IPL 2022: സിഎസ്‌കെയ്ക്ക് അഭിമാന പോര്, എതിരാളി മായങ്കിന്റെ പഞ്ചാബ്, പോരാട്ടം കടുക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. സൂപ്പര്‍ സണ്‍ഡേ പോരാട്ടം വൈകീട്ട് 7.30നാണ് നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. കെകെആറിനോട് തോറ്റാണ് പഞ്ചാബിന്റെയും വരവ്. രണ്ട് കൂട്ടര്‍ക്കും ജയം നിര്‍ണ്ണായകമാണെന്നിരിക്കെ പോരാട്ടം ആവേശകരമാവുമെന്നുറപ്പ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും മത്സരത്തിന്റെ തത്സമയ സംപ്രേഷണം കാണാനാവും.

വലിയ പ്രതിസന്ധികളിലൂടെയാണ് ഇത്തവണ സിഎസ്‌കെ കടന്ന് പോകുന്നത്. നിലവിലെ ചാമ്പ്യന്മാരായെത്തിയ സിഎസ്‌കെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റപ്പോള്‍ രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോടും തോറ്റു. ടീമിനുള്ളില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. എംഎസ് ധോണി ക്യാപ്റ്റന്‍ സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയിരുന്നു. എന്നാല്‍ നായകനായ ശേഷം വലിയ സമ്മര്‍ദ്ദം ജഡേജ നേരിടുന്നു. ഇത് സിഎസ്‌കെ ടീമിനെയാകെ ബാധിച്ചിട്ടുണ്ട്. സിഎസ്‌കെയുടെ രണ്ട് മത്സരത്തിലും ധോണി രവീന്ദ്ര ജഡേജയില്‍ നിന്ന് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വന്നു. ഇൗ പ്രതിസന്ധി ഇനിയും തുടരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബാറ്റിങ് നിരയില്‍ വലിയ പിഴവുകള്‍ പറയാനാവില്ല. റുതുരാജ് ഗെയ്ക് വാദിന്റെ മോശം ഫോം മാത്രമാണ് നിലവിലെ ടീമിന്റെ ബാറ്റിങ് നിരയിലെ പ്രശ്‌നം. അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയായ റുതുരാജിന് ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാനായിട്ടില്ല. റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി എന്നിവരെല്ലാം ബാറ്റുകൊണ്ട് തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്.
എന്നാല്‍ ബൗളിങ് നിരയിലേക്ക് വരുമ്പോള്‍ പ്രതിസന്ധികളേറെ. അനുഭവസമ്പന്നരായ താരങ്ങളുടെ കുറവ് സിഎസ്‌കെയിലുണ്ട്. 14 കോടിക്ക് തിരിച്ചെത്തിച്ച ദീപക് ചഹാറിന്റെ പരിക്ക് ടീമിനെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. ജോഷ് ഹെയ്‌സല്‍വുഡിനെയും ലൂങ്കി എന്‍ഗിഡിയേയും കൈവിട്ട സിഎസ്‌കെ ഇത്തവണ ആശ്രയിക്കുന്നത് മുകേഷ് ചൗധരി, തുഷാര്‍ ദെശപാണ്ഡെ എന്നിവരെപ്പോലെയുള്ള യുവ പേസര്‍മാരെയാണ്. ശിവം ദുബെ ഓള്‍റൗണ്ടറെന്ന നിലയില്‍ വന്‍ പരാജയമായി മാറിക്കഴിഞ്ഞു.

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കറെ സിഎസ്‌കെ പഞ്ചാബിനെതിരേ പരീക്ഷിച്ചേക്കും. പേസ് ഓള്‍റൗണ്ടറായ താരത്തിന് സിഎസ്‌കെയുടെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ അവസാനം കാണാനായേക്കും. മുംബൈയിലെ എക്‌സ്ട്രാ പേസിന്റെ സാഹചര്യം വിലയിരുത്തി അതിവേഗ പേസര്‍മാരെ ഒപ്പം കൂട്ടാന്‍ സിഎസ്‌കെയ്ക്ക് സാധിക്കാത്തത് മെഗാ ലേലത്തില്‍ സംഭവിച്ച പിഴവ് തന്നെയാണ്.
പഞ്ചാബ് കിങ്‌സിലേക്ക് വരുമ്പോള്‍ സ്ഥിരതയാണ് പ്രശ്‌നം. ആദ്യ മത്സരത്തില്‍ ആര്‍സിബിക്കെതിരേ 200 റണ്‍സിന് മുകളില്‍ ചേസ് ചെയ്ത ജയിക്കാന്‍ പഞ്ചാബിനായി. എന്നാല്‍ കെകെആറിനോട് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. എടുത്തുപറയാന്‍ താരങ്ങളുണ്ടെങ്കിലും വിശ്വസ്തരെന്ന് ആരേയും വിളിക്കാന്‍ പറ്റാത്ത അവസ്ഥ. നായകന്‍ മായങ്ക് അഗര്‍വാള്‍ ഊജ്ജ സ്വലനായി കളത്തിലുണ്ടെങ്കിലും അതിനൊത്ത മികവിലേക്ക് ടീമിന് ഉയരാനാവുന്നില്ല.

ശിഖര്‍ ധവാന്റെ അവസാന രണ്ട് സീസണിലെ മികവ് ഇത്തവണയില്ല. ലിയാം ലിവിങ്സ്റ്റനും വാങ്ങിച്ച കോടികള്‍ക്കൊത്ത പ്രകടനം കാട്ടിയിട്ടില്ല. യുവതാരം രാജ് ബാവയുടെ പ്രടനം പ്രതീക്ഷ നല്‍കുന്നു. ഷാരൂഖ് ഖാന്‍ ബാറ്റുകൊണ്ട് കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. ഒഡീന്‍ സ്മിത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലും പ്രതീക്ഷ. കഗിസോ റബാഡ, അര്‍ഷദീപ് സിങ് എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിരയും ഭേദപ്പെട്ട പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവര്‍ തന്നെ. രണ്ട് ടീമിനും ജയം നിര്‍ണ്ണായകമായതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

സാധ്യതാ 11: സിഎസ്‌കെ-റുതുരാജ് ഗെയ്ക് വാദ്, റോബിന്‍ ഉത്തപ്പ, മോയിന്‍ അലി, അമ്പാട്ടി റായിഡു, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ഡ്വെയ്ന്‍ ബ്രാവോ, മുകേഷ് ചൗധരി, കെ എം ആസിഫ്.
പഞ്ചാബ് - മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ബനുക രാജപക്‌സ, ലിയാം ലിവിങ്സ്റ്റന്‍, രാജ് ബാവ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍/ റിഷി ധവാന്‍, ഒഡീന്‍ സ്മിത്ത്, കഗിസോ റബാഡ, അര്‍ഷദീപ് സിങ്, രാഹുല്‍ ചഹാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications