
പുതിയ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയ്ക്കു കീഴില്‍ സിഎസ്‌കെയുടെ കന്നി വിജയം കൂടിയായിരുന്നു ഇത്. അതേസമയം, നേരത്തേ ലേലത്തില്‍ കോടികള്‍ മുടക്കി ടീമിലേക്കു കൊണ്ടു വന്ന ചില താരങ്ങള്‍ സിഎസ്‌കെയ്ക്കു വേണ്ടി ഒരു മല്‍സരം പോലും കളിക്കാതിരുന്നിട്ടുണ്ട്. ഈ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ദീപക് ചാഹര്‍ (14 കോടി)
ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും വലിയ നഷ്ടമാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ദീപക് ചാഹര്‍. ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റും ലോവര്‍ ഓര്‍ഡറിലെ വെടിക്കെട്ട് ബാ്റ്ററുായ താരത്തിന് പരിക്കാണ് ഈ സീസണ്‍ നഷ്ടമാക്കിയത്. പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന ചാഹര്‍ ഫിറ്റ്‌നസ് വീണെടുത്ത് ഈ സീസണിന്റെ പകുതിക്കു ശേഷം മടങ്ങിവരാമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ അടുത്തിടെ താരത്തിന്റെ പുറംഭാഗത്തിനു മറ്റൊരു പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെയാണ് ചാഹറിനു സീസണ്‍ മുഴുവന്‍ നഷ്ടമായത്.

ഇത്തവണത്തെ മെഗാ ലേലത്തില്‍ 14 കോടി രൂപയ്ക്കു സിഎസ്‌കെ വാങ്ങിയ താരമാണ് ചാഹര്‍. ലേലത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരം കൂടിയായിരുന്നു അദ്ദേഹം. കഴിഞ്ഞ സീസണിനു ശേഷം നിലനിര്‍ത്താതിരുന്ന ചാഹറിനെ ലേലത്തില്‍ മോഹവിലയ്ക്കു സിഎസ്‌കെ തിരിച്ചുകൊണ്ടു വരികയായിരുന്നു. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ലേലത്തില്‍ മുമ്പൊരിക്കലും ഒരു താരത്തിനു വേണ്ടിയും സിഎസ്‌കെ 14 കോടി രൂപ മുടക്കിയിട്ടില്ല. ഇത്തവണ സിഎസ്‌കെ രണ്ടും കല്‍പ്പിച്ച് ഇത്രയും തുകയ്ക്കു ചാഹറിനെ വാങ്ങിയപ്പോള്‍ അത് ഇത്തരമൊരു ദുരന്തത്തില്‍ കലാശിക്കുമെന്ന് ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

കെ ഗൗതം (9.25 കോടി)
കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുണ്ടായിരുന്ന താരമാണ് കര്‍ണാടകയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ കെ ഗൗതം. ലേലത്തില്‍ 9.25 കോടി രൂപയ്ക്കായിരുന്നു താരത്തെ സിഎസ്‌കെ വാങ്ങിയത്. ഇത്രയും വലിയൊരു തുക ഗൗതമിനു വേണ്ടി സിഎസ്‌കെ അന്നു മുടക്കിയതില്‍ പലരും ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. അവരുടെ സംശയം ശരിയാവുകയും ചെയ്തു. സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും ഗൗതമിനെ സിഎസ്‌കെ ഇറക്കിയില്ല.

വലംകൈയന്‍ ഓഫ് സ്പിന്നറും അവസാന ഓവറുകളില്‍ വമ്പനടിക്കാരനായ ബാറ്ററുമാണ് ഗൗതം. ഈ കാരണത്താല്‍ തന്നെയാണ് ലേലത്തില്‍ 10 കോടിയോളം രൂപ സിഎസ്‌കെ ചെലവിടുകയും ചെയ്തത്. എന്നാല്‍ ഇതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കു ടീമിലേക്കു വന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിക്കാണ് സിഎസ്‌കെ പ്രഥമ പരിഗണന നല്‍കിയത്. തന്നിലര്‍പ്പിച്ച വിശ്വാസം അലി കാക്കുകയും ചെയ്തതോടെ ഗൗതമിനു കാഴ്ചക്കാരനാവേണ്ടി വന്നു. സീസണിനു ശേഷം താരം ഒഴിവാക്കപ്പെടുകയും ചെയ്തു.

സുരേഷ് റെയ്‌ന (11 കോടി)
2020ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും വലിയ നഷ്ടമായിരുന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. തൊട്ടുമുമ്പത്തെ സീസണിലും ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹത്തെ 11 കോടി രൂപയ്ക്കു നിലനിര്‍ത്തുകയായിരുന്നു. ടീമിന്റെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയായ റെയ്‌ന 2020ലെ ഐപിഎല്ലില്‍ നിന്നും സ്വയം പിന്‍മാറുകയായിരുന്നു. യുഎഇ വേദിയായ ടൂര്‍ണമെന്റില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു റെയ്‌നയുടെ പിന്‍മാറ്റം.

ടൂര്‍ണമെന്റിനായി ടീമംഗങ്ങള്‍ക്കൊപ്പം റെയ്‌ന യുഎഇയിലെത്തിയിരുന്നു. ടീം ക്വാറന്റീനില്‍ കഴിയവെയായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് റെയ്‌ന നാട്ടിലേക്കു മടങ്ങിയത്. ടീം മാനേജ്‌മെന്റിലും ഇത് അതൃപ്തിയുണ്ടാക്കിയിരുന്നു. ഇനിയൊരിക്കലും അദ്ദേഹം സിഎസ്‌കെയ്ക്കായി കളിക്കില്ലെന്നു പലരും കരുതിയിരുന്നെങ്കിലും 2021ല്‍ ടീമില്‍ തിരിച്ചെത്തുകയായിരുന്നു. പക്ഷെ മോശം പ്രകടനം കാരണം അവസാന റൗണ്ട് മല്‍സരങ്ങളില്‍ റെയ്‌നയെ സിഎസ്‌കെ കളിപ്പിച്ചില്ല. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട റെയ്‌നയെ ഇത്തവണത്തെ മെഗാ ലേലത്തില്‍ ആരും വാങ്ങിയതുമില്ല.


Click it and Unblock the Notifications











