
2020ല്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതാണ്. നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് അദ്ദേഹം കളിക്കുന്നത്. 2020ല്‍ സിഎസ്‌കെ ആദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ ധോണിയുടെ ബാറ്റിങ്ങിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ മാത്രം ധോണി വേണ്ടെന്നും ബാറ്റിങ് മെച്ചപ്പെടുത്തണമെന്നുമുള്ള നിരവധി അഭിപ്രായങ്ങളാണുയര്‍ന്നത്. എന്നാല്‍ ഈ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കാന്‍ 2021 സീസണിലൂടെ ധോണിക്ക് സാധിച്ചു.

എല്ലാ പ്രമുഖരേയും വെട്ടിനിരത്തി കപ്പ് നേടിയാണ് ധോണി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ഇത്തവണയും ഇതേ നേട്ടം ആവര്‍ത്തിക്കാനാവുമെന്ന സജീവ പ്രതീക്ഷയിലാണ് സിഎസ്‌കെ. അവസാന സീസണില്‍ ഒപ്പമുണ്ടായിരുന്ന ഒട്ടുമിക്ക പ്രമുഖരെയും ഇത്തവണയും ഒപ്പം നിര്‍ത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടുണ്ട്. സുരേഷ് റെയ്‌ന, ഫഫ് ഡുപ്ലെസിസ് എന്നിവര്‍ മാത്രമാണ് ഇത്തവണ ഒപ്പമില്ലാത്ത പ്രമുഖര്‍. റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, മോയിന്‍ അലി, റുതുരാജ് ഗെയ്ക് വാദ്, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍ തുടങ്ങിയവരെല്ലാം ഇത്തവണയും ഒപ്പമുണ്ട്.

14 കോടിക്ക് സിഎസ്‌കെ തിരിച്ചെത്തിച്ച ദീപക് ചഹാറിന് നിലവില്‍ പരിക്കേറ്റിരിക്കുകയാണ്. സീസണിലെ ഭൂരിഭാഗം മത്സരങ്ങളോ സീസണ്‍ മുഴുവനായോ ദീപക്കിന് നഷ്ടമായേക്കും എന്നാണ് വിവരം. ഇത് സിഎസ്‌കെയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. അവസാന സീസണിലെ ബൗളിങ് നിരയില്‍ നിന്ന് വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ സിഎസ്‌കെ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ബൗളര്‍മാരുടെ പ്രകടനം കണ്ടുതന്നെ അറിയണം.

അവസാന സീസണിലെ ഒട്ടുമിക്ക താരങ്ങളും ഇത്തവണയും ഒപ്പമുള്ളതിനാല്‍ ടീമെന്ന നിലയില്‍ വേഗത്തില്‍ ഒത്തിണക്കത്തിലേക്കെത്താനും ധോണിക്കും സംഘത്തിനും സാധിക്കും. ഇത് ടീമിന് മുന്‍തൂക്കം നല്‍കുന്നു. കൂടാതെ ഗ്രൂപ്പ് ബിയിലാണ് സിഎസ്‌കെ ഉള്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാണ്. ഗ്രൂപ്പ് എയെ സംബന്ധിച്ച് ബി അല്‍പ്പം കൂടി എളുപ്പമാണ്. ഭാഗ്യവശാല്‍ ഗ്രൂപ്പ് ബിയിലാണ് സിഎസ്‌കെയുള്ളത്.

ആരാധകര്‍ കാത്തിരിക്കുന്ന മുംബൈ ഇന്ത്യന്‍സ്-സിഎസ്‌കെ മത്സരം ഏപ്രില്‍ 21നാണ് നടക്കുന്നത്. മെയ് 12നും ഇരു ടീമും നേര്‍ക്കുനേര്‍ എത്തും. ഇത്തവണയും സിഎസ്‌കെ കപ്പടിച്ചാല്‍ മുംബൈ ഇന്ത്യന്‍സിന്റെ അഞ്ച് കിരീടമെന്ന റെക്കോഡിനൊപ്പമെത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കും. അതുകൊണ്ട് തന്നെ ഇത്തവണ മുംബൈയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.
ശക്തമായ സുരക്ഷയൊരുക്കിയാണ് ഇത്തവണത്തെ ഐപിഎല്‍ സംഘടിപ്പിക്കുന്നത്. 2021ല്‍ ഇന്ത്യയില്‍ നടത്തിയ ഐപിഎല്ലിന്റെ ആദ്യ പാദം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ താരങ്ങളിലേക്ക് കോവിഡ് വ്യാപിക്കുകയും ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വരികയും ഇടവേളക്ക് ശേഷം യുഎഇയില്‍ ടൂര്‍ണമെന്റിന്റെ രണ്ടാം പാദം നടത്തുകയുമായിരുന്നു. ഇത്തവണ അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശക്തമായ കോവിഡ് ചട്ടങ്ങളും സുരക്ഷാക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications
