
മുംബൈ ഇന്ത്യന്‍സ് (ജോഫ്രാ ആര്‍ച്ചര്‍)
ഇത്തവണ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതില്‍ ഏറ്റവും നിര്‍ണ്ണായക താരം ഇംഗ്ലണ്ട് പേസര്‍ ജോഫ്രാ ആര്‍ച്ചറാണ്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി വിശ്രമത്തിലുണ്ടായിരുന്ന താരത്തെ എട്ട് കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. ഈ സീസണില്‍ അദ്ദേഹം കളിക്കില്ലെന്ന കാര്യം മുംബൈയുടെ ഉടമകള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ മുംബൈയുടെ മികച്ച നീക്കമായിത്തന്നെ ഇതിനെ വിശേഷിപ്പിക്കാം. ജസ്പ്രീത് ബുംറ-ജോഫ്രാ ആര്‍ച്ചര്‍ കൂട്ടുകെട്ട് എതിരാളികളുടെ പേടി സ്വപ്‌നമാവുമെന്നുറപ്പ്.

സിഎസ്‌കെ ( രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍)
ഇത്തവണ സിഎസ്‌കെ സ്വന്തമാക്കിയ താരങ്ങളില്‍ അധികം ആരും ശ്രദ്ധിക്കാതെ പോയ പേരാണ് രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍. ഇത്തവണ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക ഘടകമായിരുന്നു അദ്ദേഹം. 19 കാരനായ താരത്തെ 1.5 കോടിക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. വമ്പനടിക്കാരനായ പേസ് ഓള്‍റൗണ്ടറാണ് അദ്ദേഹം. മികച്ച പരിശീലനം ലഭിച്ചാല്‍ ഇന്ത്യന്‍ ടീമിന്റെ പേസ് ഓള്‍റൗണ്ടര്‍ക്കായുള്ള അന്വേഷണവും അവസാനിപ്പിക്കാം. സിഎസ്‌കെയ്ക്ക് ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ട് തന്നെയാണ് അദ്ദേഹം.

ഡല്‍ഹി ക്യാപിറ്റല്‍സ് ( ഡേവിഡ് വാര്‍ണര്‍)
ഇത്തവണ കരുത്തുറ്റ ടീമിനെത്തന്നെ ഒപ്പം കൂട്ടിയ ഡല്‍ഹിയുടെ ഏറ്റവും നിര്‍ണ്ണായക താരമാവുക ഡേവിഡ് വാര്‍ണറാണ്. ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണറുടെ സ്ഥിരതയാര്‍ന്ന ബാറ്റിങ് ടീമിന് കരുത്താവും. കൂടാതെ 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടം ചൂടിച്ച നായകന്‍ കൂടിയാണ് വാര്‍ണര്‍. യുവ നായകനായ റിഷഭിനെ ക്യാപ്റ്റന്‍സിയില്‍ സഹായിക്കാനും വാര്‍ണര്‍ക്കാവും. 2021ലെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയ നേടിയപ്പോള്‍ താരമായത് വാര്‍ണറായിരുന്നു. 6.25 കോടിക്കാണ് വാര്‍ണറെ ഡല്‍ഹി സ്വന്തമാക്കിയത്.

ആര്‍സിബി (ഫഫ് ഡുപ്ലെസിസ്)
അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനായ ഫഫ് ഡുപ്ലെസിസിനെ സ്വന്തമാക്കിയതാണ് ആര്‍സിബിയുടെ നിര്‍ണ്ണായക നീക്കമായി വിശേഷിപ്പിക്കാനാവുക. സീനിയര്‍ താരമായ ഡുപ്ലെസിസിനെ ആര്‍സിബി വാങ്ങിയതില്‍ പല ആരാധകര്‍ക്കും കടുത്ത നിരാശയുണ്ടെങ്കിലും ഡുപ്ലെസിസിന്റെ സാന്നിധ്യമാവും ഇത്തവണ ടീമിന് നിര്‍ണ്ണായകമാവുക. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കൂടിയായ ഡുപ്ലെസിസ് ഇത്തവണ ആര്‍സിബിയുടെ ക്യാപ്റ്റനായി എത്താനുള്ള സാധ്യതയുമുണ്ട്. അവസാന സീസണില്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നു അദ്ദേഹം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (ജേസന്‍ ഹോള്‍ഡര്‍)
അരങ്ങേറ്റത്തിനൊരുങ്ങുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെഗാ ലേലത്തെ ഫലപ്രദമായിത്തന്നെ ഉപയോഗിച്ചെന്ന് പറയാം. കെ എല്‍ രാഹുല്‍ നായകനായുള്ള ടീം നിരവധി സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാന താരം ജേസന്‍ ഹോള്‍ഡര്‍. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറുടെ സമീപകാല ഫോം മികച്ചതാണ്. മധ്യനിരയില്‍ ബാറ്റുകൊണ്ട് തിളങ്ങാനും മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനും ഹോള്‍ഡര്‍ മിടുക്കനാണ്. ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ ഹോള്‍ഡര്‍ ഇത്തവണ ഞെട്ടിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.

പഞ്ചാബ് കിങ്‌സ് (ലിയാം ലിവിങ്സ്റ്റന്‍)
കരുത്തരുടെ നിരയായാണ് പഞ്ചാബ് കിങ്‌സ് ഇത്തവണ എത്തുന്നത്. ശിഖര്‍ ധവാന്‍ ഉള്‍പ്പെടെ എടുത്തു പറയാവുന്ന താരങ്ങള്‍ ഇത്തവണ പഞ്ചാബിനൊപ്പമുണ്ട്. ഇതില്‍ ടീമിന്റെ നിര്‍ണ്ണായക താരമായി മാറാന്‍ സാധ്യതയുള്ളത് ലിയാം ലിവിങ്സ്റ്റനാണ്. ഇംഗ്ലണ്ടിന്റെ സ്പിന്‍ ഓള്‍റൗണ്ടറായ താരത്തെ 11.5 കോടിക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരം ക്ലിക്കായാല്‍ ടീമിന് വലിയ മുതല്‍ക്കൂട്ടാവും. ഇംഗ്ലണ്ടിനൊപ്പം മിന്നും പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്.

കെകെആര്‍ (ശ്രേയസ് അയ്യര്‍)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഇത്തവണ ശ്രദ്ധേയമാവുക ശ്രേയസ് അയ്യര്‍ തന്നെയാണ്. 12.25 കോടിക്ക് കെകെആര്‍ സ്വന്തമാക്കിയ താരത്തെ നായകസ്ഥാനത്തേക്ക് തന്നെയാണ് ടീം പരിഗണിക്കുന്നത്. മധ്യനിരയില്‍ ബാറ്റ് ചെയ്യാനും നായകനെന്ന നിലയില്‍ മികവ് കാട്ടാനുമുള്ള കഴിവ് തനിക്കുണ്ടെന്ന് ഡല്‍ഹിക്കൊപ്പം തന്നെ ശ്രേയസ് തെളിയിച്ചതാണ്. ഡല്‍ഹിയെ രണ്ട് സീസണില്‍ നയിച്ചപ്പോള്‍ ഒരു തവണ പ്ലേ ഓഫിലും ഒരു തവണ ഫൈനലിലും എത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് (യുസ്‌വേന്ദ്ര ചഹാല്‍)
ഇത്തവണ മികച്ച താരങ്ങളെത്തന്നെ സ്വന്തമാക്കിയ ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നായകനായ ടീം മികച്ച താരങ്ങളെത്തന്നെ ഇത്തവണ ഒപ്പം കൂട്ടിയിട്ടുണ്ട്. ഇതില്‍ ഏറ്റവും നിര്‍ണ്ണായകം യുസ് വേന്ദ്ര ചഹാലാണ്. ആര്‍സിബിക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നറാണ് ചഹാല്‍. ഇന്ത്യയില്‍ത്തന്നെയാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നതെന്നതിനാല്‍ ചഹാലിന് ഗംഭീര പ്രകടനം തന്നെ കാഴ്ചവെക്കാനായേക്കും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (കാര്‍ത്തിക് ത്യാഗി)
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇത്തവണത്തെ ടീമിനെ ശരാശരി ടീമെന്ന് മാത്രമെ വിശേഷിപ്പിക്കാവു. ലേലത്തിലേക്കെത്തുമ്പോള്‍ ഏറ്റവും പണം കൈയിലുള്ള രണ്ടാമത്തെ ടീമായിരുന്നെങ്കിലും വിചാരിച്ചപോലെ പ്രമുഖരെ സ്വന്തമാക്കാന്‍ ഹൈദരാബാദിനായിട്ടില്ല. ഇത്തവണ ടീമിനൊപ്പം ചേര്‍ന്ന താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമെന്ന് വിളിക്കാവുന്ന താരം കാര്‍ത്തിക് ത്യാഗിയാണ്. യുവ പേസര്‍ ഗംഭീര പ്രകടനം തന്നെ ഇത്തവണ കാഴ്ചവെച്ചേക്കും.

ഗുജറാത്ത് ടൈറ്റന്‍സ് (ജേസന്‍ റോയ്)
ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായുള്ള ഗുജറാത്ത് ടൈറ്റന്‍സ് ഇത്തവണ അരങ്ങേറ്റം നടത്താന്‍ തയ്യാറെടുക്കുന്ന ടീമാണ്. നിരവധി മികച്ച താരങ്ങള്‍ ടീമിനൊപ്പമുണ്ടെങ്കിലും ലേലത്തില്‍ വിളിച്ചെടുത്തവരില്‍ ഏറ്റവും ശ്രദ്ധേയമാവുക ജേസന്‍ റോയിയാവും. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ക്ക് ആവിശ്യത്തിന് അവസരം ലഭിച്ചാല്‍ ടീമിന് മുതല്‍ക്കൂട്ടായി മാറുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications













