IPL 2022: നാല് തോല്‍വികള്‍ക്ക് ശേഷം ജയം, സിഎസ്‌കെയുടെ തന്ത്രങ്ങളിലെ അഞ്ച് പിഴവുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ നാല് തുടര്‍ തോല്‍വികള്‍ക്ക് ശേഷം സിഎസ്‌കെ ജയിച്ചിരിക്കുകയാണ്. കരുത്തരായ ആര്‍സിബിയെ വീഴ്ത്തിയാണ് നിലവിലെ ചാമ്പ്യന്മാരും നാല് തവണ ചാമ്പ്യന്മാരുമായ സിഎസ്‌കെ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഇത്തവണ ടീം കരുത്തില്‍ പ്രശ്‌നങ്ങളേറെയായിരുന്നു. ബൗളിങ് നിരയിലും ബാറ്റിങ് നിരയിലും പ്രശ്‌നങ്ങള്‍. വിക്കറ്റ് നേടാന്‍ പേസര്‍മാര്‍ക്ക് സാധിക്കാത്തതും അനുഭവസമ്പന്നരായ ബൗളര്‍മാരെ കൈവിട്ടതുമെല്ലാം സിഎസ്‌കെയെ പിന്നോട്ടടിച്ചു.
പ്രതീക്ഷിച്ച പോലെ തുടങ്ങാന്‍ ടീമിനായില്ല. കെകെആറിനോട് തോറ്റ് തുടങ്ങിയ സിഎസ്‌കെയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. ആര്‍സിബിക്കെതിരേ ജയിച്ച് തിരിച്ചുവരവ് പ്രതീക്ഷ നല്‍കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചെങ്കിലും ടീം ഫോമിലേക്കെത്തിയെന്ന് ഇപ്പോഴും പറയാറായിട്ടില്ല. ശിവം ദുബെ, റോബിന്‍ ഉത്തപ്പ എന്നിവരുടെ ബാറ്റിങ് പ്രകടനവും മഹേഷ് തീക്ഷണയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് സിഎസ്‌കെയെ തുണച്ചത്. ബൗളര്‍മാരെല്ലാം മോശമല്ലാത്ത രീതിയില്‍ പന്തെറിഞ്ഞു. നായകന്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുമായും തിളങ്ങി.

എന്നാല്‍ ബാറ്റിങ് നിരയില്‍ പ്രശ്‌നങ്ങള്‍ ഇനിയും ബാക്കി. റുതുരാജ് ഗെയ്ക് വാദ് തുടര്‍ച്ചയായി അഞ്ച് മത്സരത്തിലും ഫ്‌ളോപ്. അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയാണ് അദ്ദേഹം. മോയിന്‍ അലിക്കും പഴയ ബാറ്റിങ് മികവിലേക്ക് എത്താനായിട്ടില്ല. രവീന്ദ്ര ജഡേജയും ബാറ്റിങ്ങില്‍ ശോകം. അമ്പാട്ടി റായിഡുവിനും ഡ്വെയ്ന്‍ ബ്രാവോക്കും എന്തെങ്കിലും ചെയ്യാനാവുമെന്ന് കരുതാനാവാത്ത അവസ്ഥ. ഇത്തവണ സിഎസ്‌കെ പ്രതീക്ഷക്കൊത്ത് ഉയരാതെ വരുമ്പോള്‍ എവിടെയാണ് അവര്‍ക്ക് പിഴച്ചത് ?. തന്ത്രപരമായ കാര്യങ്ങളില്‍ സംഭവിച്ച അഞ്ച് പിഴവുകള്‍ പരിശോധിക്കാം.

ഡുപ്ലെസിസിനെ നിലനിര്‍ത്താത്തത് പിഴവ്
ഫഫ് ഡുപ്ലെസിസിനെ മെഗാ ലേലത്തില്‍ കൈവിട്ട് കളഞ്ഞതാണ് സിഎസ്‌കെ കാണിച്ച പ്രധാന മണ്ടത്തരം. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും പരിചയസമ്പന്നനുമായ ഡുപ്ലെസിസ് സിഎസ്‌കെയുടെ അഭിവാജ്യ ഘടകമാണെന്ന് മനസിലാക്കാന്‍ ടീമിന് സാധിച്ചില്ല. റുതുരാജ് ഗെയ്ക് വാദ് അവസാന സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കാരണം ഡുപ്ലെസിസിനെ പോലൊരു മികച്ച താരത്തിന്റെ പിന്തുണയാണ്. സിഎസ്‌കെയില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ് അദ്ദേഹം. എന്നിട്ടും നിലനിര്‍ത്താന്‍ തയ്യാറാവാതിരുന്നത് അദ്ദേഹത്തിന് നല്‍കേണ്ടി വരുന്ന വലിയ പ്രതിഫലം ഓര്‍ത്തിട്ടാവണം.
2018ല്‍ 162 റണ്‍സ് മാത്രമാണ് അദ്ദേഹം സിഎസ്‌കെയ്ക്കായി നേടിയത്. എന്നാല്‍ 2019ലേക്ക് വരുമ്പോള്‍ 396 റണ്‍സുമായി ടീമിനെ ഫൈനലിലേക്കെത്താന്‍ സഹായിച്ചു. 2020ല്‍ ടീം ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായപ്പോഴും 449 റണ്‍സുമായി തിളങ്ങാന്‍ ഡുപ്ലെസിസിനായി. അവസാന സീസണില്‍ നേടിയത് 633 റണ്‍സും. മെഗാ ലേലത്തില്‍ ഡുപ്ലെസിസിനായി സിഎസ്‌കെ ശ്രമിച്ചെങ്കിലും ആര്‍സിബിയുടെ വില പേശലിനെ മറികടക്കാനായില്ല. നിലവിലെ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ഡുപ്ലെസിസിനെ കൈവിട്ടത് സിഎസ്‌കെയുടെ തന്ത്രപരമായ പിഴവ് തന്നെയാണ്.

ദീപക് ചഹാറിന്റെ പകരക്കാരനെ കണ്ടെത്താനായില്ല
14 കോടിക്ക് സിഎസ്‌കെ മെഗാ ലേലത്തിലൂടെ തിരിച്ചെത്തിച്ച താരമാണ് ദീപക് ചഹാര്‍. ന്യൂബോളില്‍ സ്വിങ്ങുകൊണ്ട് വിക്കറ്റ് നേടാന്‍ മിടുക്കനായ താരം മധ്യനിരയില്‍ ഗംഭീര ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവന്‍ കൂടിയാണ്. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താനുള്ള കഴിവാണ് ദീപക്കിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഡെത്ത് ഓവറുകളില്‍ തല്ലുകൊള്ളിയാണെങ്കിലും ന്യൂബോളില്‍ വിശ്വസ്തനെന്ന് നിസംശയം പറയാം.
എന്നാല്‍ പരിക്കേറ്റ് താരത്തിന് ഈ സീസണ്‍ നഷ്ടമായത് സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയായി. സീസണ്‍ പൂര്‍ണ്ണമായും ദീപക്കിന് നഷ്ടമാവും. ദീപക്കിന്റെ പകരക്കാരനായി മികച്ച താരത്തെ കണ്ടെത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചില്ല. ഇത് ടീമിന്റെ തന്ത്രപരമായ പിഴവാണ്. മികച്ചൊരു പേസ് ഓള്‍റൗണ്ടറെ സിഎസ്‌കെ ടീമിലേക്ക് എത്തിക്കേണ്ടതായിരുന്നു.

അനുഭവസമ്പത്തില്ലാത്ത ജഡേജ ക്യാപ്റ്റന്‍
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് രവീന്ദ്ര ജഡേജ. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള ശൈലി. എന്നാല്‍ നായകനെന്ന നിലയിലെ അനുഭവസമ്പത്ത് വട്ടപൂജ്യം. ഇത്തവണ എംഎസ് ധോണി സിഎസ്‌കെയുടെ നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ ദീര്‍ഘനാളുകളായി ടീമിന്റെ ഭാഗമെന്ന നിലയില്‍ രവീന്ദ്ര ജഡേജക്കാണ് നായകനായി നറുക്കുവീണത്. എന്നാല്‍ ഇത് ടീമിന് സംഭവിച്ച തന്ത്രപരമായ പിഴവാണ്. എംഎസ് ധോണി ടീമിലുണ്ടെങ്കിലും നായകനെന്ന നിലയിലെ ജഡേജയുടെ അനുഭവസമ്പത്ത് കുറവ് പ്രതികൂലമായി ടീമിനെ ബാധിക്കുന്നു.
ജഡേജയുടെ പ്രകടനം സിഎസ്‌കെയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. എന്നാല്‍ പന്തുകൊണ്ട് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ബാറ്റുകൊണ്ട് തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഇത് ടീമിനെ തിരിച്ചടിയാണ്. ജഡേജക്ക് പകരം അനുഭവസമ്പന്നായ മറ്റൊരു നായകനെ സിഎസ്‌കെ കണ്ടെത്തേണ്ടിയിരുന്നു.

പ്രിട്ടോറിയസ് പ്ലേയിങ് 11ല്‍ നിന്ന് പുറത്ത്
സിഎസ്‌കെ തുടര്‍ തോല്‍വികള്‍ വഴങ്ങുമ്പോഴും ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസ് ഭേദപ്പെട്ട പ്രകടനമാണ് ടീമിനായി കാഴ്ചവെച്ചത്. പന്തുകൊണ്ട് മികച്ച പ്രകടനം തന്നെ അദ്ദേഹം കാഴ്ചവെച്ചു. ടീമിന്റെ പേസ് ബൗളര്‍മാരില്‍ ഭേദപ്പെട്ട് നിന്നത് പ്രിട്ടോറിയസ് മാത്രമാണെന്ന് പറയാം. അരങ്ങേറ്റ മത്സരത്തില്‍ രണ്ട് വിക്കറ്റുമായി തുടങ്ങിയ പ്രിട്ടോറിയസ് പഞ്ചാബിനെതിരെയും രണ്ട് വിക്കറ്റുകള്‍ നേടി. എന്നാല്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ പ്രിട്ടോറിയസിനെ സിഎസ്‌കെ ഒഴിവാക്കി. ആര്‍സിബിക്കെതിരേ സിഎസ്‌കെ ജയിച്ചെങ്കിലും പ്രിട്ടോറിയസിനെ മാറ്റിനിര്‍ത്തിയത് വരുന്ന മത്സരങ്ങളില്‍ ടീമിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

കോണ്‍വേയെ പെട്ടെന്ന് തഴഞ്ഞു
ഡുപ്ലെസിസിനെ സിഎസ്‌കെ ഒഴിവാക്കിയപ്പോള്‍ പകരക്കാരനായി വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ചത് കിവീസ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയാണ്. ഇടം കൈയന്‍ ഓപ്പണറുടെ സമീപകാല ബാറ്റിങ് പ്രകടനങ്ങളെല്ലാം മികച്ചതാണ്. എന്നാല്‍ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയതോടെ സിഎസ്‌കെ കോണ്‍വേയെ പൂര്‍ണ്ണമായും തഴഞ്ഞു. എട്ട് പന്തില്‍ മൂന്ന് മത്സരം മാത്രമാണ് കോണ്‍വേക്ക് നേടാനായത്. എന്നാല്‍ ഒറ്റ മത്സരം കൊണ്ട് താരത്തെ മാറ്റിനിര്‍ത്തിയത് നല്ല തീരുമാനമല്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന താരത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതായുണ്ട്. റുതുരാജ് ഗെയ്ക് വാദ് വലം കൈയന്‍ താരമായതിനാല്‍ ഇടം കൈയനായ കോണ്‍വേ ഒപ്പമുള്ളത് ടീമിന് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications