IPL 2022: പരാഗുമായി കൊമ്പ് കോര്‍ത്ത് ഹര്‍ഷല്‍ പട്ടേല്‍, കൈ കൊടുത്തില്ല, വിമര്‍ശിച്ച് ആരാധകര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രാജസ്ഥാന്റെ വിജയക്കുതിപ്പ് തുടരുന്നു. അവസാന മത്സരത്തില്‍ ആര്‍സിബിയെ 29 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തപ്പോള്‍ 19.3 ഓവറില്‍ 115 റണ്‍സിന് ആര്‍സിബി ഓള്‍ഔട്ടായി. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന രാജസ്ഥാന്റെ പ്രമുഖരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ റിയാന്‍ പരാഗിന്റെ (56*) അര്‍ധ സെഞ്ച്വറി പ്രകടനമാണ് അവരെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്.
31 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ ഗംഭീര ഇന്നിങ്‌സാണ് സമ്മര്‍ദ്ദ ഘട്ടത്തില്‍ റിയാന്‍ പരാഗ് കാഴ്ചവെച്ചത്. രാജസ്ഥാന്റെ ബാറ്റിങ്ങിലെ അവസാന ഓവറില്‍ 18 റണ്‍സാണ് ഹര്‍ഷല്‍ പട്ടേലിനെതിരേ റിയാന്‍ പരാഗ് നേടിയത്. രണ്ട് സിക്‌സും ഒരു ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. ഇതിന് ശേഷം റിയാന്‍ പരാഗുമായി ഹര്‍ഷല്‍ പട്ടേല്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. സഹ താരങ്ങള്‍ ഇടപെട്ടാണ് രണ്ട് പേരെയും രണ്ട് വഴിക്കാക്കിയത്.

പിന്നീട് മത്സര ശേഷം റിയാന്‍ പരാഗിന് കൈ കൊടുക്കാന്‍ ഹര്‍ഷല്‍ പട്ടേല്‍ തയ്യാറായുമില്ല. ഇത് വലിയ വിവാദമായി. ഹര്‍ഷല്‍ പട്ടേലിനെതിരേ വ്യാപക വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ഉയര്‍ത്തുന്നത്. റിയാന്‍ യുവതാരമാണ്. അതുകൊണ്ട് തന്നെ ഹര്‍ഷലിന്റെ പ്രവര്‍ത്തി ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്തതാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
റിയാന്റെ പ്രായം 20 മാത്രമാണ്. അവന്‍ ഇന്ത്യയുടെ ഭാവി താരമാണ്. യാതൊരു കാരണവുമില്ലാതെ സീനിയര്‍ താരമായ ഹര്‍ഷല്‍ പട്ടേലില്‍ നിന്ന് ഇത്തരമൊരു പ്രവര്‍ത്തി ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടിയത്. ചില ദിവസം ചില താരങ്ങള്‍ക്ക് അനുകൂലമായിരിക്കും. അതുകൊണ്ട് റിയാന് 32 റണ്‍സില്‍ നില്‍ക്കെ ലൈഫ് കിട്ടിയതും പിന്നീട് അര്‍ധ സെഞ്ച്വറിയോടെ ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിക്കാന്‍ സാധിച്ചതും. അവസാന ഓവറില്‍ റിയാന്‍ രണ്ട് സിക്‌സും ഒരു ഫോറും പറത്തിയതിന്റെ ദേഷ്യമാണ് ഹര്‍ഷല്‍ കാണിക്കുന്നതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടിയത്.

ഈ മത്സരത്തിന് മുമ്പ് വരെ വലിയ വിമര്‍ശനമാണ് റിയാന്‍ ഏറ്റുവാങ്ങിയത്. അവസാന ഓവറുകളില്‍ ബാറ്റിങ് ലഭിക്കുമ്പോള്‍ കാര്യമായൊന്നും ചെയ്യാനാവാതെ റിയാന്‍ മടങ്ങുന്നതായിരുന്നു പൊതുവേ കണ്ടിരുന്നത്. അവസാന സീസണിലും റിയാന് തിളങ്ങാനായിരുന്നില്ല. ഇത്തവണ മെഗാ ലേലത്തില്‍ റിയാനെ രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍ മുതല്‍ ട്രോളുകള്‍ താരത്തിനെതിരേ ഉണ്ടായിരുന്നു. രാജസ്ഥാന്‍ ടീം ഉടമയുടെ ബന്ധുവാണ് റിയാനെന്നും അതുകൊണ്ടാണ് ഇത്രയും മോശം പ്രകടനം നടത്തിയിട്ടും ടീമില്‍ ഇടം ലഭിക്കുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
എന്നാല്‍ ഇത്തരം വിമര്‍ശകരുടെയെല്ലാം വായടപ്പിക്കാന്‍ റിയാന്‍ പരാഗിനായി. കൂടുതല്‍ ഓവര്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ റിയാന്‍ മികച്ച പ്രകടനം നടത്തുമെന്ന് ബൗളിങ് പരിശീലകന്‍ ലസിത് മലിംഗ കഴിഞ്ഞിടെ അഭിപ്രായപ്പെട്ടിരുന്നു. അത് ശരിവെക്കുന്ന തരത്തിലായിരുന്നു റിയാന്‍ പരാഗിന്റെ പ്രകടനം. അവസരം ലഭിച്ചപ്പോള്‍ തങ്ങളുടെ മികവ് എത്രത്തോളമുണ്ടെന്ന് കാട്ടിക്കൊടുക്കാന്‍ റിയാന്‍ പരാഗിന് സാധിച്ചു. വിമര്‍ശനങ്ങള്‍ ശക്തമാവുമ്പോള്‍ ഇന്ത്യയുടെ ഭാവി താരമായി വളരാന്‍ തനിക്ക് കഴിവുണ്ടെന്ന് റിയാന്‍ പ്രകടനത്തിലൂടെ തെളിയിക്കുകയാണ്.

ഹര്‍ഷല്‍ പട്ടേല്‍ ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് ഹര്‍ഷല്‍ പട്ടേല്‍. അനുഭവസമ്പന്നനായ താരമെന്ന നിലയില്‍ യുവതാരമായ റിയാന്‍ പരാഗിനോട് ഹര്‍ഷല്‍ പട്ടേല്‍ ചെയ്തത് മോശമായിപ്പോയെന്ന് തന്നെയാണ് കൂടുതല്‍ ആരാധകരും അഭിപ്രായപ്പെട്ടത്. എന്തായാലും സംഭവം ഹര്‍ഷലിന് വളരെ നാണക്കേടായി പോയെന്ന കാര്യം ഉറപ്പാണ്.
രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ശക്തമായ കുതിപ്പാണ് നടത്തുന്നത്. എട്ട് മത്സരത്തില്‍ നിന്ന് ആറ് ജയത്തോടെ രാജസ്ഥാനാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ ഇത്തവണ സജീവ കിരീട പ്രതീക്ഷയുള്ള ടീമുകളിലൊന്നാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications