IPL 2022: 'ഇവരെ ഇനി തഴയരുത്', സിഎസ്‌കെ അവസരം നല്‍കണം, നാല് യുവ താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സിഎസ്‌കെ നാല് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ എട്ട് മത്സരവും തോറ്റു. ഇനി സീസണില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. സിഎസ്‌കെയ്ക്ക് എന്തായാലും പ്ലേ ഓഫില്‍ കടക്കാനാവില്ലെന്ന് ഉറപ്പായതിനാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് ഇനി വേണ്ടത്. ഇത്തവണ സിഎസ്‌കെ അവസരം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബെഞ്ചില്‍ മാത്രം ഒതുങ്ങിയ ചില യുവതാരങ്ങളുണ്ട്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ സിഎസ്‌കെ തീര്‍ച്ചയായും അവസരം നല്‍കേണ്ട നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

എന്‍ ജഗദീശന്‍
തമിഴ്‌നാടുകാരനായ എന്‍ ജഗദീശന്‍ ഇതിനോടകം സിഎസ്‌കെയ്ക്കായി അരങ്ങേറ്റം കുറിച്ചിട്ടുള്ള താരമാണ്. എന്നാല്‍ ഇത്തവണ സിഎസ്‌കെ ഒരവസരം പോലും നല്‍കിയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. ഇത്തവണ അമ്പാട്ടി റായിഡു, റോബിന്‍ ഉത്തപ്പ എന്നിവരെല്ലാം വലിയ പ്രകടനം നടത്താതെ വന്നപ്പോഴും ജഗദീശനെ സിഎസ്‌കെ പരിഗണിച്ചില്ല. എന്നാല്‍ രണ്ട് മത്സരം മാത്രം ശേഷിക്കെ സിഎസ്‌കെ തീര്‍ച്ചയായും ടീമിലേക്ക് പരിഗണിക്കേണ്ട താരമാണ് ജഗദീശന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ജഗദീശന്‍. ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കവെ ജഗദീശനെ സിഎസ്‌കെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. മധ്യനിരയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ജഗദീശനെ സിഎസ്‌കെ അടുത്ത രണ്ട് മത്സരത്തിലും പരിഗണിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

മതീഷ പതിരണ
ശ്രീലങ്കക്കാരനായ മതീഷ പതിരണക്കും ഇത്തവണ ബെഞ്ചിലായിരുന്നു സ്ഥാനം. പരിക്കേറ്റ ആദം മില്‍നെക്ക് പകരം സിഎസ്‌കെ ടീമിലെത്തിച്ച പതിരണക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലെങ്കിലും അവസരം നല്‍കേണ്ടതായുണ്ട്. അണ്ടര്‍ 19 ലോകകപ്പിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ പേസറാണ് മതീഷ പതിരണ. ജൂനിയര്‍ മലിംഗയെന്ന വിശേഷണമുള്ള താരം നന്നായി യോര്‍ക്കറുകള്‍ എറിയാന്‍ കെല്‍പ്പുള്ളവനാണ്. ഡ്വെയ്ന്‍ ബ്രാവോ ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന സാഹചര്യത്തില്‍ ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ പതിരണക്ക് സിഎസ്‌കെ അവസരം നല്‍കേണ്ടതായുണ്ട്. നഷ്ടപ്പെടാനൊന്നുമില്ലാത്ത സിഎസ്‌കെ പതിരണയെ പരിഗണിച്ച് ക്ലിക്കാക്കിയാല്‍ അടുത്ത വര്‍ഷത്തേക്കും ടീമിനൊരു മുതല്‍ക്കൂട്ടാവും. അതുകൊണ്ട് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ പതിരണക്ക് ഇന്ത്യ അവസരം നല്‍കേണ്ടതായുണ്ട്.

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍
ഇത്തവണ സിഎസ്‌കെ നേരത്തെ തന്നെ അവസരം നല്‍കുമെന്ന് കരുതിയിരുന്ന താരമാണ് രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍. പേസ് ഓള്‍റൗണ്ടറായ താരം അവസാന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയ താരമാണ് ഹംഗര്‍ഗേക്കര്‍. ഇത്തവണ ദീപക് ചഹാര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ ഹംഗര്‍ഗേക്കറെ പരിഗണിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ യുവതാരത്തിന് ബെഞ്ചിലായിരുന്നു സ്ഥാനം. പേസ് ഓള്‍റൗണ്ടറായ താരം മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവനുമാണ്. നെറ്റ്‌സില്‍ ഹംഗര്‍ഗേക്കര്‍ മികവ് കാട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ സിഎസ്‌കെ തന്നെ പങ്കുവെച്ചെങ്കിലും ഒരവസരം പോലും നല്‍കിയില്ല. ഇന്ത്യയുടെ ഭാവി താരമെന്ന് വിളിക്കാവുന്ന ഹംഗര്‍ഗേക്കര്‍ക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലെങ്കിലും സിഎസ്‌കെ അവസരം നല്‍കേണ്ടതായുണ്ട്.

കെ എം ആസിഫ്
ഇതിനോടകം സിഎസ്‌കെയ്ക്കായി അരങ്ങേറ്റം നടത്തിയിട്ടുള്ള പേസറാണ് കെ എം ആസിഫ്. 2018 മുതല്‍ സിഎസ്‌കെ ക്യാപിലുള്ള അദ്ദേഹത്തിന് ഇത്തവണ ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയിട്ടില്ല. 2018ല്‍ രണ്ട് മത്സരം കളിച്ച് മൂന്ന് വിക്കറ്റും അവസാന സീസണില്‍ ഒരു മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റുമാണ് ആസിഫ് നേടിയത്. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടാത്ത ബൗളറാണ് ആസിഫെങ്കിലും ഒരു മത്സരം പോലും ലഭിക്കാതെ പൂര്‍ണ്ണമായും തഴയപ്പെടേണ്ടവനുമല്ല. അതുകൊണ്ട് തന്നെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും പേസറെ സിഎസ്‌കെയ്ക്ക് പ്ലേയിങ് 11ലേക്ക് പരിഗണിക്കാവുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications