ ബാക്കിയുള്ള മല്‍സരങ്ങള്‍ നഷ്ടമാവും. ഞങ്ങളുടെ മാന്ത്രികന്‍ അതിവേഗം സുഖം പ്രാപിക്കട്ടെയെന്നു ആശംസിക്കുന്നുവെന്നായിരുന്നു സിഎസ്‌കെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

പരിക്കിനെ തുടര്‍ന്നു ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു നഷ്ടമായ രണ്ടാമത്തെ പ്രമുഖ താരം കൂടിയാണ് രവീന്ദ്ര ജഡേജ. നേരത്തേ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ചാഹറും പരിക്കു കാരണം പിന്‍മാറിയിരുന്നു. ചാഹറിനു ഇത്തവണ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാനായിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലെ അവസാന മല്‍സരത്തിനിടെ പരിക്കേറ്റ ചാഹര്‍ ഐപിഎല്ലിന്റെ പകുതിയോടെ മല്‍സരംഗത്തേക്കു മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ ചാഹറിനു വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ ഐപിഎല്ലിന്റെ ഈ സീസണ്‍ മുഴുവനും സിഎസ്‌കെയ്ക്കു നഷ്ടമാവുകയും ചെയ്തു.
അതേസമയം, ജഡേജയെ സംബന്ധിച്ച് ഒരു മോശം സീസണ്‍ തന്നെയായിരുന്നു ഇത്. സീസണിനു തൊട്ടുമുമ്പ് എംഎസ് ധോണി നായകസ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നു അദ്ദേഹം ചുമതലയേറ്റെടുത്തിരുന്നു. എന്നാല്‍ ജഡേജയ്ക്കു കീഴില്‍ എന്തു ചെയ്യണമെന്നറിയാതെ പതറുന്ന സിഎസ്‌കെയെയാണ് കണ്ടത്. ആദ്യത്തെ എട്ടു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തിലാണ് ചെന്നൈ ജയിച്ചത്. ഇതേ തുടര്‍ന്നു ജഡേജ ക്യാപ്റ്റന്‍സിയൊഴിയുകയും ധോണിയെ തിരികെ ഇതേല്‍പ്പിക്കുകയും ചെയ്തു. ക്യാപ്റ്റനായ ശേഷം ജഡ്ഡുവിന്റെ വ്യക്തിഗത പ്രകടനവും മോശമായിരുന്നു. 10 മല്‍സരങ്ങളില്‍ നിന്നും 116 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ബൗളിങിലാവട്ടെ വെറും അഞ്ചു വിക്കറ്റുകളുമാണ് ലഭിച്ചത്.