
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ആര്‍സിബിക്കെതിരേ സിഎസ്‌കെയുടെ വമ്പന്‍ പ്രകടനം. ശിവം ദുബെ (95*) റോബിന്‍ ഉത്തപ്പ (88) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനത്തിന്റെ കരുത്തില്‍ 216 റണ്‍സെന്ന വമ്പന്‍ ടോട്ടലാണ് സിഎസ്‌കെ ഉയര്‍ത്തിയിരിക്കുന്നത്. മൂന്നാം വിക്കറ്റില്‍ 165 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ട് സൃഷ്ടിച്ച ദുബെയും ഉത്തപ്പയുമാണ് സിഎസ്‌കെയ്ക്ക് കരുത്ത് പകര്‍ന്നത്. ഇതോടെ നിരവധി റെക്കോഡുകളും രണ്ട് പേരും സ്വന്തമാക്കിയിട്ടുണ്ട്.
ആര്‍സിബിക്കെതിരേ സിഎസ്‌കെ താരങ്ങളുടെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്തിയിരിക്കുകയാണ് ദുബെ. 46 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെയാണ് ദുബെ 95 റണ്‍സുമായി പുറത്താവാതെ നിന്നത്. നേരത്തെ 2011ല്‍ മുരളി വിജയിയും സിഎസ്‌കെയ്ക്കുവേണ്ടി ആര്‍സിബിക്കെതിരേ 95 റണ്‍സ് നേടിയിരുന്നു. റോബിന്‍ ഉത്തപ്പ (88) ഇന്നത്തെ പ്രകടനത്തോടെ എംഎസ് ധോണിയെ (84*) മറികടന്ന് മൂന്നാം സ്ഥാനത്തേക്കുമുയര്‍ന്നു. 50 പന്തില്‍ നാല് ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടെയാണ് ഉത്തപ്പയും നിറഞ്ഞാട്ടം. ഈ സീസണിലെ ഇതുവരെയുള്ള ഉയര്‍ന്ന കൂട്ടുകെട്ടാണിത്.

സിഎസ്‌കെയുടെ 200ാം ഐപിഎല്‍ മത്സരത്തില്‍ 200 പ്ലസ് സ്‌കോറെന്ന നേട്ടത്തിലേക്കെത്താന്‍ സിഎസ്‌കെയ്ക്കായി. കൂടാതെ ടൂര്‍ണമെന്റില്‍ കൂടുതല്‍ തവണ 200 പ്ലസ് സ്‌കോര്‍ നേടിയ ടീമെന്ന റെക്കോഡില്‍ ആര്‍സിബിക്കൊപ്പം തലപ്പത്തേക്കെത്താനും സിഎസ്‌കെയ്ക്കായി. 21 തവണയാണ് രണ്ട് ടീമും ഈ നേട്ടത്തിലേക്കെത്തിയത്. മുംബൈ ഇന്ത്യന്‍സ് (16), പഞ്ചാബ് കിങ്‌സ് (15), കെകെആര്‍ (13) എന്നിവരാണ് ഈ പട്ടികയില്‍ പിന്നാലെയുള്ളത്.

കൂടാതെ ആര്‍സിബിക്കെതിരേ ഉയര്‍ന്ന കൂട്ടുകെട്ടന്ന റെക്കോഡില്‍ മൂന്നാം സ്ഥാനത്തേക്കെത്താനും ഉത്തപ്പ - ദുബെ കൂട്ടുകെട്ടിനായി. 185 റണ്‍സുമായി സണ്‍റൈസേഴ്‌സ് ഹൈരാബാദിന്റെ ജോണി ബെയര്‍സ്റ്റോ - ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആദം ഗില്‍ക്രിസ്റ്റ് - ഷോണ്‍ മാര്‍ഷ് കൂട്ടുകെട്ട് പഞ്ചാബിനായി നേടിയ 206 റണ്‍സ് കൂട്ടുകെട്ടാണ് തലപ്പത്ത്.

മത്സരത്തില്‍ ആര്‍സിബിയുടെ ഗ്ലെന്‍ മാക്‌സ് വെല്ലിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് മാക്‌സ് വെല്ലിനെതിരായ തന്റെ റെക്കോഡ് ഒന്നുകൂടി തേച്ച് മിനുക്കിയിരിക്കുന്നു. 39 പന്തുകള്‍ ജഡേജ മാക്‌സ് വെല്ലിനെതിരേ എറിഞ്ഞപ്പോള്‍ ആറ് തവണ പുറത്താക്കാന്‍ ഇതോടെ ജഡേജക്കായിരിക്കുന്നു. സിഎസ്‌കെയ്‌ക്കെതിരേ വിരാട് കോലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയിരിക്കുകയാണ്. 8,6,9,90*,50,8,53,1 എന്നിങ്ങനെയാണ് സിഎസ്‌കെയ്‌ക്കെതിരേ കോലിയുടെ ഇതുവരെയുള്ള സ്‌കോര്‍.