
ട്വിറ്റിലൂടെയായിരുന്നു എംഎസ് ധോണിയെ ഈ സീസണിലെ സിഎസ്‌കെയുടെ മുഴുവന്‍ മല്‍സരങ്ങളിലും കണ്ടേക്കില്ലെന്ന് ഹര്‍ഷ ഭോഗ്‌ലെ നിരീക്ഷിച്ചിരിക്കുന്നത്. ധോണി ക്യാപ്റ്റന്‍സി കൈമാറിയത് വലിയ വാര്‍ത്ത തന്നെയാണ് (എല്ലാത്തിലുമപരി അദ്ദേഹം സിഎസ്‌കെക്കാരനുമാണ്). പക്ഷെ ധോണിയെന്ന വ്യക്തിയെ കണക്കിലെടുക്കുമ്പോള്‍ ഇതില്‍ അതിശയിക്കാനുമില്ല. ഈ സീസണിലെ എല്ലാ മല്‍സരങ്ങളിലും അദ്ദേഹം സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുമെന്നു ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തെപ്പോലെ തന്നെ. (ധോണിക്കൊപ്പമുള്ള മനോഹരമായ അവതരണങ്ങള്‍ മിസ്സ് ചെയ്യും) എന്നായിരുന്നു ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചത്.

ഹര്‍ഷ ഭോഗ്‌ലെയുടെ ഈ പ്രവചനം തെറ്റാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണം തന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചതായി നല്ല ബോധ്യമുള്ള താരമാണ് അദ്ദേഹം. അടുത്ത വര്‍ഷം തീര്‍ച്ചയായും ധോണി കളിക്കാനിടയില്ല. അതിനാല്‍ തന്നെ നേരത്തേ റിഷഭ് പന്തിനു ദേശീയ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം കൈമാറിയതു പോലെ സിഎസ്‌കെയിലും അദ്ദേഹം ഈ ചുമതല മറ്റൊരാള്‍ക്കു നല്‍കിയേക്കും.

അടുത്ത സീസണില്‍ കളിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ തന്നെ ഇത്തവണ കുറച്ചു മല്‍സരങ്ങളില്‍ മാത്രമിറങ്ങി ബാക്കിയുള്ളവയില്‍ പുതിയൊരാളെ പരീക്ഷിക്കാനും അയാളെ ഈ റോളില്‍ വളര്‍ത്തിക്കൊണ്ടുവരാനും ധോണി തന്നെ മുന്‍കൈയെടുക്കാന്‍ സാധ്യത കൂടുതലാണ്.

ക്യാപ്റ്റനല്ലാതെ വെറും വിക്കറ്റ് കീപ്പര്‍ മാത്രമായി ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി എംഎസ് ധോണി കളിക്കുന്ന ആദ്യത്തെ സീസണായിരിക്കും ഇത്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ അദ്ദേഹം സിഎസ്‌കെയെ നയിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല 2016, 17 സീസണുകളില്‍ ടീം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ മാത്രമാണ് ധോണി മറ്റൊരു ടീമിന്റെ ഭാഗമായത്. റൈസിങ് പൂനെ സൂപ്പര്‍ ജയന്റിലേക്കായിരുന്നു അദ്ദേഹം മാറിയത്. 2018ല്‍ സിഎസ്‌കെ ലീഗിലേക്കു തിരിച്ചുവന്നപ്പോള്‍ ധോണി വീണ്ടും നായകസ്ഥാനത്തെത്തുകയായിരുന്നു.

2017ല്‍ മാത്രമേ ഐപിഎല്ലില്‍ ക്യാപ്റ്റനല്ലാതെ വിക്കറ്റ് കീപ്പര്‍ മാത്രമായി ധോണി കളിച്ചിട്ടുള്ളൂ. അന്നു പൂനെയ്ക്കു വേണ്ടിയായിരുന്നു അദ്ദേഹം വിക്കറ്റ് കാത്തത്. ടീമിനെ നയിച്ചത് സ്റ്റീവ് സ്മിത്തായിരുന്നു. 2016ലെ സീസണില്‍ പൂനെയുടെ മോശം പ്രകടനം കാരണം ധോണിയെ നായകസ്ഥാനത്തു നിന്നു മാറ്റുകയായിരുന്നു.

ഇത്തവണ രവീന്ദ്ര ജഡേജയ്ക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലും ആദ്യമായി എംഎസ് ധോണിയെ വിക്കറ്റ് കീപ്പര്‍ മാത്രമായി നമുക്ക്് കാണാന്‍ സാധിക്കും. ക്യാപ്റ്റന്‍സിയില്‍ അനുഭവസമ്പത്ത് കുറഞ്ഞ ജഡ്ഡുവിന് സഹായവുമായി അദ്ദേഹം ഒപ്പം തന്നെയുണ്ടാവുമെന്നുറപ്പാണ്. നായകനെന്ന നിലയില്‍ ജഡേജയ്ക്കു വഴികാണിച്ച ശേഷം സീസണ്‍ കഴിയുന്നതോടെ ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും അടുത്ത സീസണില്‍ സിഎസ്‌കെയുടെ കോച്ചിങ് സംഘത്തിലോ, ഉപദേശകന്റെ റോളിലോ അദ്ദേഹമുണ്ടാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications











